ഇന്നത്തെ വാർത്തകൾ.

ഇന്ന് 1200 മാണ്ട് തുലാം 18 ഞായറാഴ്ച.
വാർത്തകൾ ഒറ്റനോട്ടത്തിൽ.
by Saji Kuriakose 

◾കാനഡ ഇന്ത്യയെ സൈബര്‍ സുരക്ഷയുടെ പേരിൽ ശത്രുരാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ചൈന, റഷ്യ, ഇറാന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ അഞ്ചാമതായാണ് കാനഡയ്ക്ക് സൈബര്‍ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേരും ചേര്‍ത്തിരിക്കുന്നത്.തെളിവുകളില്ലാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കാനഡ ഉന്നയിക്കുന്നതെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

◾ മാറ്റിവെച്ച ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി നടത്താന്‍ തീരുമാനമായി. ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്താനുള്ള വിജ്ഞാപനവും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ആറു സ്ഥലങ്ങളിലായിട്ടായിരിക്കും വള്ളംകളി നടക്കുക. ആദ്യ മത്സരം നവംബര്‍ 16ന് താഴത്തങ്ങാടിയില്‍ നടക്കും. നവംബര്‍ 16ന് ആരംഭിക്കുന്ന സിബിഎല്‍ ഡിസംബര്‍ 21നായിരിക്കും സമാപിക്കുക.

◾വീയപുരത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. ആനാരി വലിയ പറമ്പില്‍ ശ്യാമള ഉത്തമന്‍ (58) ആണ് ജോലിക്കിടെ ഇടിമിന്നലേറ്റ് മരിച്ചത്. അതിശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരം കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം കയറി. കോഴിക്കോട് ചാത്തമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീടുകളും വാഹനങ്ങളും തകര്‍ന്നു. പത്തനംതിട്ടയിലെ മലയോര മേഖലകളിലും കനത്ത മഴ. 

◾ സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ തമിഴ്നാടിനും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. അതിനാല്‍ നവംബര്‍ 5 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

◾ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ സാരമായി പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ മരണപ്പെട്ടു. നാല്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ് വെന്റിലേറ്ററിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സന്ദീപ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് മരണം സ്ഥിരീകരിച്ചത്.

◾ പിപി ദിവ്യ കണ്ണൂര്‍ സര്‍വകലാശാല സെനറ്റില്‍ അംഗമായി തുടരുന്നതില്‍ ഗവര്‍ണ്ണര്‍ വിശദീകരണം തേടി. കണ്ണൂര്‍ വിസിയോടാണ് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജിവെച്ച ദിവ്യ, ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ജയിലിലായത്. സെനറ്റ് അംഗത്വത്തില്‍ നിന്നും ദിവ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിരുന്നു. 

◾ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായ്ക്ക് വിട നല്‍കി കേരളം. ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് പുത്തന്‍കുരിശ് മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് തുടക്കമായത്. 5.40ഓടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. പാത്രിയര്‍ക്കീസ് സെന്ററിനോട് ചേര്‍ന്ന കത്തീഡ്രലില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ ആണ് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായെ കബറടക്കിയത്.

◾ പാലക്കാട്ടെ കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്ക് മാധ്യമ സൃഷ്ടിയെന്ന് കെ.സി.വേണുഗോപാല്‍. ഇതിനുള്ള ഉത്തരം നവംബര്‍ 23 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാനാകും . കൊടകര കേസില്‍ കുഴല്‍പണ ഇടപാട് വ്യക്തമായിട്ടും ഇ.ഡിയും ആദായ നികുതി വകുപ്പുമടക്കം കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നില്ലെന്നും സംസ്ഥാന പൊലീസ് അന്വേഷണവും ഇക്കാര്യത്തില്‍ പ്രഹസനമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

◾ കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീശന്റെ മൊഴിയെടുക്കാനുള്ള നീക്കം അന്വേഷണസംഘം തുടങ്ങി. മൊഴിയെടുക്കുന്നതിനായി ഹാജരാകാന്‍ തിരൂര്‍ സതീശന് പൊലീസ് നിര്‍ദേശം നല്‍കി. 

◾ കൊടകര കുഴല്‍പ്പണക്കേസിലെ തുടരന്വേഷണം ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഉണ്ടയില്ലാ വെടി മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. നേരത്തെ പിണറായിയുടെ പൊലീസ് ബിജെപി സംസ്ഥാന അധ്യക്ഷനെ സാക്ഷിയാക്കി കേസെടുത്ത് വെള്ളപൂശിയെടുത്ത സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്തുന്നത് പ്രഹസനമാണ്. 

