ഏറ്റവും പുതിയ വാർത്തകൾ
ഇലക്ടറല്‍ ബോണ്ടുകളില്‍ സര്‍വ്വത്ര ദുരൂഹത.
◾ ഇലക്ടറല്‍ ബോണ്ടുകളില്‍ സര്‍വ്വത്ര ദുരൂഹത. ഏറ്റവും കൂടുതല്‍ ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങിയ ആദ്യ അഞ്ചു കമ്പനികളില്‍ മൂന്നു കമ്പനികളും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്നവയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാരിന്റെ വന്‍ കരാറുകള്‍ കിട്ടുന്നതിന് തൊട്ട് മുമ്പോ ശേഷമോ ആണ് ചില സ്ഥാപനങ്ങള്‍ കോടികള്‍ ബോണ്ട് വഴി സംഭാവന ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ വാങ്ങിയ ആദ്യ അഞ്ചു കമ്പനികളിലുള്ള ഫ്യൂച്ചര്‍ ഗെയിമിംഗ്, മേഘാ എഞ്ചിനീയറിംഗ്, വേദാന്ത എന്നീ മൂന്ന് കമ്പനകിള്‍ ഇഡിയുടേയും ആദായ നികുതി വകുപ്പിന്റേയും റഡാറിലുണ്ടായിരുന്നവയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപി നടത്തിയത് വൻതട്ടിപ്പ് '
സീതാറാം യെച്ചൂരി.
◾അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിച്ച് ബിജെപി കമ്പനികളുടെ കയ്യില്‍ നിന്നും പണം തട്ടിയെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂ /രി. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇലക്ടറല്‍ ബോണ്ടുകളിലൂടെ നടന്നതെന്നും യെച്ചൂരി ആരോപിച്ചു. നിരവധി ചോദ്യങ്ങളുയര്‍ത്തുന്നതാണ് പുറത്ത് വന്ന രേഖകളെന്നും യെച്ചൂരി പ്രതികരിച്ചു.
◾ ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അപൂര്‍ണമായതിനാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് വീണ്ടും നോട്ടീസ് നല്‍കി സുപ്രീം കോടതി. നോട്ടീസിന് എസ്ബിഐ തിങ്കളാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം. പ്രസിദ്ധീകരിച്ച രേഖകളില്‍ എന്തുകൊണ്ടാണ് സീരിയല്‍ നമ്പറുകള്‍ ഇല്ലാത്തതെന്നും, എല്ലാ രേഖകളും മാര്‍ച്ച് 17 നകം പ്രസിദ്ധീകരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശം നല്‍കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇലക്ടറല്‍ ബോണ്ടുകളുടെ സീരിയല്‍ നമ്പറുകള്‍ പുറത്തുവിട്ടാല്‍ ബോണ്ട് നല്‍കിയതാരാണെന്നും പണം ഏത് പാര്‍ട്ടിയുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും വ്യക്തമാകും.
തെരഞ്ഞെടുപ്പ് കമ്മീഷണർമാർ അധികാരമേറ്റു.
◾ കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐ എസ് എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവര്‍ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ചുമതലയേറ്റു. തെരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് ആലോചിക്കാന്‍ ഉടന്‍ യോഗം ചേരുമെന്നും, വോട്ടെടുപ്പിന് പൂര്‍ണ്ണ സജ്ജമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മൂന്നംഗ സമിതിയാണ് ഇവരെ പുതിയ കമ്മീഷണര്‍മാരായി തെരഞ്ഞെടുത്തത്.
◾ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി നാളെ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഒഡീഷ അരുണാചല്‍ പ്രദേശ് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ വോട്ടെടുപ്പും, കൂടെ ജമ്മുകശ്മീരിലെ വോട്ടെടുപ്പും പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇക്കുറിയും അഞ്ച് ഘട്ടങ്ങളിലധികമായി വോട്ടെടുപ്പ് നടത്താനാണ് ആലോചന. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റതോടെയാണ് പ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളിലേക്ക് കമ്മീഷന്‍ കടന്നത്.
◾ റബ്ബര്‍ കയറ്റുമതിക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇന്‍സെന്റീവ് പ്രഖ്യാപിച്ചു. ഒരു കിലോ റബര്‍ കയറ്റുമതി ചെയ്യുമ്പോള്‍ 5 രൂപ ഇന്‍സെന്റീവ് ലഭിക്കും. കയറ്റുമതി രാജ്യത്ത് റബ്ബര്‍ വിലവര്‍ധനവിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. കോട്ടയത്ത് ചേര്‍ന്ന റബര്‍ ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം അറിയിച്ചത്.
