രാത്രി വാർത്തകൾ.
Special reporter: Kuriakose Niranam
◾ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടനപത്രിക – ന്യായ്പത്ര്- പുറത്തിറക്കി. സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ് നടപ്പിലാക്കുമെന്നും, സര്‍ക്കാര്‍ – പൊതുമേഖല ജോലികളില്‍ കരാര്‍ നിയമനങ്ങള്‍ ഒഴിവാക്കുമെന്നും, പട്ടികജാതി – പട്ടികവര്‍ഗ- ഒബിസി സംവരണം വര്‍ധിപ്പിക്കുമെന്നും, കേന്ദ്ര സര്‍ക്കാര്‍ ജോലിയില്‍ 50 ശതമാനം വനിതകള്‍ക്ക് നല്‍കുമെന്നും, പാവപ്പെട്ട സ്ത്രീകള്‍ക്ക് വര്‍ഷം ഒരു ലക്ഷം രൂപ നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നുണ്ട്. കൂടാതെ നേതാക്കള്‍ കൂറുമാറിയാല്‍ ഉടനടി അയോഗ്യരാക്കുന്ന നിയമം കൊണ്ടുവരുമെന്നും താങ്ങുവില നിയമ വിധേയമാക്കുമെന്നും ന്യായ് പത്രില്‍ വ്യക്തമാക്കുന്നു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കെ സി വേണു ഗോപാല്‍, പി.ചിദംബരം തുടങ്ങിയ നേതാക്കള്‍ ഒന്നിച്ചാണ് പത്രിക പുറത്തിറക്കിയത്.
◾കരുവന്നൂര്‍ ബാങ്ക് അന്വേഷണത്തിന്റെ പേരില്‍ ബിജെപി-സിപിഎം ഇലക്ഷന്‍ സ്റ്റണ്ടാണോ നടക്കുന്നതെന്ന് കാത്തിരുന്ന് കാണാമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കേരളത്തില്‍ ബിജെപി അപ്രസക്തമാണ്. സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും ബിജെപിക്ക് പ്രസക്തി ഉണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജി പരിഗണിക്കവെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്നും, സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ എന്താണ് സാങ്കേതിക തടസമെന്നും ഹൈക്കോടതി ചോദിച്ചു. സിബിഐ അന്വേഷണത്തിന് എത്രയും വേഗം വിജ്ഞാപനമിറക്കണമെന്നും വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.
◾ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇടപെടല്‍ ആശ്വാസമെന്ന് അച്ഛന്‍ ജയപ്രകാശ്. സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് എല്ലാവരുടെയും വാ മൂടികെട്ടാന്‍ വേണ്ടിയാണെന്നും ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ രേഖകള്‍ കൈമാറാന്‍ കാലതാമസമുണ്ടാകില്ലായിരുന്നു എന്നും ജയപ്രകാശ് ചൂണ്ടിക്കാണിച്ചു.
◾ മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി ബി അനിതയ്ക്ക് വീഴ്ച പറ്റിയതിനാലാണ് ജോലിയില്‍ തിരിച്ചെടുക്കാത്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് ഓഫീസര്‍ അനിതയുടെ വീഴ്ച ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും ശേഷം കോടതി പറയുന്നത് പോലെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
◾ കോഴിക്കോട്ടെ നഴ്സിംഗ് സൂപ്രണ്ടിന് എതിരായ നടപടിയില്‍ ആരോഗ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേരളത്തില്‍ ഉള്ളത് വനിതാ ആരോഗ്യ മന്ത്രി അല്ലേയെന്ന് ചോദിച്ച അദ്ദേഹം ഉദ്യോഗസ്ഥയെ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്നും സ്ത്രീകള്‍ക്ക് മുഴുവന്‍ അപമാനമാണ് ആരോഗ്യമന്ത്രിയെന്നും കുറ്റപ്പെടുത്തി. ആ ഉദ്യോഗസ്ഥ ചെയ്ത തെറ്റ് എന്താണെന്നും ഇവിടെ ഇരയും വേട്ടക്കാരനും ആരാണെന്നും അദ്ദേഹം ചോദിച്ചു.
◾ ദ കേരള സ്റ്റോറി ഇന്ന് രാത്രി എട്ട് മണിക്ക് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യും. കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കി.