◾ മൊബൈല്‍ ആപ്പിലൂടെ മസ്റ്ററിംഗ് നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ജി ആര്‍ അനില്‍. മേരാ കെ വൈ സി മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നവംബര്‍ മുപ്പതിനുള്ളില്‍ കേരളത്തിലുള്ള മുഴുവന്‍ എ എ വൈ, പി എച്ച് എച്ച് ഗുണഭോക്താക്കളുടെയും മസ്റ്ററിംഗ് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. 

◾ ആംബുലന്‍സ് വിവാദത്തില്‍ സുരേഷ് ഗോപിക്കെതിരെ, വിഎസ് സുനില്‍കുമാര്‍. പൂരപ്പറമ്പില്‍ ഗുണ്ടകള്‍ ആക്രമിച്ചെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് സുനില്‍കുമാര്‍ ആരോപിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചൂടോടെ പരാതി നല്‍കിയ കേന്ദ്രമന്ത്രി എന്തുകൊണ്ട് ഗുണ്ടകള്‍ ആക്രമിച്ചിട്ട് മിണ്ടാതിരുന്നതെന്നും ഈ വിഷയത്തില്‍ പൊലീസ് അന്വേഷിക്കണമെന്നും സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. 

◾ പൂരം നടത്തിപ്പില്‍ വരുന്ന ജൈവ മാലിന്യങ്ങള്‍ ദേവസ്വങ്ങള്‍ സംസ്‌കരിക്കണമെന്ന് ജില്ലാ ഭരണകൂടം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടര്‍ കത്ത് നല്‍കി. 

◾ തിരുവമ്പാടിയും പാറമേക്കാവും മാത്രമല്ല കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എട്ടു ഘടക പൂരങ്ങളും ചേര്‍ന്നാണ് പൂരം നടത്തുന്നതെന്നും അതിനാല്‍ ജൈവ മാലിന്യങ്ങള്‍ ദേവസ്വങ്ങള്‍ സംസ്‌കരിക്കണമെന്ന ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി. 

◾ സംസ്ഥാനത്ത് ഡിജിറ്റല്‍ ലൈസന്‍സ് സംവിധാനം നിലവില്‍ വന്നു. പുതുതായി ലൈന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ഇനി മുതല്‍ പ്രിന്റഡ് ഡ്രൈവിങ് ലൈസന്‍സ് നല്‍കില്ല. ഡ്രൈവിങ് ടെസ്റ്റ് വിജയിച്ച് കഴിഞ്ഞാല്‍ വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

◾ ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലുപേര്‍ മരിച്ചു. ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിന്‍ തട്ടി സേലം സ്വദേശികളായ ലക്ഷ്മണന്‍, വള്ളി, റാണി, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്. ഇതില്‍ മൂന്നുപേരുടെ മൃതദേഹം കിട്ടി.പാലത്തില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ട്രെയിന്‍ വന്ന് ഇടിക്കുകയായിരുന്നു. 

◾ ശുചീകരണ തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ കാണാതായ ഒരാള്‍ക്കായുള്ള ഇന്നലത്തെ തിരച്ചില്‍ നിര്‍ത്തിവെച്ചു. ട്രെയിന്‍ തട്ടി ഭാരതപുഴയില്‍ വീണുവെന്ന് സംശയിക്കപ്പെടുന്ന ശുചീകരണ തൊഴിലാളിയായ സേലം സ്വദേശിയായ ലക്ഷ്മണന്‍ (48) എന്നയാള്‍ക്കായായാണ് ഫയര്‍ഫോഴ്സ് തെരച്ചില്‍ നടത്തിയത്. ട്രെയിന്‍ ഇടിച്ചശേഷം ഇയാള്‍ പുഴയില്‍ വീണുവെന്നാണ് സംശയിക്കുന്നത്.

◾ ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് റെയില്‍വെ. ട്രെയിന്‍ തട്ടിയുണ്ടായ അപകടം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് റെയില്‍വെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. രണ്ടു പേരെയാണ് ട്രാക്കില്‍ കണ്ടതെന്നാണ് ലോക്കോ പൈലറ്റ് നല്‍കിയ വിവരമെന്നും റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

◾ സംസ്ഥാനത്ത് വീണ്ടും ട്രെയിന്‍ തട്ടി ഒരു മരണം. മലപ്പുറം താനൂര്‍ മുക്കോലയിലാണ് ട്രെയിന്‍ തട്ടി താനൂര്‍ പരിയാപുരം സ്വദേശി ഷിജില്‍ (29 ) മരിച്ചത്. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് അപകമുണ്ടാടയത്. 

◾ സിപിഎം പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് ബിജെപി കൗണ്‍സിലര്‍. ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിലെ കൗണ്‍സിലര്‍ കെ.വി. പ്രഭയാണ് പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തത്. നഗരസഭ ഭരണത്തിന് എതിരെയാണ് സിപിഎം ധര്‍ണ്ണ നടത്തിയത്. ഭരണസമിതിക്ക് എതിരെ പരസ്യ നിലപാട് എടുത്തതിന് പ്രഭയെ ബിജെപി നേതൃത്വം സസ്പെന്‍ഡ് ചെയ്തിരുന്നു. 

◾ സമസ്തയിലെ വിവാദങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെന്നും സമസ്തയെ ഇക്കാര്യത്തില്‍ കുറ്റം പറയില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം . ഏതു സംഘടനയായാലും ലീഗിനെ കുറ്റം പറഞ്ഞാല്‍ ഞങ്ങള്‍ എതിര്‍ക്കും. ചേലക്കരയില്‍ സിപിഎമ്മിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുമെന്നും പിഎംഎ സലാം പറഞ്ഞു.ബിജെപിക്കാര്‍ എവിടെയും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾ വിഴിഞ്ഞം തുറമുഖത്തിനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പയായി മാത്രമേ തരാനാകൂയെന്ന കേന്ദ്ര നിലപാട് കേരളത്തോടുള്ള ചതിയാണെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. പദ്ധതിയുടെ ഗുണഭോക്താക്കള്‍ കേരളമല്ല, കേന്ദ്ര സര്‍ക്കാരാണ് എന്നുപോലും മനസിലാക്കാതെയാണ് കേന്ദ്രം നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

◾ ഹിന്ദുഐക്യവേദി നേതാവ് അശ്വിനികുമാര്‍ വധക്കേസിലെ പ്രധാന പ്രതികളെയെല്ലാം കോടതി വെറുതെ വിടാന്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ പോപ്പുലര്‍ഫ്രണ്ടുമായി ഒത്തുകളിച്ചതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. പിണറായി വിജയന്‍ സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടുമായി ഒത്തു കളിച്ചതാണ് ഇത്തരത്തിലുള്ള ഒരു വിധി വരാന്‍ കാരണം എന്നും അദ്ദേഹം പറഞ്ഞു .

◾ കൊച്ചി വാട്ടര്‍ മെട്രോ മാതൃകയില്‍ താപി നദിയില്‍ വാട്ടര്‍ മെട്രോ പദ്ധതി നടപ്പാക്കാന്‍ സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. 33 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വാട്ടര്‍ മെട്രോ സംവിധാനമാണ് ആലോചിക്കുന്നത്. ഇതിനായി സൂറത്തില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘം അടുത്ത ദിവസം കൊച്ചിയിലെത്തും. രാജ്യത്തെ രണ്ടാമത്തെ വാട്ടര്‍ മെട്രോ സിറ്റിയാകാനുള്ള ഒരുക്കത്തിലാണ് സൂറത്ത്.

◾ ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ എട്ടടിയോളം ഉയരമുള്ള കൂറ്റന്‍ പാറക്കല്ല് റോഡിലേയ്ക്ക് പതിച്ചു. വേലത്തുശ്ശേരിക്ക് സമീപമാണ് റോഡിലേക്ക് വലിയ പാറക്കല്ല് ഉരുണ്ട് വീണത്. റോഡിന്റെ മുകള്‍ വശത്തെ തോടില്‍ക്കൂടി ഉരുണ്ടെത്തിയ കല്ല് റോഡിന്റെ മധ്യഭാഗത്തേക്ക് വീഴുകയായിരുന്നു. സംഭവസമയത്ത് റോഡില്‍ തിരക്ക് കുറവായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. 

◾ ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയെ വിളിച്ച് വരുത്തി വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിച്ചത്.

◾ ദില്ലി നഗരത്തിലെ പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്ന കേന്ദ്രങ്ങള്‍ അധികൃതര്‍ അടച്ചു പൂട്ടാനൊരുങ്ങുന്നു . രോഗവ്യാപന സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. ദില്ലിയിലെ ഐകോണിക് കാഴ്ചകളിലൊന്നാണിത്. നഗരത്തില്‍ വിവിധയിടങ്ങളിലായി ഇത്തരത്തില്‍ പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്ന കേന്ദ്രങ്ങളുണ്ട്. 

◾ തമിഴ്‌നാട് പര്യടനത്തിനൊരുങ്ങി നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ഡിസംബര്‍ രണ്ടിന് കോയമ്പത്തൂരില്‍ നിന്നാണ് യാത്രയുടെ തുടക്കം. ഡിസംബര്‍ 27ന് തിരുനെല്‍വേലിയിലാണ് മെഗാറാലിയോടെ സമാപനം. ടിവികെ പാര്‍ട്ടിയുടെ ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ വേണ്ടിയാണ് പര്യടനം.

◾ കര്‍ണാടകയില്‍ നിര്‍മിക്കുന്ന എല്ലാ ഉത്പന്നങ്ങളുടെ പാക്കറ്റിലും മാതൃഭാഷയായ കന്നഡയില്‍ ലേബല്‍ പതിപ്പിക്കണമെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ. വെള്ളിയാഴ്ച നടന്ന കന്നഡ രാജ്യോത്സവ ആഘോഷപരിപാടിയിലാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്.

◾ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏക്‌നാഥ് ഷിന്ദേ നയിക്കുന്ന ശിവസേനയും ഉദ്ധവ് താക്കറേ അധ്യക്ഷനായ ശിവസേന (യു.ബി.ടി.)യും നേരിട്ട് ഏറ്റുമുട്ടുക 49 സീറ്റുകളിലെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 19 മണ്ഡലങ്ങള്‍, അവിഭക്ത ശിവസേനയുടെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന മുംബൈ മെട്രോപൊളിറ്റന്‍ റീജിയണിലാണ്.

◾ ജമ്മു കശ്മീരില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ മൂന്നിടങ്ങളില്‍ ഏറ്റമുട്ടല്‍. ശ്രീനഗര്‍, അനന്തനാഗ്, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍. അനന്തനാഗില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു മേഖലയില്‍ മുപ്പതിടങ്ങളില്‍ സൈന്യത്തിന്റെ തെരച്ചില്‍ നടപടികള്‍ തുടരുകയാണ്. 

◾ ജമ്മു കശ്മീരില്‍ വര്‍ധിക്കുന്ന ഭീകരാക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളെ കണ്ടെത്താന്‍ ഭീകരവാദികളെ കൊലപ്പെടുത്തുകയല്ല പകരം ജീവനോടെ പിടികൂടുകയാണ് വേണ്ടതെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള. 

◾ ഇറാനിലെ ഡ്രസ് കോഡിനെതിരായ പ്രതിഷേധത്തില്‍ ഇറാനിയന്‍ സര്‍വകലാശാലയില്‍ യുവതി മേല്‍ വസ്ത്രമഴിച്ച് പ്രതിഷേധിച്ചു. ഇസ്ലാമിക് ആസാദ് യൂണിവേഴ്‌സിറ്റിയുടെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ യുവതിയെ തടഞ്ഞുവെക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിര്‍ബന്ധിത ഹിജാബിനെതിരെയുള്ള പ്രതികരണമാണ് യുവതിയുടെ പ്രതിഷേധമെന്ന് ലെയ് ലാ എന്ന യുവതി എക്സില്‍ കുറിച്ചു.

◾ ഇന്ത്യ-ന്യൂസീലന്‍ഡ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ന്യൂസിലാണ്ടിന്റെ ഒന്നാമിന്നിംഗ്സ് സ്‌കോറായ 235 നെതിരെ ഇന്ത്യ ഇന്നലെ 263 റണ്‍സെടുത്ത് എടുത്ത് പുറത്തായിരുന്നു. തുടര്‍ന്ന് രണ്ടാമിന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാണ്ട് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 171 ന് 9 എന്ന നിലയിലാണ്. ഒരൊറ്റ വിക്കറ്റ് മാത്രം ശേഷിക്കെ കിവീസിന് 143 റണ്‍സ് മാത്രം ലീഡേയുള്ളൂ. 

Popular posts from this blog

ലതാ പ്രസാദ് അണയാത്ത ദീപം.

Stem Cell ൻ്റെ പേരിൽ ഏതോ രാസവസ്തുക്കൾ മലേഷ്യൻ കമ്പനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് കേരളത്തിൽ വൻതോതിൽ വിറ്റഴിക്കുന്നു.

പ്രധാന വാർത്തകൾ.