ഇന്നത്തെ സായാഹ്ന വാർത്തകൾ .

കോൺഗ്രസ് വോട്ടർ പട്ടിക അപൂർണ്ണമെന്ന് പരാതി.

◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ വോട്ടര്‍ പട്ടിക അപൂര്‍ണമെന്ന് പരാതി. ഒമ്പതിനായിരത്തിലധികം പേരുള്ള വോട്ടര്‍ പട്ടികയില്‍ മൂവായിരത്തിലേറെ പേരുടെ വിലാസമോ ഫോണ്‍ നമ്പറോ ലഭ്യമല്ലെന്നാണ് പരാതി.

വിഴിഞ്ഞം സമരം മൂലം ഉണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കണമെന്ന് അദാനി ഗ്രൂപ്പ്.

◾വിഴിഞ്ഞം സമരം മൂലമുണ്ടായ നഷ്ടം സമരത്തിനു നേതൃത്വം നല്‍കുന്ന ലത്തീന്‍ അതിരൂപതയില്‍നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സര്‍ക്കാരിനു കത്തു നല്‍കി. തീരജനതയോടുള്ള വെല്ലുവിളിയാണ് വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡിന്റെ നടപടിയെന്ന് ലത്തീന്‍ അതിരൂപത പ്രതികരിച്ചു. നഷ്ടം 100 കോടി രൂപയിലധികമാണെന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം.

◾ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികളുടെ സമരംമൂലം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ അദാനി ഗ്രൂപ്പിനെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു ക്ഷണിച്ചു. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി അദാനി പോര്‍ട്സ് ലിമിറ്റഡ് സിഇഒ രാജേഷ് ജാ വ്യാഴാഴ്ച ചര്‍ച്ച നടത്തും.

തുറമുഖ നിർമ്മാണം മൂലമുണ്ടായ നഷ്ടം നികത്തണമെന്ന് അതിരൂപത.

◾തുറമുഖ നിര്‍മാണംമൂലം മല്‍സ്യത്തൊഴിലാളികള്‍ക്കുണ്ടായ നഷ്ടം നികത്താതെ മുന്നോട്ടു പോകാനാവില്ലെന്ന് സമരസമിതി നേതാവും തിരുവനന്തപുരം അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിന്‍ പെരേര. കടലേറ്റംമൂലം കിടപ്പാടം കടലെടുത്തു. തൊഴിലും നഷ്ടമായി. ഈ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം പരിഹരിക്കാന്‍ തയാറാകാത്ത സര്‍ക്കാരാണ് യഥാര്‍ത്ഥ കുറ്റക്കാരെന്ന് അദ്ദേഹം പറഞ്ഞു.

◾മോട്ടോര്‍ വാഹന വകുപ്പിലെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും ആറു മണിക്കൂര്‍ ഫീല്‍ഡില്‍ എന്‍ഫോഴ്സ്മെന്റ് ജോലി നിര്‍ബന്ധമാക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. മിനിസ്റ്റീരിയല്‍ ജോലിയില്‍നിന്ന് ഈ ഉദ്യോഗസ്ഥരെ ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് അമിക്കസ് ക്യൂറിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

വ്യാജ ഒപ്പും സീലും ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. 

◾കൊല്ലം കോര്‍പ്പറേഷനില്‍ സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. ട്രഷറി ഉദ്യോഗസ്ഥരാണ് കൃത്രിമം കണ്ടെത്തിയത്. അമൃത് പദ്ധതിയില്‍ പൊതുമരാമത്ത് പണി ഏറ്റെടുത്ത കരാറുകാരന്‍ കോര്‍പ്പറേഷനില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി കെട്ടിവച്ച പണം കാലാവധി കഴിയും മുന്‍പ് ഉദ്യോഗസ്ഥര്‍ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് കൈമാറി നല്‍കാന്‍ ശ്രമിച്ചതോടെയാണ് തട്ടിപ്പുവിവരം പുറത്തായത്.

◾തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ എം.ജി റോഡില്‍ സ്വകാര്യ ഹോട്ടലിനു പാര്‍ക്കിംഗ് അനുവദിച്ച് കോര്‍പറേഷന്‍ മേയര്‍. പൊതുമരാമത്തു വകുപ്പിന്റെ റോഡാണ് അയ്യായിരം രൂപ മാസ വാടക ഈടാക്കി കോര്‍പറേഷന്‍ അനധികൃതമായി പാര്‍ക്കിംഗിനു നല്‍കിയത്. ആയുര്‍വേദ കോളജിന് എതിര്‍വശത്ത് ദേവസ്വം ബില്‍ഡിംഗില്‍ തുടങ്ങിയ ഹോട്ടലിനാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ പാര്‍ക്കിംഗിനു സ്ഥലം അനുവദിച്ച് കരാറില്‍ ഒപ്പിട്ടത്.

ഓപ്പറേഷനിൽ പിഴവ് വീണ്ടും.

◾പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറില്‍ കണ്ടെത്തിയത് കത്രികയല്ല, മോസ്‌ക്വിറ്റോ ആര്‍ട്ടറി ഫോര്‍സെപ്സ് എന്ന ഉപകരണമാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഇ.വി ഗോപി. യുവതിക്കു മറ്റു രണ്ട് ആശുപത്രികളില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. മെഡിക്കല്‍ കോളജില്‍നിന്നാണ് പിഴവ് സംഭവിച്ചതെന്ന് തീര്‍ത്തു പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുപ്പതുകാരിയായ കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിനയുടെ വയറില്‍ ഉപകരണം മറന്നുവച്ച സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയിയെ നിയോഗിച്ചിട്ടുണ്ട്.

◾വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ കുറ്റക്കാരായ ഡോക്ടര്‍മാര്‍ അടക്കമുള്ളവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കി യുവതിക്കു നല്‍കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ പി സതീദേവി. കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ വിളിച്ച് കാര്യങ്ങള്‍ തിരക്കി. ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെടും. അവര്‍ പറഞ്ഞു.

◾കൊടൈക്കനാലിലേക്കു വിനോദയാത്രക്കു പുറപ്പെട്ട ടൂറിസ്റ്റു ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. എറണാകുളം എടത്തല എംഇഎസ് ബിഎഡ് കോളജില്‍നിന്ന് യാത്ര പുറപ്പെട്ട ‘എക്സ്പോഡ്’ എന്ന ബസാണ് ആലുവയില്‍ പിടിയിലായത്. വിദ്യാര്‍ത്ഥികളെ ബസില്‍നിന്ന് ഇറക്കിവിട്ടു. ബോഡിയുടെ നിറംമാറ്റി, നിയമവിരുദ്ധമായി ലൈറ്റുകള്‍, ഉയര്‍ന്ന ശബ്ദസംവിധാനം എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ബസ് കസ്റ്റഡിയിലെടുത്തത്.

◾ഇളയ മകളുടെ വിവാഹത്തിനായി അമ്മ വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മൂത്തമകളെയും മരുമകനേയും അറസ്റ്റു ചെയ്തു. തിരുവനന്തപുരം കരമന കുന്നിന്‍പുറം ഭാഗത്ത് കിരണ്‍ രാജ് (26), ഭാര്യ ഐശ്വര്യ (22) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഐശ്വര്യയുടെ കുടുംബവീടായ ഏറ്റുമാനൂര്‍ പേരൂരില്‍ ഓണാവധിക്ക് പോയപ്പോഴായിരുന്നു ആഭരണങ്ങള്‍ അപഹരിച്ചത്.

◾ചാലക്കുടി ദേശീയ പാതയില്‍ 185 കുപ്പി മാഹി മദ്യവുമായി രണ്ടു പേര്‍ പിടിയില്‍. വടകര സ്വദേശി രാജേഷും മാഹി സ്വദേശി അരുണുമാണ് പിടിയിലായത്. അരുണ്‍ ടാറ്റൂ ആര്‍ട്ടിസ്റ്റാണ്. രാജേഷിനെ മൂന്നു മാസം മുമ്പ് മദ്യക്കടത്തിന് പൊലീസ് പിടികൂടിയിരുന്നു. എറണാകുളം ഭാഗത്തേക്ക് കാറില്‍ മദ്യം കടത്തുന്നതിനിടെയാണ് പിടികൂടിയത്.

◾കോഴിക്കോട്ടെ അത്തോളിയില്‍ നബിദിന റാലിക്കു മധുരം നല്‍കി ക്ഷേത്രകമ്മിറ്റി. കൊങ്ങന്നൂര്‍ ബദര്‍ ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നബിദിന റാലിക്കാണ് ശ്രീ എടത്തുപറമ്പത്ത് കോട്ടയില്‍ ഭഗവതി ക്ഷേത്ര ഭാരവാഹികള്‍ പായസം വിതരണം ചെയ്തത്. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ കെ ദയാനന്ദന്‍, ബദര്‍ ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദലി ബാക്കവിയ്ക്ക് മധുരം നല്‍കി ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്ഐ- ആര്‍എസ്എസ് സംഘര്‍ഷം.

◾ആലപ്പുഴ ചെട്ടികുളങ്ങരയില്‍ ഇന്നലെ രാത്രിയുണ്ടായ ഡിവൈഎഫ്ഐ- ആര്‍എസ്എസ് സംഘര്‍ഷത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. ഡിവൈഎഫ്ഐ ചെട്ടികുളങ്ങര മേഖലാ സെക്രട്ടറി ഗോകുല്‍ കൃഷ്ണനെ ആക്രമിച്ചതിന് തുഷാര്‍ ,അഖില്‍, വിഷ്ണു എന്നിവരെയാണ് പിടികൂടിയത്.

◾കൊച്ചി കോര്‍പറേഷന്‍ മേയറും സിപിഎം നേതാവുമായ അഡ്വ എം അനില്‍കുമാറിന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തു. മേയര്‍ കൊച്ചി സിറ്റി പൊലീസ് സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

◾കായംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ആശുപത്രിയിലെ ഈവനിംഗ് ഓ പിയിലെ ചിറക്കടവം സ്വദേശി ഡോ. ശ്രീരാജാണ് ആത്മഹത്യ ചെയ്തത്. അമ്മ ഈയിടെ മരിച്ചതിന്റെ വിഷാദത്തിലായിരുന്നു ശ്രീരാജ്.

◾മലേഷ്യയില്‍നിന്ന് കടലാമകള്‍, ആമകള്‍, പെരുമ്പാമ്പ്, പല്ലികള്‍ എന്നിവയുള്‍പ്പെടെ 665 ജീവികളെ കള്ളക്കടത്ത് നടത്തിയ രണ്ടു പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. കടത്തിയതില്‍ 120 ജീവികള്‍ ചത്തു. പിടിച്ചെടുത്ത ജീവികള്‍ക്ക് 2.98 കോടി രൂപ മൂല്യമുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം. ധാരാവി സ്വദേശി ഇമ്മന്‍വേല്‍ രാജ, മസ്ഗാവ് സ്വദേശി വിക്ടര്‍ ലോബോ എന്നിവരാണ് അറസ്റ്റിലായത്.

◾കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഭയക്കാതെ വോട്ട് ചെയ്യണമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. രഹസ്യ ബാലറ്റായതിനാല്‍ ആര്‍ ആര്‍ക്കു വോട്ടു ചെയ്തെന്ന് കണ്ടെത്താനാവില്ലെന്നും തരൂര്‍ പറഞ്ഞു. മുംബൈയില്‍ എത്തിയ ശശി തരൂരിനെ കാണാന്‍ മുതിര്‍ന്ന നേതാക്കള്‍ എത്തിയില്ല. പല നേതാക്കളുമായി ഫോണില്‍ സംസാരിച്ചെന്നു തരൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുംബൈയില്‍ പ്രചരണത്തിനെത്തിയപ്പോള്‍ പിസിസി ഒന്നടങ്കം സ്വീകരിക്കാന്‍ എത്തിയിരുന്നു.

◾ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പെരുമഴ, വെള്ളപ്പൊക്കം. ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് ശക്തമായ മഴ. രണ്ടു ദിവസം മഴ തുടരുമെന്നാണു പ്രവചനം.

◾ഉത്തര്‍പ്രദേശിലെ റോഡുകള്‍ 2024 നു മുമ്പ് അമേരിക്കയിലെ റോഡുകളേക്കാള്‍ മികച്ചതാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഉത്തര്‍പ്രദേശിനായി 8,000 കോടി രൂപയുടെ റോഡ് പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ 81-ാം സമ്മേളനത്തില്‍ സംസാരിക്കവെയാണ് നിതിന്‍ ഗഡ്കരി വമ്പന്‍ പാക്കേജ് പ്രഖ്യാപിച്ചത്.

◾തെരുവു നായ്ക്കള്‍ക്കുള്ള ബഹുമാനം പോലും മുസ്ലീങ്ങള്‍ക്കില്ലെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ബിജെപി സര്‍ക്കാര്‍ ഭരിക്കുന്നിടത്തെല്ലാം മുസ്ലീങ്ങള്‍ തുറന്ന ജയിലില്‍ കഴിയുന്നതുപോലെയാണ്. ഇതാണോ നമ്മുടെ ബഹുമാനം? ഒരു മുസ്ലിമിന് സമൂഹത്തില്‍ ബഹുമാനമില്ലേ? ഇതാണോ രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും നിയമവാഴ്ചയുമെന്നും അദ്ദേഹം ചോദിച്ചു.

◾ലക്‌നോവില്‍ മൂന്നു മാസം മുമ്പു ബലാത്സംഗം ചെയ്യപ്പെട്ട് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ തീകൊളുത്തികൊന്നു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയില്‍ കുരവലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കൊലപാതകത്തില്‍ പ്രതിയുടെ അമ്മയുള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസെടുത്തു.

◾ഡല്‍ഹിയില്‍ മാലിന്യ കൂമ്പാരത്തില്‍ നിന്ന് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയ ഉടന്‍ തന്നെ വസന്ത് കുഞ്ചിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കുഞ്ഞ് ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നു.

◾ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരം ഇന്ന് റാഞ്ചിയില്‍. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. ബൗളിങ് ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദ് ഇന്ത്യക്കായി ഇന്നത്തെ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചു.


Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