ഇന്നത്തെ വാർത്തകൾ
Special reporter: Kuriakose Niranam
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ എത്തി
◾ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ഗാന്ധി സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയോടൊപ്പം വയനാട്ടിലെത്തിലെത്തിയത്. രാവിലെ 10.40-ഓടെ മൂപ്പൈനാട് റിപ്പണ്‍ തലക്കല്‍ സ്‌കൂളിലെ ഗ്രൗണ്ടിലിറങ്ങിയ രാഹുലിനെയും പ്രിയങ്കയെയും കാണാന്‍ നിരവധി പ്രവര്‍ത്തകരാണ് കാത്തു നിന്നത്.
വയനാടിനെ ഇളക്കിമറിച്ച് രാഹുൽഗാന്ധിയുടെ റോഡ് ഷോ.
◾ വയനാടിനെ ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. വയനാട് മണ്ഡലത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. വയനാട് നേരിടുന്ന ചെറുതും വലുതുമായ പ്രശ്നങ്ങള്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ഉന്നയിക്കാന്‍ താന്‍ ഇവിടുത്തെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
◾ വന്‍ ജനാവലിയുടെ അകമ്പടിയോടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ ഡോ. രേണുരാജിന് മുമ്പാകെ ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം പത്രിക നല്‍കിയത്. പ്രിയങ്കാ ഗാന്ധിക്ക് പുറമേ എ.ഐ.സി.സി. സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളും അദ്ദേഹത്തൊപ്പം ഉണ്ടായിരുന്നു
◾ കലാപങ്ങള്‍ക്ക് ഇരയായവര്‍ക്കൊപ്പമല്ല മറിച്ച് കലാപകാരികള്‍ക്കൊപ്പമാണ് കേന്ദ്ര സര്‍ക്കാര്‍ നിന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത ന്യൂന പക്ഷങ്ങളെ ആക്രമിക്കുക എന്നതാണ് ആര്‍എസ്എസ് അജണ്ട. നിയമത്തിന് മുന്നില്‍ രാജ്യത്ത് ജീവിക്കുന്ന എല്ലാവര്‍ക്കും തുല്യ പരിഗണന എന്നതാണ് ഭരണഘടന പറയുന്നതെന്നും അല്ലാതെ രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യപരിഗണന എന്നല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ ബിജെപിക്കാരല്ലാത്തവര്‍ക്കെതിരെ രാജ്യത്ത് കേസ് എടുക്കുകയാണ്. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാന്നെന്നും തങ്ങളുടെ നേതാക്കള്‍ക്കെതിരെ അന്വേഷണം വരുമ്പോള്‍ മാത്രം അവര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വരുന്നുവെന്നും മറ്റ് പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കെതിരെ നടപടി വരുമ്പോള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം നേതാക്കന്മാർക്ക് ഈ ഡി നോട്ടീസ് നൽകി.
◾ കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ മുന്‍ എംപി പി കെ ബിജു, സിപിഎം തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.ആര്‍. ഷാജന്‍ എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കി. കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായിരുന്നു ഇരുവരും. പി.കെ. ബിജു വ്യാഴാഴ്ചയും എം.ആര്‍. ഷാജന്‍ വെള്ളിയാഴ്ചയും കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. തൃശ്ശൂര്‍ സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനോട് ബുധനാഴ്ച ഹാജരാകണമെന്നാണ് ഇ.ഡി. ആവശ്യപ്പെട്ടിട്ടുള്ളത്
◾ എസ്ഡിപിഐയുമായി ചേരുന്നതില്‍ കോണ്‍ഗ്രസിനും ലീഗിനും യാതൊരു പ്രയാസവുമില്ലെന്നും ഈ തെരഞ്ഞെടുപ്പില്‍ സഹായിച്ചാല്‍ അടുത്ത തദ്ദേശ തെരഞ്ഞെടിപ്പില്‍ സഹായിക്കാമെന്നാണ് എസ്ഡിപിഐ ഉം യുഡിഎഫും തമ്മിലുള്ള ധാരണയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. വയനാട്ടില്‍ കോണ്‍ഗ്രസ് ജയിക്കുന്നത് ലീഗ് വോട്ട് കൊണ്ടാണ്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് കിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് എം വി ഗോവിന്ദന്റെ വിമര്‍ശനം.
◾ കാസര്‍കോട് ജില്ലാ സിവില്‍ സ്റ്റേഷനിലെ ക്യൂവില്‍ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കണ്‍ നല്‍കിയില്ലെന്ന്് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാതി. ഒന്‍പത് മണി മുതല്‍ ക്യൂവില്‍ നില്‍ക്കുന്ന തന്നെ തഴഞ്ഞ് ആദ്യ ടോക്കണ്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന് നല്‍കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. എന്നാല്‍ രാവിലെ ഏഴ് മണിക്ക് തന്നെ താന്‍ കളക്ട്രേറ്റില്‍ എത്തിയെന്നും സിസിടിവി ക്യാമറ പരിശോധിച്ചാല്‍ മനസിലാകുമെന്നും ഇടത് സ്ഥാനാര്‍ത്ഥി എംവി ബാലകൃഷ്ണന്റെ പ്രതിനിധി വ്യക്തമാക്കി.
◾സുഗന്ധഗിരി മരംമുറി കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് വനം വകുപ്പ്. മൂന്ന് ഫ്ലയിങ് സ്‌ക്വാഡ് ഡിഎഫ്ഒമാരെ പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി. വീടിന് മുകളിലേക്ക് ചരിഞ്ഞു നില്‍ക്കുന്ന 20 മരങ്ങള്‍ മുറിക്കാന്‍ കിട്ടിയ അനുമതിയുടെ മറവില്‍ കൂടുതല്‍ മരം മുറിച്ചു കടത്തിയെന്നാണ് കേസ്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് മരംമുറിയില്‍ പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അതിനിടെ മരംമുറിക്കേസിലെ ആറ് പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കല്‍പ്പറ്റ കോടതി ഇന്ന് വിധി പറയും. ഇന്നലെ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂര്‍ത്തിയായിരുന്നു.
◾ വയനാട് മൂന്നാനക്കുഴിയില്‍ കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയ കടുവയെ രക്ഷപ്പെടുത്തി. മയക്കുവെടി വച്ച് മയക്കി വലയിലാക്കി പുറത്തെത്തിക്കുകയായിരുന്നു. കിണറ്റിലെ മോട്ടോര്‍ പ്രവര്‍ത്തിക്കാതിരുന്നതോടെ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടെത്തിയത്. ഉടന്‍ തന്നെ വനം വകുപ്പിനെ വിവരമറിയിച്ചതനുസരിച്ച് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തുകയായിരുന്നു.
കൊലക്കുറ്റം ചുമത്തി.
◾ തൃശൂര്‍ വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരെ കൊലക്കുറ്റം. എറണാകുളം പട്ന എക്സ്പ്രസില്‍ ഇന്നലെ രാത്രി ഏഴ് മണിക്കാണ് കൊലപാതകം നടന്നത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയിലാണ് അതിഥി തൊഴിലാളിയായ ഒഡിഷ സ്വദേശി രജനീകാന്ത എറണാകുളം സ്വദേശിയായ ടിടിഇ വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. ജനറല്‍ ടിക്കറ്റുമായി റിസര്‍വ് കോച്ചില്‍ കയറിയതിന് ആയിരം രൂപ പിഴയീടാക്കണമെന്ന് പറഞ്ഞതോടെയാണ് ടിടിഇ യെ പുറത്തേക്ക് ചവിട്ടിയിട്ടതെന്നാണ് രജനീകാന്ത പറയുന്നത്. വീഴ്ചയില്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു.
◾ തൃശ്ശൂര്‍ വെളപ്പായയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ റെയില്‍വെ ടിടിഇ കെ വിനോദ് ദാരുണമായി കൊല്ലപ്പെട്ടത് ഏറെ വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ വിനോദിന്റെ വേര്‍പാടില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും. പ്രതിക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി എടുക്കുമെന്നും . മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ വ്യക്തമാക്കി.
ആര്യയെ ട്രാപ്പ് ചെയ്തു കൊണ്ടുപോയി എന്ന് ബന്ധുക്കളുടെ ആരോപണം.
◾ അരുണാചലിലെ ഹോട്ടല്‍മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്ന് മലയാളികളില്‍ ആര്യയെ ട്രാപ് ചെയ്ത് കൊണ്ടുപോയതാകാമെന്ന് ബന്ധുക്കളുടെ ആരോപണം. മരിച്ച ദമ്പതികളില്‍ ദേവിയുമായി ആര്യ നല്ല അടുപ്പത്തിലായിരുന്നുവെന്നും, നവീന്‍ ആയിരിക്കാം എല്ലാത്തിനും പിന്നിലെന്നും, ആര്യയുടെ സ്വഭാവത്തില്‍ അസ്വാഭാവികതയൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധു അറിയിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ആര്യയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.
◾ കോട്ടയം പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ കഞ്ചാവ് വളര്‍ത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആയിരുന്ന ബി ആര്‍ ജയന്‍, പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ അജയ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. താല്‍ക്കാലിക ജീവനക്കാരനായിരുന്ന അജേഷാണ് സ്റ്റേഷന്‍ വളപ്പില്‍ കഞ്ചാവ് വളര്‍ത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കാര്യം അറിഞ്ഞതിനു ശേഷം റേഞ്ച് ഓഫിസറായിരുന്ന ജയന്‍ തനിക്കെതിരെ പരാതി നല്‍കിയവരെ കുടുക്കാന്‍ ഈ സംഭവം ഉപയോഗിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
യൂട്യൂബ് ചാനലിനെതിരെ കേസെടുത്തു
◾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന് വ്യാജവാര്‍ത്ത നല്‍കിയ വെനീസ് ടിവി എന്റര്‍ടൈന്‍മെന്റ് എന്ന യൂട്യൂബ് ചാനലിനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ലോക്സഭ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിനാണ് ചാനലുടമ നടത്തിയത്. സമൂഹത്തില്‍ വേര്‍തിരിവും സ്പര്‍ധയും സംഘര്‍ഷവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് അറസ്റ്റെന്ന് പൊലീസ് പറയുന്നു.
◾ എറണാകുളം പെരുമ്പാവൂര്‍ എംസി റോഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കോതമംഗലം കറുകടം സ്വദേശി എല്‍ദോസും മകള്‍ ബ്ലെസിയും മരിച്ചു. ഇവര്‍ സഞ്ചരിച്ച ബൈക്കിനെ എതിരെ വന്ന ടിപ്പര്‍ ലോറി ഇടിച്ചിടുകയായിരുന്നു. ബ്ലെസി സംഭവസ്ഥലത്തും എല്‍ദോസ് ആശുപത്രിയിലും വെച്ച് മരണമടഞ്ഞു.
◾ ഇരിങ്ങാലക്കുട കരുവന്നൂര്‍ പുത്തന്‍തോട് വച്ച് സ്വകാര്യ ബസില്‍നിന്നും വയോധികനെ ചവിട്ടിയിട്ടതായി പരാതി. കരുവന്നൂര്‍ എട്ടുമന സ്വദേശിയായ പവിത്രന്‍ എന്ന വയോധികനാണ് പരിക്കേറ്റത്. ബസിലെ യാത്രാ നിരക്ക് ചില്ലറയായി നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു.
◾ കള്ള് ഷാപ്പുകളില്‍ നടന്ന വിജിലന്‍സ് റെയ്ഡിന്റെ ഭാഗമായി കുട്ടനാട്ടില്‍ പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പ് മാനേജര്‍ ബിനേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ലൈസന്‍സില്ലാതെയാണ് ഇയാള്‍ കള്ള് വില്‍പന നടത്തിയിരുന്നത്. ഇന്നലെ രാത്രിയാണ് ബിനേഷിനെ അറസ്റ്റ് ചെയ്തത്.
◾ തെരഞ്ഞെടുപ്പ് സമയത്ത് രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായി നടത്തുന്ന നടപടികളെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ.ഖുറേഷി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികള്‍ക്കും തുല്യ അവസരം ലഭ്യമാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത് മോശം കാര്യങ്ങളാണെന്നത് ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ മദ്യ നയ കേസില്‍ അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയക്കും മദ്യനയ അഴിമതിയില്‍ നേരിട്ട് പങ്കെന്ന് ആരോപിച്ച് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് ഇഡി അറിയിച്ചു. സഞ്ജയ് സിംഗിന്റെ ജാമ്യത്തെ എതിര്‍ക്കാതിരുന്നത് ഇദ്ദേഹത്തിന് കേസില്‍ നേരിട്ട് പങ്കില്ലാതിരുന്നതിനാലാണെന്നും ഇഡി അറിയിച്ചു.
◾ പ്രളയസഹായം നിഷേധിക്കുന്ന കേന്ദ്രത്തിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഡിസംബറില്‍ വടക്കന്‍ തമിഴ് നാട്ടിലും തെക്കന്‍ ജില്ലകളിലും കനത്ത നാശം വിതച്ച പ്രളയത്തിന് പിന്നാലെ 37,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിട്ടും കേന്ദ്രം സഹായിച്ചില്ലെന്നാണ് പരാതി. തമിഴ്നാടിനോട് വിവേചനം കാണിക്കുന്നതായി ആരോപിക്കുന്നഹര്‍ജിയില്‍ , കേന്ദ്രത്തിന്റേത് ചിറ്റമ്മ നയം ആണെന്നും ആക്ഷേപമുണ്ട് . അതോടൊപ്പം വരള്‍ച്ചാ സഹായം കേന്ദ്രം നിഷേധിക്കുന്നതിനെതിരെ കര്‍ണാടകവും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
◾ രാജസ്ഥാനിലെ നഗൗര്‍ ബിജെപി സ്ഥാനാര്‍ത്ഥി ജ്യോതി മിര്‍ദയുടെ ഭരണഘടന ഭേദഗതി വേണമെന്ന പരാര്‍മര്‍ശം വിവാദത്തിലായി. വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ഭരണഘടന ഭേദഗതി വേണമെന്ന പരാമര്‍ശം ഉണ്ടായത്. മോദിയും ബിജെപിയും ഭരണഘടനക്ക് എതിരാണെന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ പുറത്ത് വരുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഭരണഘടന ഇല്ലാതാക്കി ജനങ്ങളുടെ അവകാശങ്ങള്‍ കവരാനാണ് ബിജെപി ശ്രമമെന്നും കോണ്‍ഗ്രസ് പറഞ്ഞു.
◾ കച്ചത്തീവ് വിഷയത്തില്‍ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ച് ശ്രീലങ്കന്‍ മാധ്യമങ്ങള്‍. ചൈനീസ് ഇടപെടല്‍ വേണമെന്നും, മറ്റ് രാജ്യങ്ങളില്‍ നിന്ന് ശ്രീലങ്ക സുരക്ഷാ ഗ്യാരണ്ടി സ്വീകരിക്കേണ്ടിവരുമെന്നും പത്രത്തിന്റെ മുഖപ്രസംഗം സൂചിപ്പിക്കുന്നു. അതേസമയം വിഷയത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
◾ തായ്വാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. കൂറ്റന്ഡ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഇതുവരെ 7 മരണമാണ് സ്ഥിരീകരിച്ചതെങ്കിലും തകര്‍ന്നു വീണ ബഹുനില കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
◾ ജര്‍മനിയില്‍ ഇനി മൂന്ന് കഞ്ചാവ് ചെടികള്‍ വരെ വീട്ടില്‍ വളര്‍ത്താം. കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയ ജര്‍മ്മനിയില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് വ്യക്തിഗത ഉപയോഗത്തിനായി പൊതുസ്ഥലത്ത് 25 ഗ്രാം കഞ്ചാവ് വരെ കൈവശം വെക്കാനും 50 ഗ്രാം വരെ വീട്ടില്‍ സൂക്ഷിക്കാനുമാകും.
◾ സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നു. ഇന്ന് 600 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ആദ്യമായി 51,000 കടന്നു. 51,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6410 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് കുറിച്ച ഗ്രാമിന് 6,360 രൂപയും പവന് 50,880 രൂപയും എന്ന റെക്കോഡാണ് പഴങ്കഥയായത്. 18 കാരറ്റ് സ്വര്‍ണവിലയും വെള്ളിവിലയും ഇന്ന് പുതിയ ഉയരത്തിലെത്തി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് ഒറ്റയടിക്ക് 65 രൂപ കുതിച്ച് 5,360 രൂപയായി. ഗ്രാമിന് രണ്ടുരൂപ ഉയര്‍ന്ന് 84 രൂപയിലാണ് വെള്ളി വ്യാപാരം. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മൂന്നിന് 43,760 രൂപയായിരുന്ന പവന്‍വിലയാണ് ഇപ്പോള്‍ 51,280 രൂപയിലെത്തി നില്‍ക്കുന്നത്. ഒരുവര്‍ഷത്തിനിടെ വര്‍ദ്ധിച്ചത് 7,520 രൂപ. ഗ്രാമിന് ഇക്കാലയളവില്‍ 940 രൂപയും ഉയര്‍ന്നു. 5,470 രൂപയായിരുന്ന ഗ്രാം വിലയാണ് 6,410 രൂപയിലെത്തിയത്. ഇന്ന് 51,280 രൂപയാണ് ഒരു പവന് വില. ഈ വില കൊടുത്താല്‍ ഒരു പവന്‍ കിട്ടില്ല. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടിയും 45 രൂപ ഹോള്‍മാര്‍ക്ക് ഫീസും അതിന്റെ 18 ശതമാനം ജി.എസ്.ടിയും പിന്നെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും നല്‍കണം. അതായത്, ഇന്നത്തെ പവന്‍വില പ്രകാരം ഏറ്റവും കുറഞ്ഞത് 55,550 രൂപയെങ്കിലും കൊടുത്താലെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. മനസ്സിനിഷ്ടപ്പെട്ട ഡിസൈനുകളുള്ള ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ചിലപ്പോള്‍ ഡിസൈന് ആനുപാതികമായി പണിക്കൂലിയും കൂടുതലായിരിക്കും. 20 ശതമാനം പണിക്കൂലി കൂട്ടിയാല്‍ ഒരു പവന്‍ ആഭരണത്തിന് 63,000 രൂപയെങ്കിലും കൊടുക്കണം. രാജ്യാന്തരവില ഔണ്‍സിന് 6 ഡോളറോളം ഉയര്‍ന്ന് 2,286.04 ഡോളറെന്ന റെക്കോഡിലാണ് ഇപ്പോഴുള്ളത്. വില വൈകാതെ 2,300 ഡോളര്‍ ഭേദിച്ചേക്കും. ഇതിന് ആനുപാതികമായി കേരളത്തിലെ വിലയും ഉയരും. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴുന്നതും തിരിച്ചടിയാണ്.
വ്യാജ അക്കൗണ്ടുകൾ ഇല്ല സിപിഎം.
◾ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അക്കൗണ്ടുകളുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പിനും ഇലക്ഷന്‍ കമ്മീഷനും നല്‍കിയിട്ടുണ്ട്. ചിലര്‍ നടത്തുന്ന പ്രചാരവേലകള്‍ വസ്തുതാവിരുദ്ധമാണ്. ജനങ്ങള്‍ ഇത് തള്ളിക്കളയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
മദ്യനയ കേസിൽ സുപ്രീംകോടതി ജാമ്യം നൽകി.
◾ മദ്യനയ കേസില്‍ അറസ്റ്റിലായി ആറ് മാസത്തോളം ജയിലായിരുന്ന എഎപി നേതാവ് സഞ്ജയ് സിങിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഇഡിയെ വിമര്‍ശിച്ച സുപ്രീം കോടതി സഞ്ജയ് സിങ്ങിനെതിരെ തെളിവെവിടെയെന്ന് ചോദിച്ചു. മാപ്പുസാക്ഷിയായ ദിനേഷ് അറോറയുടെ മൊഴിയിലും ഇദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടായിരുന്നില്ല. ഇതാണ് ജാമ്യം ലഭിക്കാന്‍ സഹായമായത്. ഇഡി ആരോപിച്ച നിലയില്‍ സഞ്ജയ് സിങ് കൈപ്പറ്റിയെന്ന് പറയുന്ന പണം കണ്ടെത്താന്‍ കഴിയാതിരുന്നതും ജാമ്യം ലഭിക്കുന്നതില്‍ നിര്‍ണായകമായി.
ടിടിയെ ട്രയിനിൽ നിന്ന് അതിഥി തൊഴിലാളി തള്ളിയിട്ട് കൊന്നു.
◾ തൃശ്ശൂര്‍ വെള്ളപ്പായയില്‍ ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു. എറണാകുളം-പട്‌ന എക്‌സ്പ്രസിലാണ് സംഭവം നടന്നത്. പ്രതി ഒഡിഷ സ്വദേശി രജനീകാന്ത പാലക്കാട് റെയില്‍വേ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കുന്നംകുളത്തെ ഹോട്ടല്‍ തൊഴിലാളിയായ രജനീകാന്ത മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ടിടിഇ കെ. വിനോദ് സിനിമരംഗത്തും സജീവമാണ്. പുലിമുരുകന്‍, ഗ്യാങ്സ്റ്റര്‍, വിക്രമാദിത്യന്‍, ജോസഫ് തുടങ്ങി പതിനാലിലധികം സിനിമകളിലെ ചെറിയ വേഷങ്ങളില്‍ വിനോദ് അഭിനയിച്ചിട്ടുണ്ട്.
◾ മുഖ്യമന്ത്രി പിണറായി വിജയന്‍ വാ തുറക്കുന്നത് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കാനാണെന്നും നരേന്ദ്ര മോദിയെ പേരെടുത്തു വിമര്‍ശിക്കുന്നതു നിങ്ങള്‍ എവിടെയെങ്കിലും കേട്ടോയെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. പൗരത്വ നിയമത്തില്‍ യുഡിഎഫ് എംപിമാര്‍ പ്രതികരിച്ചില്ലെന്നതിനു പുറമെ രാഹുല്‍ ഗാന്ധി മണിപ്പുര്‍ സന്ദര്‍ശിച്ചില്ലെന്ന തരത്തിലുള്ള നട്ടാല്‍ കുരുക്കാത്ത നുണകളാണു മുഖ്യമന്ത്രി പറയുന്നതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിട്ടു.
◾കോട്ടയം കളത്തിപ്പടി അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ വി ബ്രിജേഷിനെ പിരിച്ചുവിട്ടു. തിരുവല്ല ഡിപ്പോയില്‍ നിന്ന് മധുരയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് ഇരുചക്ര വാഹന യാത്രികന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ അമിതവേഗതയും, അശ്രദ്ധമായ ഡ്രൈവിംഗും കാരണമാണ് അപകടമുണ്ടായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
◾ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസകിനെ ന്യായീകരിച്ച് കിഫ്ബി സിഇഒ. മസാല ബോണ്ട് ഇറക്കിയതിന്റെയും ഫണ്ട് വിനിയോഗത്തിന്റെയും പ്രധാന ഉത്തരവാദിത്തം തോമസ് ഐസകിനാണെന്ന ഇഡി വാദം തെറ്റാണെന്ന് കിഫ്ബി സിഇഒ ഹൈക്കോടതിയെ അറിയിച്ചു.
യുഎപിഎ ചുമത്താൻ കേരള സർക്കാരിന് അധികാരം ഇല്ലങ്കിൽ അലനും താഹക്കും എതിരെ സംസ്ഥാന സർക്കാർ എങ്ങനെ യുഎപിഎ ചുമത്തിയെന്ന് എം എം ഹസ്സൻ.
◾ റിയാസ് മൗലവി വധക്കേസ് ഉന്നതപോലീസ് സംഘം പുനഃരന്വേഷിക്കണമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍ . ഒരു മുസ്ലീംപണ്ഡിതനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസില്‍ യുഎപിഎ ചുമത്താതിരുന്നത് വ്യക്തമായ അന്തര്‍ധാരയുടെ അടിസ്ഥാനത്തിലാണ്. അതു സര്‍ക്കാരിന്റെ നയമല്ലെന്നുമാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. അതേ മുഖ്യമന്ത്രിയാണ് മാവോയിസ്റ്റ് സാഹിത്യം വായിച്ചെന്ന പേരില്‍ അലന്റെയും താഹയുടെയും ജീവിതം യുഎപിഎ ചുമത്തി ജയിലിടച്ച് തകര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശോഭാ സുരേന്ദ്രനെതിരെ ക്രിമിനല്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാല്‍.
◾ ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ ക്രിമിനല്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാല്‍. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയത്. 2004 ല്‍ രാജസ്ഥാനിലെ അന്നത്തെ ഖനിമന്ത്രി ശ്രീഷ്‌റാം ഓലെയുമായി ചേര്‍ന്ന് കരിമണല്‍ വ്യവസായികളില്‍ നിന്ന് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി എന്ന ശോഭാ സുരേന്ദ്രന്റെ ആരോപണത്തിനെതിരെയാണ് കേസ്.
ആന്റോ ആൻറണി പത്രിക സമർപ്പിച്ചു.
◾ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഉറക്കം, അമിത ക്ഷീണം, നിര്‍ജ്ജലീകരണം, പുറംവേദന, കണ്ണിന് കൂടുതല്‍ ആയാസം സൃഷ്ടിക്കല്‍ എന്നിവയെല്ലാം സുരക്ഷിതമായ യാത്രയെ ബാധിക്കുമെന്ന് എംവിഡി അറിയിച്ചു. രാത്രികാല ഉറക്കത്തേക്കാള്‍ അപകടകരമാണ് പകല്‍ സമയത്തെ മയക്കമെന്നും എംവിഡി വ്യക്തമാക്കി.
◾ അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോട്ടയം സ്വദേശികളായ നവീന്‍, ഭാര്യ ദേവി, ദേവിയുടെ സുഹൃത്ത് ആര്യ എന്നിവരുടെ നവമാധ്യമ ഇടപെടലുകള്‍ വിശദമായി പരിശോധിക്കുമെന്ന് പൊലീസ്. മരണാനന്തര ജീവിതത്തില്‍ മൂന്ന് പേരും വിശ്വസിച്ചിരുന്നതായും, ഇവരുടെ മരണകാരണം ബ്ലാക്ക് മാജിക്ക് ആണോയെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാനായിട്ടില്ലെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു പറഞ്ഞു. ആത്മഹത്യയെന്ന് തന്നെയാണ് പ്രാഥമിക നിഗമനമെന്നും കമ്മീഷണര്‍ പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസിനോട് വിശദീകരണം തേടി.
◾ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന യുഡിഎഫിന്റെ പരാതിയില്‍ മന്ത്രി മുഹമ്മദ് റിയാസിനോട് തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കളക്ടര്‍ വിശദീകരണം തേടി. എന്നാല്‍ നേരത്തെ പ്രഖ്യാപിച്ച കാര്യമാണ് പറഞ്ഞതെന്നും ചെയ്ത കാര്യം പറയുന്നതില്‍ കുതിരകയറിയിട്ട് കാര്യമില്ലെന്നും, ഇനിയും ഇക്കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ എല്‍ഡിഎഫ് നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ കോഴിക്കോട് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു പ്രസംഗത്തില്‍ മന്ത്രി റിയാസ് പറഞ്ഞത്.
◾ വിസ്താരയുടെ ദില്ലി – കൊച്ചി വിമാന സര്‍വീസ് ഉള്‍പ്പടെ കഴിഞ്ഞ ഒരാഴ്ച കമ്പനി ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിര്‍ദ്ദേശപ്രകാരം ഡിജിസിഎ വിശദീകരണം തേടി. പൈലറ്റുമാരുടെ അഭാവമാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് കമ്പനി പറയുന്നത്.
മിന്നലേറ്റ് യുവാവ് മരിച്ചു.
◾ എറണാകുളം കോതമംഗലത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നലില്‍ യുവാവിന് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് വടാട്ടുപാറ പുഴയോരത്തെ മരച്ചുവട്ടില്‍ നില്‍ക്കുമ്പോഴാണ് ബേസില്‍ എന്ന യുവാവ് മിന്നലേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവര്‍ ബേസിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
◾ തൃശൂര്‍ തളിക്കുളം ഹാഷ്മി നഗറില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നൂല്‍പാടത്ത് അബ്ദുള്‍ ഖാദര്‍(85), ഭാര്യ ഫാത്തിമ ബീവി(66) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
എസ്എസ്എൽസി ഹയർസെക്കൻഡറി മൂല്യനിർണയം ഇന്ന് ആരംഭിക്കുന്നു.
◾ എസ്എസ്എല്‍സി, ടി ച്ച് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി, വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയം ഇന്ന് ആരംഭിക്കും. എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിനായി 70 ക്യാമ്പുകളും, ഹയര്‍ സെക്കന്‍ഡറിയില്‍ 77 ഉം, ടി ച്ച് എസ് എല്‍ സിയ്ക്കായി രണ്ടും, വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 8 ക്യാമ്പുകളിലും ആയാണ് മൂല്യനിര്‍ണയം നടക്കുക.
◾ കോണ്‍ഗ്രസ് ഇന്ത്യയുടെ പരമാധികാരത്തില്‍ വിശ്വസിക്കുന്നില്ലെന്നും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളെ പിന്തുണയ്ക്കുകയാണെന്നും വിമര്‍ശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അമിത് ഷായുടെ വിമര്‍ശനം.
◾ ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവാണ് മോദിയെന്ന് നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്ത്. മോദി സാധാരണക്കാരനായ മനുഷ്യനല്ലെന്നും മോദിയുടെ കീര്‍ത്തി ലോകം മുഴുവന്‍ പ്രചരിക്കുന്നു എന്നും കങ്കണ പറഞ്ഞു..
◾ ഐക്യരാഷ്ട്രസംഘടനയുടെ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്കു സ്ഥിരാംഗത്വം ലഭിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ഇന്ത്യയ്ക്ക് ഈ സ്ഥാനം ലഭിക്കണമെന്നു ലോകമെമ്പാടും ഒരു തോന്നല്‍ ഉള്ളതിനാല്‍ രാജ്യം അതിനായി ഇത്തവണ കൂടുതല്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾ ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ ഒമ്പത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ലെന്ദ്ര ഗ്രാമത്തിന് സമീപമുള്ള വനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത നക്‌സല്‍ വിരുദ്ധ ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടല്‍.
◾ ഇസ്താംബൂളിലെ ബെസിക്താസ് ജില്ലയിലെ ഗെയ്‌റെറ്റെപ്പില്‍ 16 നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. നിശാക്ലബ് സ്ഥിതി ചെയ്യുന്ന ഫ്ലോറിന്റെ താഴെയുള്ള ഒന്നും രണ്ടും നിലകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് തീപിടുത്തമുണ്ടായത്.
◾ സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണം 11 ആയി. ആക്രമണത്തില്‍ ഇസ്രയേല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ള വ്യക്തമാക്കി.
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് റോയല്‍ ചലഞ്ചേഴ്‌സിന് ജയം
◾ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ 28 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റിംഗിനെത്തിയ ലഖ്‌നൗ 81 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കിന്റെയും 40 റണ്‍സെടുത്ത നിക്കോളാസ് പൂരന്റേയും മികവില്‍ 182 റണ്‍സ് നേടി. എന്നാല്‍ സ്വന്തം ഗ്രൗണ്ടില്‍ മറുപടി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 19.4 ഓവറില്‍ 153 റണ്‍സിന് എല്ലാവരും പുറത്തായി. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്്ത്തിയ മായങ്ക് യാദവാണ് ആര്‍സിബിയെ തകര്‍ത്തത്.
◾ കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യന്‍ റെയില്‍വേയ്ക്ക് റെക്കോര്‍ഡ് വരുമാനം. 2023-24 സാമ്പത്തികവര്‍ഷത്തില്‍ 2.56 ലക്ഷം കോടി രൂപയാണ് റെയില്‍വേയ്ക്ക് വരുമാനമായി ലഭിച്ചത് എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം 2.40 ലക്ഷം കോടി രൂപയായിരുന്ന സ്ഥാനത്താണ് ഈ വര്‍ധന.