തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.
ഇന്ന് 1200-മാണ്ട് മകരം 29 ചൊവ്വാഴ്ച.
By Kuriakose Niranam
തിരുവല്ല: കഴിഞ്ഞ രണ്ടു വർഷങ്ങളായി മാത്യു തോമസിന്റെ എംഎൽഎയുടെ ദീർഘകാല വീക്ഷണത്തോടുകൂടിയുള്ള വികസന നടപടിയിലൂടെ തിരുവല്ലയുടെ പടിഞ്ഞാറൻ മേഖലയുടെ മുഖച്ഛായ തന്നെ മാറാൻ സാധ്യത. ഇതോടു കൂടി തിരുവല്ലയുടെ പടിഞ്ഞാറൻ മേഖലയുടെ യാത്രാസൗകര്യവും വർദ്ധിക്കും.
കടപ്ര,നിരണം ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡാണ് കടപ്ര വീയപുരം റോഡ്.ഉയർന്ന നിലവാരത്തിൽ, വെള്ളം കയറുന്ന സ്ഥലങ്ങൾ ഉയർത്തി നിർമ്മിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. കടപ്ര-വീയപുരം റോഡിൻ്റെ ആദ്യ ഭാഗം ഇപ്പോൾ ടെണ്ടർ ആയിട്ടുണ്ട്.കടപ്ര മുതൽ മുണ്ടനാരി ഗവൺമെൻറ് ഹോസ്പിറ്റൽ വരെയുള്ള ഭാഗമാണ് ടെണ്ടർ ആയിട്ടുള്ളത്.
ഈ റോഡിൻ്റെ ടെൻഡർ നടപടികൾ ചില കാരണങ്ങളാൽ തടസ്സം നേരിട്ടപ്പോൾ മാത്യു ടി തോമസ് എം എൽ എയുടെ പ്രത്യേക ഇടപെടൽ മൂലം മന്ത്രിസഭ തന്നെ
റോഡ് നിർമ്മാണത്തിന് അനുമതി നൽകുകയായിരുന്നു. കടപ്ര വിയപുരം റോഡിൻ്റെ രണ്ടാം ഭാഗമായ മുണ്ടനാരി ഹോസ്പിറ്റൽ മുതൽ ഇരതോട് പാലം വരെയുള്ള ഭാഗത്തിനും പണം അനുവദിച്ച് നടപടിക്രമങ്ങളിൽ ആണ്. ഉന്നത നിലവാരത്തിൽ പണിയുന്ന ഈറോഡ് പൂർത്തിയാകുന്നതോടുകൂടി കടപ്ര നിരണം പഞ്ചായത്തുകളിലെ ജനങ്ങളുടെ യാത്രാ സൗകര്യം വർദ്ധിക്കും. വെള്ളം കയറുന്ന ഭാഗങ്ങൾ ഉയർത്തിയാണ് റോഡ് നിർമ്മിക്കുന്നതിനാൽ വെള്ളപ്പൊക്ക സമയത്തുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാനും സാധിക്കും.പുനർ നിർമ്മിക്കുന്ന ദേശീയപാത 66 ലേക്ക് തിരുവല്ലയിൽ നിന്ന് കയറാവുന്ന ഏറ്റവും പ്രധാന റോഡായി ഇത് മാറും.
കുത്തിയതോട് പാലം പണി ഇപ്പോൾ നിർമ്മാണ ഘട്ടത്തിലാണ്. ഇത് പൂർത്തിയാകുന്നതോടുകൂടി ചെങ്ങന്നൂരിൽ നിന്ന് ആലപ്പുഴയിലേക്ക് പോകാവുന്ന ഏറ്റവും എളുപ്പമേറിയ റോഡ് ആയി മാറും.
കടപ്ര നിരണം പഞ്ചായത്തിന്റെ മുഖച്ഛായ തന്നെ ഈ പാലം പൂർത്തിയാകുന്നതോടെ കൂടി മാറ്റപ്പെടും.
