Evening news

 Special reporter: Kuriakose Niranam 

കടമെടുപ്പ്
നാളെ പത്തരക്ക് സുപ്രീം കോടതി വാദം കേള്‍ക്കും.

◾കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സഹായത്തിലേക്ക് 5000 കോടി രൂപ ഈ മാസം നല്‍കാമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് സുപ്രീം കോടതിയില്‍ തള്ളിയ കേരളം 10,000 കോടി രൂപ അടിയന്തിരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. വായ്പയെടുക്കാനുള്ള കേരളത്തിന്റെ അവകാശം ഹനിക്കുന്നതാണ് കേന്ദ്ര നിലപാടെന്ന് കേരളം കോടതിയില്‍ വാദിച്ചു. ഒപ്പം വിശദമായ വാദം കേള്‍ക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇതോടെ ഹര്‍ജിയില്‍ വാദം നടക്കട്ടെ എന്ന് കേന്ദ്രവും നിലപാടെടുത്തു. നാളെ പത്തരക്ക് സുപ്രീം കോടതി വാദം കേള്‍ക്കും.

ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി.

◾ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ കൈമാറിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ജമ്മു കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഇന്ന് വൈകീട്ടോടെ ദില്ലിയിലെത്തിയതിനു ശേഷമായിരിക്കും പരിശോധന. ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാണ് കൈമാറിയിരിക്കുന്നത്.
◾ 2019 മുതല്‍ ഇതുവരെ 22,217 തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വ്യക്തികളും സ്ഥാപനങ്ങളും ട്രസ്റ്റുകളും വാങ്ങിയിട്ടുണ്ടെന്നും ഇതില്‍ 22,030 ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്ന ഉത്തരവ്  നടപ്പാക്കി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് എസ്.ബി.ഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ദരിദ്ര കുടുംബത്തിലെ ഒരു വനിതയ്ക്ക് വര്‍ഷത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി ഒരു ലക്ഷം രൂപ നല്‍കും

◾ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യംവെച്ച് മഹിളാ പ്രകടന പത്രികയുമായി കോണ്‍ഗ്രസ്. അധികാരത്തില്‍ വരികയാണെങ്കില്‍ ദരിദ്ര കുടുംബത്തിലെ ഒരു വനിതയ്ക്ക് വര്‍ഷത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി ഒരു ലക്ഷം രൂപ നല്‍കും സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമേര്‍പ്പെടുത്തും തുടങ്ങിയ വാഗ്ദാനങ്ങളാണ് മഹിളാ പ്രകടന പത്രികയില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നത്.

യുഡിഎഫ് സീറ്റുകൾ തൂത്തുവാരുമെന്ന് അഭിപ്രായ സർവ്വേ.

◾ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തൂത്തുവാരുമെന്ന് എപിബി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേ. എല്‍ഡിഎഫും എന്‍ഡിഎയും ഒരു സീറ്റില്‍ പോലും വിജയിക്കില്ലെന്നാണ് സര്‍വ്വേ പറയുന്നത്. വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ഇത്തവണയും യുഡിഎഫിന് അനുകൂല തരംഗം സൃഷ്ടിക്കുമെന്ന് സര്‍വ്വേ വിലയിരുത്തുന്നു.

പൗരത്വ നിയമത്തിനെതിരെ രമേശ് ചെന്നിത്തല ഹർജി നൽകും

◾സിഎഎ ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയോടൊപ്പമാണ് പുതിയ ഹര്‍ജിയും നല്‍കുന്നത്.

◾ ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് യോഗ്യത സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കെഎസ്ആര്‍ടിസിയുടെ മേല്‍നോട്ടത്തോടെ സംസ്ഥാനത്ത് ആരംഭിക്കുന്നത് 22 ഡ്രൈവിംഗ് സ്‌കൂളുകള്‍. സ്റ്റാഫ് ട്രെയിനിംഗ് സെന്റര്‍ പാറശ്ശാല, ഈഞ്ചക്കല്‍, ആറ്റിങ്ങല്‍, ആനയറ, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, നിലമ്പൂര്‍, പൊന്നാനി, എടപ്പാള്‍, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുക.