◾ കണ്ണൂര്‍ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ ഒരാള്‍ മരിച്ചു. സിപിഎം പ്രവര്‍ത്തകന്‍ പാനൂര്‍ കൈവേലിക്കല്‍ സ്വദേശി ഷെറിന്‍ ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മറ്റൊരു സിപിഎം പ്രവര്‍ത്തകന്‍ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഷെറില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ ടെറസില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് നിഗമനം. പരിക്കേറ്റവരെല്ലാം സി.പി.എം അനുഭാവികളാണ്. കണ്ണൂരില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ആരോപിച്ചു. അതേസമയം, പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ പരുക്കേറ്റവര്‍ക്കു സിപിഎമ്മുമായി ബന്ധമില്ലെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു.
◾ റിസര്‍വ് ബാങ്ക് അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലണ്ടനില്‍ നിന്ന് മസാല ബോണ്ട് എടുക്കാനായത് കേരളത്തിന്റെ യശസാണ് കാണിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക അച്ചടക്കത്തിന് തെളിവാണിത്. ഇതിലാണ് കിഫ്ബിയെയും അന്നത്തെ ധനമന്ത്രിയെയും കുടുക്കാന്‍ ശ്രമിക്കുന്നത്. ഇഡി നീക്കത്തെ നിയമപരമായി നേരിടുമെന്നും എന്താണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടെന്നും അദ്ദേഹം ചോദിച്ചു.
◾ കോട്ടയം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടന്റെ വിജയത്തിനായി തലയോലപ്പറമ്പില്‍ സംഘടിപ്പിച്ച ഇടതുമുന്നണിയുടെ പ്രചാരണ പരിപാടിക്കിടെ മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയ ശേഷം മൈക്ക് ഒടിഞ്ഞ് വീണു. പ്രകോപിതനാകാതെ 5 മിനിട്ടോളം കാത്തുനിന്ന മുഖ്യമന്ത്രി മൈക്ക് നന്നാക്കിയ ശേഷം പ്രസംഗം തുടരുകയായിരുന്നു. ഇതിന് ശേഷം മൈക് സെറ്റില്‍ നിന്ന് പുക ഉയര്‍ന്നു. പുക കണ്ട് സദസ്സിലുണ്ടായിരുന്ന ജനം പരിഭ്രാന്തരായി. എന്നാല്‍ പ്രശ്നം വേഗത്തില്‍ പരിഹരിച്ചു.
◾ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ വെച്ച് ടിടിഇ ജെയ്സണ്‍ തോമസിനെ ഭിക്ഷക്കാരന്‍ ആക്രമിച്ചതിനെ എറണാകുളം റെയില്‍വേ പൊലീസ് കേസെടുത്തു. സംഭവ സ്ഥലം തിരുവനന്തപുരം ആയതിനാല്‍ കേസ് തിരുവന്തപുരം റെയില്‍വേ പൊലീസാകും അന്വേഷിക്കുക. ശാരീരികമായി കയ്യേറ്റം ചെയ്തതിനും, ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് കേസ്. 55 വയസ് തോന്നിക്കുന്ന ഭിക്ഷക്കാരനാണ് പ്രതിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
◾ യുഡിഎഫ് സ്ഥാനാര്‍ഥിയും എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താനെതിരെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ. കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച ജനസഭ എന്ന പരിപാടിക്കിടെ രാജ്മോഹന്‍ ഉണ്ണിത്താന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തില്‍ സംഘടന പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മാധ്യമ പ്രവര്‍ത്തകനെ വര്‍ഗീയവാദിയെന്ന് വിളിച്ചത് അംഗീകരിക്കാനാകില്ലെന്നും സംഘടനയുടെ കാസര്‍കോട് യൂണിറ്റ് അറിയിച്ചു. വിഷയം ഡിസിസി നേതൃത്വത്തെയും യുഡിഎഫ് നേതൃത്വത്തെയും അറിയിക്കാനാണ് സംഘടനയുടെ തീരുമാനം.
◾ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാന്‍ വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളി. ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരായ 10 പേരാണ് കേസിലെ പ്രതികള്‍. ഒരു വര്‍ഷമായി പ്രതികള്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു. ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതെന്ന് കാണിച്ചാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ഈ വാദം അംഗീകരിക്കാതെ അപേക്ഷ തള്ളുകയായിരുന്നു.