ഉപദേശിക്കടവ് പാലത്തിന്റെ പണി പൂർത്തിയായിട്ടുണ്ട് ഇപ്പോഴത്തെ ബജറ്റിൽ
അപ്പ്രോച്ച് റോഡിനു വേണ്ടി പണം അനുവദിച്ചിട്ടുണ്ട്.കടപ്ര പഞ്ചായത്തിന്റെ ഒറ്റപ്പെട്ടു കിടന്ന പരുമല ഭാഗം കടപ്ര പഞ്ചായത്തിന്റെ പ്രധാനഭാഗത്തോട് ചേരുവാൻ ഈ പാലം സഹായിക്കും.മാത്രമല്ല പരുമലക്കടവിൽ പലപ്പോഴും ഉണ്ടാകുന്ന ഗതാഗത കുരുക്കിൽ വാഹനഗതാഗതം വഴിമാറ്റി വിടുവാനും ഈ പാലം സഹായിക്കും.തിരുവല്ല ഭാഗത്ത് നിന്നും പരുമല പള്ളിയിലേക്കും പര്യമല ആശുപത്രി ഭാഗത്തേക്കും പ്രധാന റോഡായി ഇത് മാറും.
ഇപ്രാവശ്യത്തെ ബജറ്റിൽ പണം അനുവദിച്ച് ഏറെ പ്രാധാന്യം നൽകിയ ഒരു റോഡാണ് ഡക്ക് ഫാം - ആലംതുരുത്തി കീച്ചേരിവാൽക്കടവ് റോഡ്.
ഉന്നത നിലവാരത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഈ റോഡിൻ്റെ നിർമ്മാണത്തോടെ പത്തനംതിട്ട ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളെ എംസി റോഡിലെ പ്രാവിൻകൂടിൽ നിന്ന് കടപ്രാ-വിയപുരം ലിങ്ക് റോഡിലേക്ക് ബന്ധിപ്പിക്കുകയും അത് ദേശീയപാത 66-ലേക്ക് എളുപ്പത്തിൽ പ്രവേശിക്കാവുന്ന ഒരു റോഡായി മാറുകയും ചെയ്യും.
പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറ് ഭാഗത്തെ
അമ്പലപ്പുഴ തിരുവല്ല റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിൻറെ ഭാഗമായ തോട്ടടി പാലത്തിനും ഇക്കുറി ബജറ്റിൽ പണം അനുവദിച്ചിട്ടുണ്ട്. നിരണം പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തിന്റെ മുഖച്ഛായ തന്നെ മാറ്റാൻ സഹായിക്കുന്നതായിരിക്കും തോട്ടടി കടവിൽ നിർമ്മിക്കുന്ന പാലം.ഇത് കൂടാതെ വട്ടടിക്കടവിലും പാലം നിർമ്മാണത്തിന്റെ സാധ്യത പഠനം നടത്തിയിട്ടുണ്ട്. ഇരതോട് - എടത്വ റോഡ് അടുത്തകാലത്ത് മുഖ്യമന്ത്രിയുടെ റോഡ് പദ്ധതിയിൽ ഉൾപെടുത്തി പൂർത്തീകരിച്ചിരുന്നു.
അമ്പലപ്പുഴ -തിരുവല്ല റോഡ് ഇപ്പോൾ ഉന്നത നിലവാരത്തിലാണ്.പൊടിയാടി മുതൽ സൈക്കിൾമുക്ക് വരെയുള്ള റോഡും ഉന്നത നിലവാരത്തിൽ ടാർ ചെയ്തിട്ടുണ്ട്. കടപ്ര,ആലന്തുരുത്തി ഭാഗത്തെ ഓടകളുടെ നിർമ്മാണവും പൂർത്തിയാകുന്നതോടെ വെള്ളക്കെട്ടിന്റെ പ്രശ്നവും അവസാനിച്ചു.
തേവേരി-പന്നായി റോഡ് അടുത്തകാലത്ത്
ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്.
വെള്ളം കയറുന്ന ഭാഗങ്ങൾ ഉയർത്തുന്നതിനും മറ്റും നാലു കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
ഈ റോഡുകളുടെ എല്ലാം പൂർത്തീകരണത്തോടുകൂടി തിരുവല്ലയുടെ പടിഞ്ഞാറൻ പ്രദേശമായ നിരണത്തിൻ്റെയും കടപ്രയുടെയും മുഖച്ഛായ തന്നെ മാറും.