അരി എത്തിയില്ല

◾ശബരി കെ റൈസിന്റെ വില്‍പന സംസ്ഥാനത്ത് ഇന്ന് തുടങ്ങാനിരിക്കെ സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിലൊന്നിലും അരി എത്തിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. അരി മാത്രമല്ല, സബ്‌സിഡി സാധനങ്ങളും ഔട്ട്‌ലെറ്റുകളില്‍ എത്തിയിട്ടില്ലെന്നാണ് വിവരം. അതേസമയം കെ റൈസ് ഉദ്ഘാടനത്തിന് ശേഷം അരി എത്തിക്കും എന്നാണ് സപ്ലൈക്കോ വിശദീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ശബരി കെ റൈസിന്റെ വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. കിലോക്ക് 10 മുതല്‍ 11 രൂപ വരെ നഷ്ടം സഹിച്ചാണ് സര്‍ക്കാര്‍ കെ റൈസ് വിപണിയിലെത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആന്‍റോ ആൻറണിയെ അറസ്റ്റ് ചെയ്യണം.
 സുരേന്ദ്രൻ

◾ പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞ ആന്‍റോ ആന്‍റണി എംപി രാജ്യത്തെ അപമാനിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ആന്‍റോക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

◾ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്ജിന്റെ ഇന്ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം വര്‍ക്കല ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും മാറ്റി. കോഴിക്കോട് എന്‍ഐടിയിലെ വിദ്ഗദരുടെ സുരക്ഷ പരിശോധനയ്ക്ക് ശേഷം മാത്രം ഗ്ലാസ് ബ്രിഡ്ജ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്താല്‍ മതിയെന്നാണ് നിലവിലെ തീരുമാനം.

◾ബെനാമി ഇടപാടിലൂടെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആയിരം കോടിയോളം രൂപ സമ്പാദിച്ചെന്ന് ആരോപിച്ച ശോഭാ സുരേന്ദ്രനെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വേണുഗോപാല്‍ പരാതി നല്‍കിയത്.

◾ തന്നെ സിപിഎമ്മിലേക്കു ക്ഷണിച്ചത് ഇ.പി. ജയരാജനല്ലെന്നും ദല്ലാള്‍ നന്ദകുമാര്‍ തന്നെ വിളിച്ചപ്പോള്‍ താന്‍ പ്രതികരിച്ചിട്ടില്ലെന്നും പത്മജ വേണുഗോപാല്‍. എന്നാല്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ വിളിച്ചിരുന്നു എന്നത് ശരിയാണെന്നും പക്ഷേ, അവരുമായി നല്ല ബന്ധം സൂക്ഷിക്കുന്നതിനാല്‍ തത്കാലം പേര് പരാമര്‍ശിക്കുന്നില്ലെന്നും പത്മജ പറഞ്ഞു.

◾ കെ മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോയെന്ന് അവര്‍ തീരുമാനിക്കട്ടെയെന്ന് സുരേഷ് ഗോപി. പത്മജ വേണുഗോപാലിനെ ബിജെപിയിലേക്ക് ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ട് വന്നതല്ലെന്നും പത്മജ സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു. താന്‍ ജയിച്ചാല്‍ തൃശൂരില്‍ എലിവേറ്റഡ് ഹൈവേ കൊണ്ടുവരുമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തു.

◾ പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളും, വരും ദിവസങ്ങളില്‍ ഇടത് മുന്നണികളില്‍ നിന്നുള്ളവരും ബിജെപിയില്‍ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ നാളെ തിരുവനന്തപുരത്ത് വെച്ച് പാര്‍ട്ടിയില്‍ ചേരുമെന്നാണ് സുരേന്ദ്രന്‍ അവകാശപ്പെടുന്നത്.

◾ ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്തത് ഉള്‍പ്പടെ ചാലക്കുടി, ആളൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ നാല് കേസുകളില്‍ പ്രതിയായിരുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ നിഥിന്‍ പുല്ലനെ കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവ്. 6 മാസത്തേക്കാണ് നാടുകടത്താന്‍ ഉത്തരവിട്ടതെന്ന് ഡിഐജി അജിതാബീഗം അറിയിച്ചു.

◾ കൊല്ലം പരവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളുടെ ഉന്നത സ്വാധീനം കാരണം അന്വേഷണം അട്ടിമറിച്ചെന്നും പോലീസ് അന്വേഷണത്തില്‍ നീതി കിട്ടിയില്ലെന്നും ആരോപിച്ച്് അമ്മ പ്രസന്ന സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. മേലുദ്യോഗസ്ഥരുടെ പീഡനം കാരണമാണ് ആത്മഹത്യ എന്ന് വ്യക്തമായിട്ടും കുറ്റക്കാര്‍ക്കെതിരെ അച്ചടക്കനടപടിയല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ലെന്നും അമ്മ പറഞ്ഞു.