◾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമുള്‍പ്പെടെയുള്ള പരാതികളും ക്രമക്കേടുകളും അറിയിക്കുന്നതിന് പൊതുജനങ്ങള്‍ക്കായി സജ്ജീകരിച്ച സി വിജില്‍ ആപ്പ് വഴി മലപ്പുറം ജില്ലയില്‍ നിന്നും ഇതുവരെ ലഭിച്ചത് 2640 പരാതികള്‍. ലഭിച്ച മുഴുവന്‍ പരാതികളും പരിഹരിച്ചതായി സി വിജില്‍, മാതൃകാ പെരുമാറ്റ ചട്ടം നോഡല്‍ ഓഫീസര്‍ പി ബൈജു അറിയിച്ചു.
◾ അരുണാചലില്‍ ജീവനൊടുക്കിയ മലയാളികള്‍ക്ക് വിചിത്രവിശ്വാസങ്ങളെന്ന രേഖകള്‍ ആര്യയുടെ ലാപ്ടോപ്പില്‍ നിന്നും ലഭിച്ചു. ദിനോസറുകള്‍ക്ക് വംശനാശം വന്നില്ലെന്നതു മുതല്‍ മനുഷ്യന്റെ ഭാവിയെക്കുറിച്ചുവരെ ഇതില്‍ പറയുന്നു. ദിനോസറുകളെ മറ്റു ഗ്രഹങ്ങളിലേക്ക് മാറ്റിയതാണെന്നും ഭൂമിയിലെ 90% മനുഷ്യരെയും മൃഗങ്ങളെയും രണ്ടു ഗ്രഹങ്ങളിലേക്ക് കൊണ്ടുപോകുമെന്നുമാണ് ഇവരുടെ വിശ്വാസം. ആന്‍ഡ്രോമീഡ ഗാലക്സിയില്‍ നിന്നുള്ള മിതി എന്ന സാങ്കല്‍പ്പിക കഥാപാത്രവുമായാണ് സംഭാഷണം.
◾ കൊല്ലത്ത് എന്തു ചെയ്തെന്ന എതിരാളികളുടെ ചോദ്യത്തിന് ഉത്തരവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍കെ പ്രേമചന്ദ്രന്റെ വികസനരേഖ. പാര്‍ലമെന്റിലെ ഇടപെടലുകളും കേന്ദ്രാവിഷ്‌കൃതപദ്ധതികളെക്കുറിച്ചുളള വിവരങ്ങളും ഉള്‍പ്പെടുന്ന വികസനരേഖ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രകാശനം ചെയ്തു.
◾ തിരഞ്ഞെടുപ്പില്‍ ജയിക്കുന്നവരെ സഭാതലങ്ങളില്‍ ശിവതാണ്ഡവം ആടാനോ നടുത്തളത്തില്‍ ഇറങ്ങി ബഹളംകൂട്ടാനോ അല്ല അയക്കുന്നതെന്ന് പ്രശസ്ത കഥാകാരന്‍ ടി. പത്മനാഭന്‍. ഡോ. ശശിതരൂരിന് പിന്തുണയുമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച എഴുത്തുകാരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനത്തിലെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പത്താം തീയതിക്കുള്ളില്‍ ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ വിദ്യഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിനെ ജയിലില്‍ അയക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പു നല്‍കി. 2011-ലെ പി.എസ്.സി. ലിസ്റ്റ് പ്രകാരം നാലുപേരുടെ നിയമനം ഒരു മാസത്തിനുള്ളില്‍ നടത്താനായിരുന്നു ഉത്തരവ്. എന്നാല്‍, ഈ ഉത്തരവ് റാണി ജോര്‍ജ് മനഃപ്പൂര്‍വം നടപ്പിലാക്കിയില്ലെന്ന് കോടതി അലക്ഷ്യ ഹര്‍ജിയില്‍ ഹാജരായ അഭിഭാഷകര്‍ വ്യക്തമാക്കി.
