ലതാ പ്രസാദ് അണയാത്ത ദീപം.
:ലതാ പ്രസാദ് നാടിന് നിറഞ്ഞ ഒരു സാന്നിദ്ധ്യമായിരുന്നു.നിറഞ്ഞ പുഞ്ചിരിയോടെ ഏവരോടും സൗമ്യമായി ഇടപ്പെടുന്ന വ്യക്തിത്വമായിരുന്നു ലതാ പ്രസാദിൻ്റേത്.അദ്ധ്യാപനവൃത്തിയിലൂടെയാണ് ലതാ പ്രസാദ് പൊതുരംഗത്തേക്ക് ഉയർന്നുവന്നത്. നിരണത്തെ നൂറുക്കണക്കിന് വിദ്യാർത്ഥികളെ മാത്തമറ്റിക്സ് പഠിപ്പിച്ച അദ്ധ്യാപക എന്ന നിലയിൽ ഒരു നല്ല ഗുരു ശിഷ്യബന്ധം നേടിയെടുത്തിരുന്നു.
1995 ൽ ആദ്യമായി ജനപ്രതിനിധിയായി.ഏറ്റവും നല്ല ഒരു ജനപ്രതിനിധി എന്ന നിലയിൽ ലതാ പ്രസാദ് ഏവരുടെയും പ്രശംസ നേടി എന്നുമാത്രമല്ല അത് അവരുടെ പ്രവർത്തനത്തിലൂടെ തെളിയിക്കുകയും ചെയ്തു.അതിനുള്ള ഏറ്റവും നല്ല തെളിവായിരുന്നു, തുടർച്ചയായി ആറ് തവണ ഒരേ വാർഡിൽ നിന്ന് ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിക്കുക എന്നത്.
2020 ൽ ചരിത്ര വിജയം നേടിയാണ് ലതാ പ്രസാദ് നിരണം പഞ്ചായത്ത് കിഴക്കുംമുറി ഏഴാം വാർഡിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത് പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്ത് വാർഡുകളിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം (583 വോട്ട്) നേടിയതായിരുന്നു ഈ വിജയത്തിന്റെ പ്രത്യേകത.
ഇലക്ഷന് മത്സരിക്കുന്ന അവസരത്തിൽ പോസ്റ്ററുകളോ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചാരണമോ ലതാ പ്രസാദ് നടത്തില്ലായിരുന്നു.വാർഡിലെ ഭൂരിഭാഗം വീടുകളിലും ഒരുതവണ നേരിട്ട് എത്തി വോട്ട് ചോദിക്കും.നാട്ടുകാർ തന്നെ ഏതാനും ഫ്ലെക്സ് അടിച്ച് പ്രധാന സ്ഥലങ്ങളിൽ ഒക്കെ സ്ഥാപിക്കും.
കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെയാണ് ജനപ്രതിനിധിയായി ഉയർന്നുവന്നത് എങ്കിലും രാഷ്ട്രീയ ഭേദമെന്യേ എല്ലാവരുടെയും ഒരു പ്രിയപ്പെട്ട നേതാവായിരുന്നു ലതാ പ്രസാദ്. നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി രണ്ടു തവണയും വൈസ് പ്രസിഡണ്ടായി ഒരു തവണവും തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ നിരണം പഞ്ചായത്ത് ഏഴാം വാർഡിലെ മെമ്പർ കൂടി ആയിരുന്നു. പ്രസിഡണ്ടായിരുന്ന കാലഘട്ടത്തിൽ പഞ്ചായത്തിലെ ഏതൊരു വാർഡിലും എന്തൊരു പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും ഓടിയെത്തുമായിരുന്നു.
2018 ലെ മഹാപ്രളയത്തിൽ നാട് വെള്ളത്തിൽ മുങ്ങപ്പെട്ടപ്പോൾ രാപ്പകൽ ഭേദമന്യേ സജീവമായി നിലകൊണ്ടു.വീടുകളിൽ കുടുങ്ങിപ്പായ നിരവധി ആളുകളെ രക്ഷാസ്ഥാനത്തേക്ക് കൊണ്ടെത്തിക്കുവാൻ ലതാ പ്രസാദ് ചെയ്ത പരിശ്രമങ്ങൾ ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല.വെള്ളം താഴ്ന്നു കഴിഞ്ഞപ്പോൾ നാടും പ്രദേശവും പൂർവസ്ഥിതിയിലാക്കുന്നതിന് വേണ്ടി ശ്രമകരങ്ങളായ നിരവധി പ്രവർത്തികളിൽ ഏർപ്പെട്ടു.വെള്ളപ്പൊക്കത്തിൽ നഷ്ടം സംഭവിച്ച നിരവധി പേർക്ക് നഷ്ട പരിഹാരം വാങ്ങി കൊടുക്കുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണ പദാർത്ഥങ്ങളും മറ്റും കെണ്ടെത്തിക്കുന്നതിൽ വിജയകരമായി പ്രവർത്തിച്ചു.
കോലറയാർ പുനരുജ്ജീവന പദ്ധതി ജനപങ്കാളിത്തത്തോടെ നടപ്പാക്കി. കോലറയാർ മാലിന്യം നിറഞ്ഞ് നീരൊഴുക്ക് നിലച്ചതോടെ നിരണത്തെ 1600 ഏക്കർ പാടശേഖരത്ത് കൃഷിക്ക് വെള്ളമില്ലാത്ത സ്ഥിതിയായി.ഇതിനു പരിഹാരമായാണ് നദി ശുചീകരണ പദ്ധതിയിട്ടത്. വാർഡുകൾ തോറും ജനകീയ കമ്മിറ്റികൾ രൂപീകരിച്ചാണ് നടപ്പാക്കിയത്.
കോവിഡ് കാലഘട്ടത്തിൽ പഞ്ചായത്തിൽ രോഗബാധ കൂടാതിരിക്കുവാൻ സജീവമായി പ്രവർത്തിച്ചു.
നിരണം ഗ്രാമപഞ്ചായത്തിലെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ജനകീയ നേതാവ് എന്ന നിലയിൽ എക്കാലവും ജന മനസ്സിൽ ലതാ പ്രസാദ് ജീവനോടെ നിലനിൽക്കും.
ഒരു ജനകീയ സമര വേളയിൽ ലത പ്രസാദ്👇
മാത്യൂ ടി തോമസ് എംഎൽഎ യോടൊപ്പം ഒരു ചടങ്ങിൽ👇
നിരണം ഗ്രാമപഞ്ചായത്ത് വെളിയിട വിമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുന്ന വേളയിലെ ചിത്രം👇