◾ എന്‍ജിനീയറിങ് – മെഡിക്കല്‍ പ്രവേശന പരീക്ഷാ പരിശീലന പ്രോഗ്രാം ഇനി കൈറ്റ് വിക്ടേഴ്‌സില്‍. താല്‍പര്യവും, കഴിവും ഉണ്ടായിട്ടും പിന്തുണ ഇല്ലാത്തത് കൊണ്ടും കോച്ചിംഗ് സെന്ററുകളിലോ മറ്റോ പോയി പരിശീലനം നേടാന്‍ കഴിയാത്തതുകൊണ്ടും പൊതുപ്രവേശന പരീക്ഷകളില്‍ പിന്തള്ളപ്പെട്ടു പോകുന്ന ഒരു വലിയ വിഭാഗം കുട്ടികള്‍ക്ക് വേണ്ടിയാണിതെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഏപ്രില്‍ ഒന്നു മുതലാണ് കൈറ്റ് വിക്ടേഴ്‌സില്‍ പരിശീലന പ്രോഗ്രാം ആരംഭിക്കുക.
◾ കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തിയാക്കാന്‍ സര്‍വകലാശാല സിന്റിക്കേറ്റ് തീരുമാനിച്ചു. കലോത്സവം അലങ്കോലപ്പെടാനുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കാന്‍ കേരള സര്‍വകലാശാല നാലംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതോടൊപ്പം കലോത്സവം കോഴക്കേസില്‍ കുറ്റാരോപിതരായ നൃത്ത പരിശീലകര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
◾ മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ അടക്കം നല്‍കിയ ഹര്‍ജികളുള്‍പ്പെടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലുളളത് 237 ഹര്‍ജികള്‍. ചൊവ്വാഴ്ച തന്നെ ഹര്‍ജികള്‍ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. മുസ്ലീം ലീഗിനും ഡിവൈഎഫ്ഐക്കും വേണ്ടി മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകും. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും നിയമം ചോദ്യം ചെയ്ത് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു.
പിണറായി വിജയൻ നുണ പറയുന്നു
വി ഡി സതീശൻ.
◾ പൗരത്വ നിയമ ഭേദഗതിയെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തിരുന്നുവെന്നും, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയത്തില്‍ നിയമ പ്രശ്നം ഉന്നയിച്ച് ചര്‍ച്ച നയിച്ചതു് ശശി തരൂരാണ്. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്ന വാദത്തിലൂന്നി പ്രസംഗിച്ചത് കപില്‍ സിബലാണ്. അതോടൊപ്പം രാഹുല്‍ ഗാന്ധി ഇതിനെ സംബന്ധിച്ച് പറഞ്ഞതെല്ലാം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിജെപി എംപി വലിയ മണ്ടന്‍ എന്ന് വിളിച്ച് രാഹുല്‍ ഗാന്ധിയെ പരിഹസിച്ചത് സിഎഎ വിരുദ്ധ നിലപാടെടുത്തതിനാണ്. രാഹുല്‍ ഗാന്ധിയെ പിണറായി വിജയന്‍ വിമര്‍ശിക്കുന്നത് ബിജെപിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
◾ ആലപ്പുഴയില്‍ പുതിയ കളക്ടറായി നഗരകാര്യ ഡയറക്ടറായിരുന്ന അലക്സ് വര്‍ഗീസ് ചുമതലയേറ്റു. നിലവിലുള്ള കളക്ടര്‍ ജോണ്‍ വി സാമുവലിന് പകരം ചുമതല നല്‍കിയിട്ടില്ല. സിപിഐ അനുകൂല ജോയിന്റ് കൗണ്‍സിലുമായുള്ള ഭിന്നതയാണ് മാറ്റത്തിന് കാരണമെന്നാണ് സൂചന.
◾ സംസ്ഥാനത്തെ വൈദ്യുതി മൊത്ത ഉപയോഗം തുടര്‍ച്ചായ നാലാം ദിവസവും 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലത്തെ ആകെ വൈദ്യൂതി ഉപയോഗം 101.58 ദശലക്ഷം യൂണിറ്റായി. അതോടൊപ്പം വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കെഎസ്ഇബിക്ക് നല്‍കാനുള്ള കുടിശിക സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി.
◾ റേഷന്‍ വിതരണത്തിനുള്ള ഇ-പോസ് മെഷീന്റെ സര്‍വര്‍ മാറ്റാതെ സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന് റേഷന്‍ വ്യാപാരികള്‍. റേഷന്‍ കടകളില്‍ സംഘര്‍ഷം ഉണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒരേ സമയം സംസ്ഥാനം മുഴുവന്‍ മസ്റ്ററിങ് നടത്താന്‍ ആവില്ല. ഏഴ് ജില്ലകളായി വിഭജിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്നും റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
റേഷന്‍ കടകളില്‍ കെ വൈ സി നടപടികള്‍ വൈകുന്നു.
◾ സര്‍വര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ കടകളില്‍ കെവൈസി നടപടികള്‍ വൈകുന്നു. പലയിടത്തും വലിയ തിരക്കാണ്. ഈ സാഹചര്യത്തില്‍ മസ്റ്ററിങ് പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തുന്നതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. റേഷന്‍ വിതരണം മുടങ്ങാന്‍ പാടില്ല. ഈ മാസത്തെ റേഷന്‍ വാങ്ങാന്‍ പറ്റിയില്ലെങ്കില്‍ അടുത്ത മാസം ആദ്യം അതിനുള്ള ക്രമീക്രണം ഒരുക്കുമെന്നും പ്രശ്നം പരിഹരിക്കാന്‍ സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ കുറെ ദിവസമായി ബിജെപിക്ക് വേണ്ടി സംസാരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് രാഷ്ട്രീയം അറിയുന്ന എല്ലാവര്‍ക്കും അറിയാമെന്നും ചെന്നിത്തല പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മില്‍ കേരളത്തില്‍ രഹസ്യ ബാന്ധവം ഉണ്ട്. ഇപി ജയരാജന്റെ വാക്കുകളിലൂടെ പുറത്ത് വരുന്നത് സിപിഎം ബിജെപി അന്തര്‍ധാരയാണ്. കോണ്‍ഗ്രസ് തകരണമെന്ന് ആഗ്രഹിച്ച് അതിന് വാളിട്ട് കൊടുക്കുകയാണ് ജയരാജന്‍ ചെയ്യുന്നത്. ഇതല്ല ഉദ്ദേശമെങ്കില്‍ ജയരാജന്‍ അധികം വൈകാതെ ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം പരിഹസിച്ചു
◾ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ കോളേജ് ഡേ പരിപാടിയില്‍ പാടുന്നതിനിടെ ഗായകന്‍ ജാസി ഗിഫ്റ്റിന്റെ മൈക്ക് പിടിച്ചുവാങ്ങി പ്രിന്‍സിപ്പാള്‍. പ്രിന്‍സിപ്പാളിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോയി. ജാസി ഗിഫ്റ്റിനൊപ്പം കോറസ് പാടാന്‍ പുറമെ നിന്ന് മറ്റൊരു പാട്ടുകാരനെ എത്തിച്ചിരുന്നു. എന്നാല്‍ ഉദ്ഘാടകന്‍ ആയ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നല്‍കിയിരുന്നതെന്ന് പ്രിന്‍സിപ്പാള്‍ നിലപാടെടുത്തു. പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളേജിനകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രിന്‍സിപ്പല്‍ പറയുന്നത്.
◾ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് പത്മജ വേണുഗോപാല്‍. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുമെന്നും, ഇവിടെ സ്ത്രീകള്‍ക്ക് അംഗീകാരമുണ്ടെന്നും മോദി തന്നെ ആകര്‍ഷിച്ചുവെന്നും അതിനാനാലാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും പത്മജ പറഞ്ഞു. ഈ തിരഞ്ഞെടുപ്പോടെ എ.ഐ.സി.സി. ആസ്ഥാനം അടച്ചു പൂട്ടേണ്ടി വരുമെന്നും കോണ്‍ഗ്രസ് നശിച്ച് താഴേത്തട്ടിലെത്തിയെന്നും പത്മജ കുറ്റപ്പെടുത്തി.
◾ മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ അച്ചടക്ക നടപടി നേരിട്ട അധ്യാപകനായ എംഎസ്എം കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് താഹക്ക് വീണ്ടും ചുമതല നല്‍കിയേക്കും. പ്രിന്‍സിപ്പലിന്റെ പൂര്‍ണ്ണ ചുമതല നല്‍കുന്ന ഫയല്‍ ഇന്നത്തെ സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് ഉപ സമിതി ഫയലിന് അംഗീകാരം നല്‍കിയിരുന്നു. സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ വീഴ്ചയുണ്ടായി എന്ന് കണ്ടെത്തിയതിനാണ് മുഹമ്മദ് താഹ അച്ചടക്ക നടപടി നേരിട്ടത്.
◾ എറണാകുളം പറവൂര്‍ സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തിക തട്ടിപ്പില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ 24 പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ ഉത്തരവിട്ടത്.
ക്രമക്കേട് നടത്തിയ സഹകരണ ബാങ്കുകളുടെ ലിസ്റ്റുകൾ ഹൈക്കോടതിക്ക് കൈമാറി.
◾ സംസ്ഥാനത്ത് ക്രമക്കേട് കണ്ടെത്തിയ 12 സഹകരണ ബാങ്കുകളുടെ പേര് വിവരങ്ങള്‍ ഇഡി ഹൈക്കോടതിയെ അറിയിച്ചു. അയ്യന്തോള്‍, മാരായമുറ്റം, കണ്ടല, ചാത്തന്നൂര്‍, മൈലപ്ര, മാവേലിക്കര, തുമ്പൂര്‍, നടയ്ക്കല്‍, കോന്നി റീജിയണല്‍, ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്സ് സഹകരണ ബാങ്ക്, മൂന്നിലവ് സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്.
◾ പിക്കപ്പ് വാന്‍ ഇടിച്ച് ഗുരുതര പരിക്കേറ്റ മണ്ണാര്‍ക്കാട് സ്വദേശി രാജന്‍ മരിച്ചു. കല്ലടിക്കോട് പാലത്തിന് സമീപത്ത് വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇന്നലെ രാത്രി എട്ടുമണിക്കാണ് അപകടമുണ്ടായത്. രാജനെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു ഇന്ന് രാവിലെയാണ് മരിച്ചത്.
◾ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ വനപാലകര്‍ക്കൊപ്പം തുരത്തിയതിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ തമിഴ്നാട്ടിലെ നീലഗിരിയിലെ ഗൂഡല്ലൂര്‍ ഓവേലി പെരിയ ചുണ്ടിയില്‍ പ്രസാദ് എന്ന യുവാവിനെ കാട്ടാന ആക്രമിച്ച് കൊന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
◾ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദിയൂരപ്പക്കെതിരെ പോക്സോ കേസ്. അമ്മയ്ക്കൊപ്പം സഹായം ചോദിച്ചു വന്ന 17കാരിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. കേസെടുത്തതിന് പിന്നാലെ യെദിയൂരപ്പ ആരോപണങ്ങള്‍ നിഷേധിച്ചു. ഒന്നര മാസം മുന്‍പ് പെണ്‍കുട്ടിയും അമ്മയും സഹായം തേടി തന്നെ കാണാന്‍ എത്തിയിരുന്നുവെന്നും കമ്മീഷണറെ വിളിച്ച് ഇവര്‍ക്ക് വേണ്ട സഹായം ചെയ്യാന്‍ ആകുമോ എന്ന് താന്‍ അന്വേഷിച്ചിരുന്നുവെന്നും അത് ഇത്തരം ഒരു കേസ് ആകുമെന്ന് കരുതിയില്ലെന്നും യെദിയൂരപ്പ പ്രതികരിച്ചു.
◾ ബോളുവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ മുംബൈയിലെ സ്വകാര്യആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായി. കാലിലെ രക്തകുഴലുകളിലെ തടസ്സം നീക്കുന്നതിനുള്ള ശസ്ത്രക്രിയയാണ് നടന്നത്. ബച്ചന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പേടിഎമ്മിന് യുപിഐ സേവനങ്ങൾ തുടരാം.
◾ യു.പി.ഐ സേവനങ്ങള്‍ തുടരാന്‍ പേടിഎമ്മിന് അനുമതി നല്‍കി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പേടിഎമ്മിന് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ലൈസന്‍സ് അനുവദിച്ചതോടെയാണിത്.
◾ സിം കാര്‍ഡ് മാറിയെടുക്കുന്നവര്‍ക്ക് തുടര്‍ന്നുള്ള ഏഴു ദിവസത്തിനകം മൊബൈല്‍ നമ്പര്‍ മറ്റൊരു ടെലികോം കമ്പനിയിലേക്ക് പോര്‍ട്ട് ചെയ്യാന്‍ കഴിയില്ല. മൊബൈല്‍ നമ്പര്‍ പോര്‍ട്ടിങ് സൗകര്യം ദുരുപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയാനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ചട്ടം ഭേദഗതി ചെയ്തു. ജൂലൈ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
◾ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച എസ്.ബി.ഐ കൈമാറിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങളില്‍ അവ്യക്തത. കമ്പനികള്‍ക്കുപുറമേ ഒട്ടേറെ വ്യക്തികളും ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ടെങ്കിലും എസ്.ബി.ഐ. ഡീകോഡ് ചെയ്തുനല്‍കിയാല്‍ മാത്രമേ ബോണ്ടുകള്‍ വാങ്ങിയ വ്യക്തികള്‍ ആരെല്ലാമാണെന്നും ആര്‍ക്കുവേണ്ടിയാണ് വാങ്ങിയതെന്നും അറിയാനാകൂ.വിഷയം വീണ്ടും സുപ്രീംകോടതിയിലെത്തിയാല്‍ തരംതിരിക്കാന്‍ കൂടുതല്‍ സമയംവേണമെന്ന വാദം എസ്.ബി.ഐ. ആവര്‍ത്തിക്കാനാണ് സാധ്യത. അതേസമയം കമ്പനികളില്‍ പലതും സ്വന്തംപേരിലായിരിക്കില്ല ബോണ്ട് വാങ്ങിയിരിക്കുക. അതുകൊണ്ടുതന്നെ പേരുവിവരങ്ങള്‍ അറിഞ്ഞാല്‍പ്പോലും ഇക്കാര്യം കണ്ടെത്തുക പ്രയാസമായിരിക്കും.
ഇന്ധന വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍.ഇന്നുമുതൽ രണ്ടു രൂപ വീതം കുറയും
◾ഗാര്‍ഹിക പാചകവാതകവില കുറച്ചതിനു പിന്നാലെ രാജ്യത്ത് ഇന്ധന വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. ഇന്ന് രാവിലെ ആറുമുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. അതേസമയം രാജ്യത്തെ ജനങ്ങളുടെ ക്ഷേമം മാത്രമാണ് പ്രധാനമന്ത്രി ലക്ഷ്യം വെക്കുന്നതെന്ന് ഇന്ധന വില കുറച്ചതിലൂടെ വ്യക്തമായെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു.
കർഷകർക്ക് ഉറപ്പുകൾ പ്രഖ്യാപിച്ച് കോൺഗ്രസ്
◾ കോണ്‍ഗ്രസിന്റെ അഞ്ചിന ‘കിസാന്‍ ന്യായ്’ ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി. വിളകള്‍ക്ക് താങ്ങുവില നിശ്ചയിക്കും. കാര്‍ഷിക കടം എഴുതിത്തള്ളാന്‍ പ്രത്യേക കടാശ്വാസ കമ്മിഷന്‍ രൂപീകരിക്കും. വിള ഇന്‍ഷുറന്‍സ് തുക മുപ്പത് ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലൂടെ ലഭ്യമാക്കാന്‍ നടപടിയുണ്ടാകും. കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുന്ന തരത്തില്‍ കയറ്റുമതി – ഇറക്കുമതി നിയമം പുനക്രമീകരിക്കും. കാര്‍ഷിക സാമഗ്രികള്‍ക്കുള്ള ജി എസ് ടി എടുത്തുകളയാന്‍ നിയമം ഭേദഗതിചെയ്യുമെന്നതടക്കമുള്ള അഞ്ചിന ‘കിസാന്‍ ന്യായ്’ ഉറപ്പുകളാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്.
◾ ഔദ്യോഗിക വസതിയില്‍ കാല്‍തെന്നി വീണ് നെറ്റിയില്‍ ഗുരുതരമായി പരിക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രി വിട്ടു. നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ മമതക്ക് മുറിവില്‍ തുന്നലിട്ടിട്ടുണ്ട്. സൗത്ത് കൊല്‍ക്കത്തയിലെ ബള്ളികഞ്ചിലെ പരിപാടി കഴിഞ്ഞ് ഔദ്യോഗിക വസതിയില്‍ എത്തിയശേഷം രക്തസമ്മര്‍ദ്ദം താഴ്ന്നതിനെ തുടര്‍ന്ന് കാല്‍തെന്നി വീഴുകയായിരുന്നുവെന്നാണ് വിവരം. വീഴ്ചയില്‍ വീട്ടിലെ ഫര്‍ണിച്ചറില്‍ തലയിടിച്ചാണ് നെറ്റിയില്‍ ഗുരുതരമായി പരിക്കേറ്റത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പത്തനംതിട്ടയില്‍.◾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പത്തനംതിട്ടയില്‍. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രധാന മണ്ഡലങ്ങളിലെ എന്‍.ഡി.എ.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണയോഗമാണിത്. 19-ന് പ്രധാനമന്ത്രി പാലക്കാട്ടും എത്തുന്നുണ്ട്. അവിടെ റോഡ് ഷോയില്‍ പങ്കെടുക്കും.◾ പൗരത്വ ഭേദഗതി നിയമം കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനവിരുദ്ധവും വര്‍ഗ്ഗീയ അജണ്ടയുടെ ഭാഗവുമാണ് ഈ നിയമം. സംസ്ഥാന സര്‍ക്കാര്‍ നേരത്തെ എടുത്ത തീരുമാനത്തില്‍ തന്നെ ഉറച്ചു നില്‍ക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് ചട്ടം ഉണ്ടാക്കിയതിനെതിരെ കേരളം നിയമപരമായ തുടര്‍നടപടി സ്വീകരിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു .
◾ സംസ്ഥാനത്തെ 13,560 സ്‌കൂള്‍ ഉച്ച ഭക്ഷണ പാചക തൊഴിലാളികള്‍ക്ക് ഫെബ്രുവരിയിലെ വേതന വിതരണത്തിനായി 16.31 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തില്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊളിലാളികള്‍ക്ക് 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തില്‍ 13,500 രുപവരെയാണ് വേതനം ലഭിക്കുന്നത്. ഇതില്‍ കേന്ദ്ര വിഹിതം 600 രൂപമാത്രമാണ് എന്നും മന്ത്രി വ്യക്തമാക്കി.
പൂഞ്ഞാർ സംഭവത്തിൽ പറഞ്ഞതിൽ ഉറച്ച് മുഖ്യമന്ത്രി.
◾ പൂഞ്ഞാര്‍ സംഭവത്തില്‍ ഹുസൈന്‍ മടവൂരിന് നല്‍കിയ മറുപടി, ‘അത് പറയേണ്ടതുതന്നെയെന്നും നിലപാടില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൂഞ്ഞാറില്‍ കാണിച്ചത് തെമ്മാടിത്തമാണെന്നും വൈദികന് നേരെ വണ്ടികയറ്റുകയായിരുന്നുവെന്നും പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
◾ പാലക്കാട് എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ച സംഭവത്തില്‍, രണ്ട് എക്സൈസ് ജീവനക്കാര്‍ക്കെതിരെ നടപടി. പ്രതി തൂങ്ങിമരിച്ച സമയത്ത്, രാത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ആത്മഹത്യ ചെയ്തതില്‍ ദുരൂഹതയുണ്ടെന്ന പ്രതിയുടെ കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്ന് , കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണo.
◾ പാകിസ്ഥാന് പുല്‍വാമ ആക്രമണത്തില്‍ പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ആന്റോ ആന്റണി. കശ്മീര്‍ ഗവര്‍ണ്ണറായിരുന്ന സത്യപാല്‍ മാലികിന്റെ വാക്കുകള്‍ ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ആന്റോ ആന്റണി വിശദീകരിച്ചു. ആന്റോ ആന്റണിയുടെ പരാമര്‍ശം ദേശീയതലത്തില്‍ ചര്‍ച്ചയായി മാറിയിരുന്നു.
◾ ആന്റോ ആന്റണിക്കെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. ആന്റോ ആന്റണിയുടെ പുല്‍വാമ പരാമര്‍ശം ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യന്‍ സൈനികരെയാണ് അവഹേളിച്ചത്. തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെയാണ് എംപി അവഹേളിച്ചത് എന്നും അദ്ദേഹം പറഞ്ഞു. ആന്റോ ആന്റണിയുടെ നിലപാട് രാജ്യവിരുദ്ധം എന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസും പറഞ്ഞു.
കേരളത്തില്‍ മത്സരം ഇടതുമുന്നണിയും യുഡിഎഫും തമ്മിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.◾ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരം ഇടതുമുന്നണിയും യുഡിഎഫും തമ്മിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മും ബിജെപിയും
തമ്മിലാണെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ നിലപാട് പൂര്‍ണ്ണമായും തള്ളിയ മുഖ്യമന്ത്രി മത്സരത്തില്‍ ഇടതുമുന്നണി വലിയ വിജയം നേടുമെന്നും പറഞ്ഞു. ബിജെപിക്ക് കനത്ത രീതിയിലുള്ള പുറകോട്ട് പോക്ക് ഈ തെരഞ്ഞെടുപ്പില്‍ സംഭവിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.◾ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങളില്‍ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയന്‍. വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളിലാണ് മുഖ്യമന്ത്രി രോഷാകുലനായത്. നിങ്ങള്‍ക്ക് ചെവി കേള്‍ക്കുന്നില്ലേ എന്നായിരുന്നു സ്വരം കടുപ്പിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തിരിച്ചുള്ള ചോദ്യം.
◾ എറണാകുളത്ത് നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍. 55 ലക്ഷം പേര്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൊടുത്തിട്ട് ഏഴ് മാസമാകുന്നു, മുഖ്യമന്ത്രി കേരളത്തെ എവിടെ എത്തിച്ചു എന്നും വി.ഡി.സതീശന്‍ ചോദിച്ചു. പിണറായിയും മോദിയും തമ്മില്‍ അണ്ണനും തമ്പിയും ബന്ധമാണ്. കേരളത്തില്‍ ബിജെപിയുടെ ബി ടീം ക്യാപ്റ്റനാണ് ഇ.പി ജയരാജന്‍ എന്നും വിഡി സതീശന്‍ ആരോപിച്ചു. ഇ പി ക്യാപ്റ്റനായ ബിജെപി ബി ടീമിന്റെ നോണ്‍പ്ളേയിങ് ക്യാപ്റ്റനും കോച്ചുമാണ് പിണറായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ നരേന്ദ്രമോദി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കിയാണ് മുന്നോട്ട് പോകുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മന്ത്രിമാരാകട്ടെ, ഉദ്യോഗസ്ഥരാകട്ടെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ്. കാപ്പില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ച് നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ കലോത്സവ കോഴ കേസില്‍ നൃത്തപരിശീലകരായ പ്രതികളുടെ അറസ്റ്റ് തടയാതെ ഹൈക്കോടതി. കേരള സര്‍വകലാശാല കലോത്സവ കോഴക്കേസില്‍ കന്റോണ്‍മെന്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടും മൂന്നും പ്രതികളായ ജോമെറ്റ് മൈക്കിള്‍, സൂരജ് എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കാന്‍ മാറ്റി. ഹര്‍ജിയില്‍ കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടിയിട്ടുണ്ട്.
◾ കലോത്സവത്തിലെ കോഴക്കേസില്‍ വിധി കര്‍ത്താവായ കണ്ണൂര്‍ ഷാജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് പുറത്ത്. ഷാജിയുടെ ശരീരത്തില്‍ അടിയേറ്റതിന്റെ പാടുകള്‍ ഇല്ല. കീടനാശിനി അകത്ത് ചെന്നാണ് മരണം. മറ്റു കൂടുതല്‍ പരിശോധനകള്‍ക്കായി ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. ഷാജിയുടെ മുറിയില്‍ നിന്നും കീടനാശിനിയുടേതെന്ന് സംശയിക്കുന്ന കുപ്പി പൊലീസ് കണ്ടെടുത്തിരുന്നു.
◾ കേരള സര്‍വ്വകലാശാല യുവജനോത്സവത്തിനിടയിലെ സംഘര്‍ഷവും വിധികര്‍ത്താവ് ഷാജിയുടെ മരണമടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് സര്‍വകലാശാലയിലെ നിലവിലെ യൂണിയന്‍ അസാധുവാക്കുമെന്ന് വി സി വ്യക്തമാക്കി. കാലാവധി പുതുക്കണം എന്ന യൂണിയന്റെ ആവശ്യം തള്ളിക്കളഞ്ഞാണ് വി സി തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സ്റ്റുഡന്റ്സ് സര്‍വീസ് ഡയറക്ടര്‍ക്ക് സര്‍വകലാശാല യൂണിയന്റെ ചുമതല കൈമാറുമെന്നും വി സി വ്യക്തമാക്കി.
◾ കെഎസ്ഇബിക്ക് ലഭിക്കാനുള്ള കുടിശിക സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി. വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. പല വകുപ്പുകളില്‍ നിന്നായി കോടികണക്കിന് രൂപയാണ് കെഎസ്ഇബിക്ക് കിട്ടാനുള്ളത്.
കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു◾ സംസ്ഥാനത്തെ വന്യജീവി ആക്രമണ പ്രതിസന്ധി പരിഹരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. 36 ഇടങ്ങളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ സജ്ജമാക്കി. മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്താന്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളും തയ്യാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
◾ കൊച്ചി സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് വികസനത്തിനായി 2.4967 ഹെക്ടര്‍ ഭൂമി റോഡ് നിര്‍മ്മാണത്തിന് അനുവദിച്ച്, രാഷ്ട്രപതിയുടെ ഉത്തരവ്. തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ നിര്‍ദ്ദിഷ്ട ഭൂമി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന് ഒരു മാസത്തിനുള്ളില്‍ കൈമാറുമെന്നും ഭൂമി വിലയായി 23.06 കോടി രൂപ കോര്‍പ്പറേഷന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് നല്‍കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു.
◾ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ഇ-കെവൈസി മസ്റ്ററിംഗ് ഈ മാസം 15, 16, 17 തീയതികളില്‍ നടത്തുമെന്ന് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. മാര്‍ച്ച് 15, 16, 17 തീയതികളില്‍ റേഷന്‍ വിതരണം ഉണ്ടായിരിക്കുന്നതല്ല എന്നും മന്ത്രി അറിയിച്ചു.
ബസ്സുകളിൽ പരിശോധന നടത്തി
◾ മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശം അനുസരിച്ച് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും വയറിംഗ് സംബന്ധമായ വിശദ പരിശോധനകള്‍ നടത്തി. ബസുകളില്‍ ബ്രേക്ക്, ന്യൂമാറ്റിക് ഡോര്‍ എന്നിവിടങ്ങളില്‍ എയര്‍ ലീക്ക് ഉണ്ടാകുന്നതായി കണ്ടെത്തി.819 ബസുകളുടെ എയര്‍ ലീക്ക് പരിഹരിച്ചെന്നും മറ്റുള്ളവയുടെ തകരാറുകള്‍ 30ന് മുന്‍പ് പരിഹരിക്കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
◾ സി.കെ. മണിശങ്കറേയും, എന്‍.സി മോഹനനേയും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. എന്‍ സി മോഹനനെ പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയുടെ പേരിലും മണിശങ്കറിനെ തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയുടെ പേരിലും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇരുവരെയും കഴിഞ്ഞവര്‍ഷം ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നു.
ഗുരുവായൂരമ്പലത്തിന് പുതിയ മേല്‍ശാന്തി.◾ ഗുരുവായൂരമ്പലത്തിന് പുതിയ മേല്‍ശാന്തി. വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനയിലെ മധുസൂദനന്‍ നമ്പൂതിരിയാണ് പുതിയ മേല്‍ശാന്തി. രണ്ടാം തവണയാണ് 53 വയസുള്ള മധുസൂദനന്‍ നമ്പൂതിരി ഗുരുവായൂരില്‍ മേല്‍ശാന്തിയാകുന്നത്.
◾ ചാലക്കുടി മുരിങ്ങൂര്‍ പാലത്തിനടിയില്‍ പുരുഷന്റേതെന്നാണ് തോന്നിക്കുന്ന അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ പറമ്പില്‍ മരം വെട്ടാനെത്തിയവരാണ് അസ്ഥികൂടം കണ്ടത്. കഴിഞ്ഞ കുറേ നാളുകളായി ഈ ഭാഗം കാടു കയറിക്കിടക്കുകയായിരുന്നു. മുന്നാഴ്ച മുമ്പാണ് തൊട്ടടുത്ത പറമ്പിലെ കാടു വെട്ടിത്തെളിച്ചത്.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കടലില്‍ മുങ്ങി പൂജ ചെയ്യുന്നതിലാണ് ശ്രദ്ധയെന്നും രാജ്യത്തെ യാഥാര്‍ഥ പ്രശ്നങ്ങള്‍ മോദി കാണുന്നില്ലെന്നും രാഹുല്‍ ഗാന്ധി. മോദി ദ്വാരകയില്‍ കടലിനടിയിലേക്ക് പോകുമ്പോള്‍ ക്യാമറകളും കൂടെ പോകുന്നു, മോദി ആകാശത്ത് പറക്കുമ്പോളും അതിര്‍ത്തിയില്‍ പോകുമ്പോളും എല്ലാം മാധ്യമങ്ങളുണ്ട്. വിലക്കയറ്റവും തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങളൊന്നും ചര്‍ച്ചയാകുന്നില്ലെന്നും ഭാരത് ജോഡോ ന്യായ് യാത്രയുടെ നാസികിലെ കര്‍ഷക സമ്മേളനത്തില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു.
ശരത് പവാറിന് ആശ്വാസം◾ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അജിത് പവാര്‍ വിഭാഗം ക്ലോക്ക് ചിഹ്നം ഉപയോഗിക്കുന്നത് വിലക്കി സുപ്രീംകോടതി. ശരദ് പവാറിന്റെ പേരും ചിത്രവും ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. അജിത് പവാര്‍ പക്ഷത്തിന് എന്‍.സി.പി.യുടെ ഔദ്യോഗിക ‘ക്ലോക്ക്’ ചിഹ്നം നല്‍കിയതിനെതിരേ ശരദ് പവാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. നേരത്തെ അജിത് പവാര്‍ വിഭാഗത്തെ ഔദ്യോഗികവിഭാഗമായി അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലോക്ക് ചിഹ്നം അനുവദിച്ചിരുന്നു..
◾മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഭാര്യയും,മുന്‍ കോണ്‍ഗ്രസ് എംപിയുമായ പ്രണീത് കൗര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ഡല്‍ഹി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു. ബിജെപി ടിക്കറ്റില്‍ പട്ട്യാലയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചേക്കും എന്നാണ് സൂചന .പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ പ്രണീത് കൗറിനെ കോണ്‍ഗ്രസ് സസ്പെന്‍സ് ചെയ്തിരുന്നു.
◾ 50 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം ഏപ്രില്‍ 8 ന്. സൂര്യനും ഭൂമിക്കുമിടയില്‍ നേര്‍രേഖയില്‍ വരുന്ന ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്നതോടെ പകല്‍ രാത്രിയാകും. വടക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലുമാണ് ഈ സമ്പൂര്‍ണ സൂര്യഗ്രഹണം അനുഭവപ്പെടുക.