◾ സിബിഎസ്ഇ, ഐസിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളുകള്‍ക്ക് വെക്കേഷന്‍ ക്ലാസ് നടത്താന്‍ ഉപാധികളോടെ ഹൈക്കോടതി അനുമതി നല്‍കി. രാവിലെ 7.30 മുതല്‍ 10.30 വരെയുള്ള സമയം ക്ലാസുകള്‍ നടത്താനാണ് അനുമതി. കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍സ് കേരളയടക്കം സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഉത്തരവ്. എന്നാല്‍ കേരള, വിദ്യാഭ്യാസ ചട്ടത്തില്‍ ഇതിന് വ്യവസ്ഥയില്ലെന്ന കാരണത്താല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് വെക്കേഷന്‍ ക്ലാസിന് അനുമതിയില്ല. ഈ സ്‌കൂളുകളില്‍ ആവശ്യമെങ്കില്‍ സര്‍ക്കാരിന് പ്രത്യേക ഉത്തരവിറക്കി വെക്കേഷന്‍ ക്ലാസുകള്‍ നടത്താമെന്നും കോടതി വ്യക്തമാക്കി.
◾ 12-ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ മാറ്റങ്ങള്‍ വരുത്തി എന്‍സിഇആര്‍ടി. വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാഠപുസ്തകത്തില്‍ നിന്ന് ബാബ്റി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി. അയോധ്യയിലെ സംഭവങ്ങളെ കുറിച്ചുള്ള കാര്യങ്ങളിലാണ് പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്. 1992 ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ത്തു എന്ന പരാമര്‍ശം ഒഴിവാക്കി, സുപ്രീംകോടതിയുടെ ഇടപെടലിലൂടെ രാമക്ഷേത്രം നിര്‍മ്മിക്കാനായി എന്ന കാര്യം മാത്രം ഉള്‍പ്പെടുത്താനാണ് എന്‍സിഇആര്‍ടിയുടെ തീരുമാനം.
◾ നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയായ കൂവളശ്ശേരി സ്വദേശി ശ്രീജ മരിച്ചു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.
◾ തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ സര്‍ഫിംഗിനിടെ ഉണ്ടായ അപകടത്തില്‍ ബ്രിട്ടീഷ് പൗരത്വമുള്ള 55 വയസുകാരനായ റോയ് ജോണിന് ദാരുണാന്ത്യം. വര്‍ക്കല പാപനാശം കടലിലെ സര്‍ഫിംഗിനിടയിലാണ് ഇദ്ദേഹം അപകടത്തില്‍പ്പെട്ടത്. ശക്തമായ തിരയില്‍ പെട്ടതിനെ തുടര്‍ന്ന് തല മണല്‍ത്തിട്ടയില്‍ ഇടിച്ചാണ് പരിക്കേറ്റത്. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
◾ മൂര്‍ക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തില്‍ മരണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടില്‍ പ്രഭാകരന്റെ മകന്‍ സന്തോഷാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം ഉത്സവത്തിന്റെ ആറാട്ടിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെയാണ് മൂര്‍ക്കനാട് ആലുംപറമ്പില്‍ വച്ച് സംഘര്‍ഷം നടന്നത്. മുന്‍പ് നടന്ന ഫുട്ട്ബോള്‍ ടൂര്‍ണമെന്റില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
◾ പാലക്കാട് കരിമ്പുഴയില്‍ കാട്ടുപന്നി ബൈക്ക് ഇടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ മുഹമ്മദ് അഷ്‌കറിന് അപകടത്തില്‍ പരിക്കേറ്റു. രാവിലെ 7 മണിയോടുകൂടി ബൈക്കില്‍ വരുമ്പോഴായിരുന്നു അപകടം. പൊമ്പ്ര മണ്ണോട്ടുംപടി ഭാഗത്തുവെച്ച് ഓടിയെത്തിയ കാട്ടുപന്നി ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
◾ വയനാട്ടിലെ നിലവിലെ എംപിയാണ് രാഹുല്‍ ഗാന്ധിയെന്നും, അദ്ദേഹത്തിനെതിരെ പുതിയ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് സിപിഐ ആണെന്നും തെറ്റ് അവരുടെ ഭാഗത്താണ് കോണ്‍ഗ്രസിന്റെ ഭാഗത്തല്ല എന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വീണ്ടും മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന ഇടതു വിമര്‍ശനത്തെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
◾ തമിഴ് നാട് വാല്‍പ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മുരുകാളി എസ്റ്റേറ്റിലെ തൊഴിലാളി അരുണ്‍ കുമാര്‍ മരിച്ചു. ഇന്നു രാവിലെ 9 മണിയോടെയാണ് സംഭവം. തേയില തോട്ടത്തില്‍ മരുന്നടിക്കാന്‍ പോയതായിരുന്നു അരുണ്‍ കുമാര്‍. പിന്നില്‍ നി..ന്ന് വന്ന് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
◾ പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ വിമര്‍ശിച്ച് പ്രമുഖ ദേശീയ ദിനപത്രങ്ങളില്‍ കോണ്‍ഗ്രസ് പരസ്യം നല്‍കി. അഴിമതിക്കാരെ ബിജെപി വെളുപ്പിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് പരസ്യത്തിലെ വിമര്‍ശനം . വാഷിങ്ങ് മെഷീനിലൂടെ ബിജെപിയുടെ ഷാളും ധരിച്ച് പുറത്തിറങ്ങുന്ന അഴിമതിക്കാരെയാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. പൊതുജന താത്പര്യാര്‍ത്ഥം പ്രസിദ്ധീകരിക്കുന്നുവെന്ന പരാര്‍മശത്തോടെയാണ് പരസ്യം.