◾ പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. യുവാവിന്റെ ദേഹത്ത് മറ്റ് പരുക്കുകളൊന്നുമില്ലെന്നും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കാണുന്നില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍ കുട്ടിയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനിടെ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സി എ എ പിൻവലിക്കണം

◾ സിഎഎ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വ്യാപകമായി പോസ്റ്റര്‍ പതിപ്പിച്ച് സൂപ്പര്‍ താരം വിജയുടെ പാര്‍ട്ടി തമിഴക വെട്രി കഴകം. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷം വിജയുടെ പാര്‍ട്ടി ആദ്യമായി നിലപാടെടുക്കുന്ന വിഷയമാണിത്. മതമൈത്രി നിലനില്‍ക്കുന്നിടത്ത് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് സിഎഎ നടപ്പാക്കുന്നതിലൂടെയുണ്ടാവുക എന്നും വിജയ് പറഞ്ഞു.

◾ ബാംഗ്ലൂരിലെ രാമേശ്വരം കഫേയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ഒരാളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു. പ്രധാന പ്രതിയെന്നു സംശയിക്കുന്ന ബല്ലാരി സ്വദേശി ഷാബിറിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

◾ മഹാരാഷ്ട്രയില്‍ നിന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവു കൂടി ബിജെപിയില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര മഹാരാഷ്ട്രയില്‍ പര്യടനം തുടരവെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പദ്മാകര്‍ വാല്‍വിയാണ് ബിജെപിയില്‍ ചേര്‍ന്നത്. വടക്കന്‍ മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രബലനായ നേതാവാണ് വാല്‍വി. മിലിന്ദ് ദിയോറ, ബാബ സിദ്ധിഖി, അശോക് ചവാന്‍ എന്നിവര്‍ക്ക് ശേഷം സംസ്ഥാനത്ത് പാര്‍ട്ടി വിടുന്ന പ്രമുഖ നേതാവാണ് പദ്മാകര്‍ വാല്‍വി.

മഹാരാഷ്ട്രയിൽ സഖ്യമായി.

◾ 48 ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തില്‍ ധാരണയായെന്ന് സൂചന. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍ സി പി നാല് സീറ്റില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷിന്ദേ വിഭാഗം ശിവസേനയ്ക്ക് 13 സീറ്റുകളും ബിജെപി 31 സീറ്റിലും മത്സരിക്കും.

◾ അമേരിക്ക യുക്രെയ്‌നിലേക്ക് സൈന്യത്തെ അയച്ചാല്‍ യുദ്ധത്തിന്റെ രൂപം മാറുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍. യുക്രെയ്‌നില്‍ ആണവയുദ്ധത്തിന് റഷ്യ തയാറാണെന്ന് പുടിന്‍ മുന്നറിയിപ്പു നല്‍കി

പ്രമുഖ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് സുരേന്ദ്രൻ

◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവിന് മുന്നോടിയായി പ്രമുഖരായ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന

പ്രസിഡന്റ് കെ സുരേന്ദ്രൻ. നാളെ തിരുവനന്തപുരത്ത് ഇവർ പാർട്ടിയിൽ ചേരും. വരും ദിവസങ്ങളിൽ ഇടത് വലത് മുന്നണികളിൽ നിന്ന് കൂടുതൽ പേർ ബിജെപിയിൽ എത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു

◾തിരുവനന്തപുരം: ബിജെപിയിൽ പോയ പത്മജ വേണുഗോപാലിനെതിരായ പരാമര്‍ശത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മങ്കൂട്ടത്തിലിന് വിമർശനം. കെപിസിസി രാഷ്ട്രീയകാര്യ സമിതി
യോഗത്തിൽ ശൂരനാട് രാജശേഖരനാണ് വിമര്‍ശനം ഉന്നയിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശം മോശമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പ്രശ്നങ്ങളെല്ലാം പറഞ്ഞു തീര്‍ന്നതാണെന്ന് കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എംഎം ഹസ്സൻ മറുപടി നൽകി. പത്മജ വേണുഗോപാൽ പാര്‍ട്ടി വിട്ടപ്പോഴാണ് അതിരൂക്ഷമായ ഭാഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ മോശം പരാമര്‍ശം നടത്തിയത്.

Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