◾ ജനങ്ങളുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്ന് ഭാര്യ സുനിത കെജ്രിവാളിന് നല്‍കിയ സന്ദേശത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കെജ്രിവാളിന്റെ അറസ്റ്റിന് ശേഷം നിരവധി തവണ സുനിത വീഡിയോ സന്ദേശങ്ങളിലൂടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. കുടുംബത്തിലെ ഒരു അംഗം പോലും, അതായത് ദില്ലിയിലെ 2 കോടി ജനങ്ങളും ഒരു പ്രശ്നവും അഭിമുഖീകരിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും, ഓരോ എം എല്‍ എ യും അവരുടെ മണ്ഡലത്തില്‍ ദിവസവും പോയി ജനങ്ങള്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ എന്ന് ചോദിക്കണമെന്നും അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കി.
◾ കോണ്‍ഗ്രസ് അലസവും, വിരസവുമായെന്ന് മുതിര്‍ന്ന നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. കോണ്‍ഗ്രസ് അലസത വെടിയണമെന്നും ഹരീഷ് റാവത്ത് ആവശ്യപ്പെടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇദ്ദേഹത്തിന്റെ വിമര്‍ശനം പാര്‍ട്ടിക്കകത്തും പുറത്തും ഒരേ പോലെ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് സൂചന.
◾ പ്രിയങ്ക ഗാന്ധി അമേഠിയിലും രാഹുല്‍ ഗാന്ധി റായ്ബറേലിയിലും മത്സരിക്കണമെന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചതോടെ അമേഠിയില്‍ റോബര്‍ട്ട് വദ്രക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കില്ല. വദ്രയുടെ പ്രസ്താവന അനാവശ്യമെന്നും കോണ്‍ഗ്രസ് വിലയിരുത്തി. മത്സരിക്കാന്‍ റോബര്‍ട്ട് വാദ്ര താല്‍പര്യമറിയിച്ചതോടെ അദ്ദേഹം മത്സരിക്കാനെത്തുമെന്നായിരുന്നു സൂചന. അമേഠിയിലെ ജനം തന്നെ പ്രതീക്ഷിക്കുന്നുവെന്നും സിറ്റിംഗ് എംപി സ്മ്യതി ഇറാനിയുടെ ഭരണത്തില്‍ അമേഠി വീര്‍പ്പുമുട്ടുകയാണെന്നും, മത്സരിക്കുകയാണെങ്കില്‍ പ്രഥമ പരിഗണന അമേഠിക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
◾ ഉയര്‍ന്ന മരണനിരക്കിന് കാരണമാകുന്ന എച്ച്5എന്‍1 വൈറസ്, കോവിഡ്-19 വൈറസിനേക്കാള്‍ നൂറുമടങ്ങ് അപകടകാരിയെന്ന് ശാസ്ത്രജ്ഞര്‍. യു.എസിലെ മിഷിഗണിലും ടെക്സാസിലും പക്ഷിപ്പനി പടര്‍ന്ന ഫാമുകളിലൊന്നിലെ ജീവനക്കാരന് വൈറസ് ബാധയേറ്റതോടെയാണ് ലോകാരോഗ്യസംഘടന രോഗകാരിയായ എച്ച്5എന്‍1 വൈറസിനെ പഠനവിധേയമാക്കിയത്.
◾ പലിശനിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐയുടെ പണവായ്പാ നയപ്രഖ്യാപനം. തുടര്‍ച്ചയായി ഏഴാം തവണയാണ് പലിശനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. ഇതോടെ വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരും.