ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ.
കരയിലെ തിരച്ചിൽ അവസാനിപ്പിക്കുവാൻ തീരുമാനം.
ഇനി തിരച്ചിൽ പുഴയിൽ.
ശക്തമായ മഴ തിരച്ചിലിന് തടസ്സം.
ദ്യക്സാഷികൾ പറഞ്ഞ സ്ഥലത്ത് തന്നെ ലോറി.
തിരച്ചിലിനു വേണ്ടി കൂടുതല്‍ അത്യാധുനിക സംവിധാനങ്ങള്‍ സൈന്യം എത്തിച്ചു.പൂണെയില്‍ നിന്നും ചെന്നൈയില്‍ നിന്നുമായി കൂടുതല്‍ റഡാറുകള്‍ അടക്കം കൊണ്ടുവന്നിട്ടുണ്ട്
ഉപഗ്രഹ ദൃശ്യങ്ങൾ ഐഎസ്ആർഒയുടെ കൈവശമില്ല.
◾അർജുനും ലോറിയും മണ്ണിനടിയിൽപ്പെട്ട ഷിരൂർ കുന്നിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ ഐഎസ്ആർഒയുടെ കൈവശമില്ല. അപകടസമയത്ത് ഇന്ത്യൻ ഉപഗ്രഹങ്ങൾ ഷിരൂർ കുന്നിന്റെ ദൃശ്യങ്ങൾ പകർത്തിയിട്ടില്ല.അപകടം നടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പും അതിന് ശേഷം വൈകുന്നേരം ആറിനുമാണ് ഇവിടുത്തെ ദൃശ്യങ്ങൾ ഇന്ത്യൻ ഉപഗ്രഹങ്ങൾ പകർത്തിയിട്ടുള്ളത്
◾ചാലക്കുടി പാലത്തിൽ വെച്ച് ട്രയിനിൽ നിന്നും 3 പേർ നദിയിലേക്ക് ചാടിയതായി ലോക്കോ പൈലറ്റ്.
പോലിസ് പരിശോധന നടത്തുന്നു.
യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍ പിന്മാറി.
◾ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ യു.എസ്. പ്രസിഡന്റുമായ ജോ ബൈഡന്‍ പിന്മാറി.
അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. രാജ്യത്തിന്റേയും പാര്‍ട്ടിയുടെയും നല്ലതിനായി മത്സരത്തില്‍നിന്ന് പിന്മാറുന്നുവെന്ന് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ജോ ബൈഡന്‍ വ്യക്തമാക്കി. യുഎസ് തിരഞ്ഞെടുപ്പിന് 4 മാസം മാത്രം ബാക്കിനില്‍ക്കേയാണ് ബൈഡന്റെ പിന്മാറ്റം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപുമായി ജൂണില്‍ നടന്ന സംവാദത്തിലെ ദുര്‍ബലമായ പ്രകടനത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറാന്‍ ജോ ബൈഡനുമേല്‍ പാര്‍ട്ടിയില്‍നിന്ന് വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. ബൈഡനു പകരം വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.◾ പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പാര്‍ലമെന്റിലും ചെങ്കോട്ട മേഖലയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാന്‍ തീവ്രവാദികളെന്ന് അവകാശപ്പെടുന്ന സംഘത്തിന്റെ ഭീഷണിസന്ദേശം ലഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. സി.പി.എം. രാജ്യസഭാ എം.പി.മാരായ വി. ശിവദാസിനും എ.എ. റഹിമിനുമാണ് ഇന്നലെ രാത്രി വൈകി സിഖ് ഫോര്‍ ജസ്റ്റിസിന്റെപേരിലുള്ള സന്ദേശം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഖലിസ്ഥാന്‍ അനുകൂലമല്ലെങ്കില്‍ എം.പി.മാര്‍ വീട്ടിലിരിക്കേണ്ടിവരുമെന്നും സന്ദേശത്തില്‍ പറയുന്നു.
◾ സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശി മരിച്ചു. ഇന്നലെ രാവിലെ 11.30 ഓടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരണം സ്ഥിരീകരിച്ചു . മരിച്ച 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ 4 പേര്‍ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചു.
◾ നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റര്‍ അകലെ താമസിക്കുന്ന 68 കാരനെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. നിപ ലക്ഷണങ്ങളുണ്ടെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അതേസമയം 68-കാരന്റെ പ്രാഥമിക സ്രവപരിശോധനാ ഫലം നെഗറ്റീവാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. മെഡിക്കല്‍ കോളേില്‍ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് നിപ ബാധയില്ലെന്ന് വ്യക്തമായത്. പൂനെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സ്രവ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിയന്ത്രണം ഏർപ്പെടുത്തി.◾ നിപ രോഗലക്ഷണവുമായി ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സാഹചര്യത്തില്‍ ആശുപത്രിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി അധികൃതര്‍. അത്യാവശ്യമുള്ളവര്‍ മാത്രം ഒപി പരിശോധനക്ക് എത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്കും കര്‍ശന നിയന്ത്രണം. അതേസമയം, അത്യാഹിത വിഭാഗം സാധാരണ പോലെ പ്രവൃത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
◾ കേരളത്തില്‍ ഒരു നിപ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നിര്‍ദേശങ്ങളുമായി കേന്ദ്രം. രോഗബാധിതരുടെ 12 ദിവസത്തെ സമ്പര്‍ക്കങ്ങള്‍ കണ്ടെത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സംഘത്തെ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ നിയോഗിക്കും. സമ്പര്‍ക്കത്തില്‍ വന്നവരെ അടിയന്തരമായി ക്വാറന്റീനിലേക്ക് മാറ്റണം. സാമ്പിള്‍ പരിശോധനയ്ക്ക് അയക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മൊബൈല്‍ ബിഎസ്എല്‍ 3 ലബോറട്ടറി കോഴിക്കോട് എത്തിച്ചുവെന്നും കേന്ദ്രം വിശദീകരിച്ചു.
◾ മലപ്പുറത്ത് നിപ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്ന 7 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ്. ആറ് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുളളത്. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കള്‍ക്കും രോഗലക്ഷണമില്ല. സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരില്‍ 101 പേരെ ഹൈറിസ്‌ക്ക് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
◾ മലപ്പുറത്ത് നിപ ബാധിച്ച് മരണമടഞ്ഞ കുട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും, കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകളും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആവശ്യമായ അതിതീവ്ര പരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
◾ വയനാട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീയാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം കേരളത്തില്‍ കനത്ത മഴയ്ക്ക് ശമനം. കണ്ണൂരും കാസര്‍കോട് ജില്ലകളിലും മാത്രമാണ് ഇന്ന് മഞ്ഞ അലര്‍ട്ടുള്ളത്.
അർജുനന് വേണ്ടി ഇനി തിരച്ചിൽ നദിയിൽ.◾കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടി റോഡിലുളള തെരച്ചില്‍ ഇനി റോഡില്‍ തുടര്‍ന്നേക്കില്ല. റോഡിലേക്ക് വീണ 90% മണ്ണും നീക്കിയെന്നും, ഇത്രയും തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കര്‍ണാടക റവന്യൂ മിനിസ്റ്റര്‍ വ്യക്തമാക്കി. ജിപിഎസ് സിഗ്നല്‍ കിട്ടിയ ഭാഗത്ത് ലോറിയില്ലെന്ന വിവരമാണ് തെരച്ചിലിന് ഉണ്ടായിരുന്നവര്‍ നല്‍കുന്നത്. അതിനാല്‍ കരയില്‍ ട്രക്ക് ഉണ്ടാവാന്‍ സാധ്യത വളരെ കുറവാണെന്നും കര്‍ണാടക റവന്യു മന്ത്രി വിശദീകരിച്ചു.
◾ കര്‍ണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടിയുളള തിരച്ചില്‍ ഗംഗാവാലി പുഴയിലേക്ക്. തിരച്ചിലിനു വേണ്ടി കൂടുതല്‍ അത്യാധുനിക സംവിധാനങ്ങള്‍ സൈന്യം എത്തിക്കും. പൂണെയില്‍ നിന്നും ചെന്നൈയില്‍ നിന്നുമായി കൂടുതല്‍ റഡാറുകള്‍ അടക്കം കൊണ്ടുവരും. വലിയ മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തില്‍ പുഴയിലെ മണ്‍കൂനയിലാകാം ലോറി ഉള്ളതെന്നാണ് ഇപ്പോള്‍ സൈന്യത്തിന്റെ നിഗമനം.
◾ എഐവൈഎഫ് പത്തനംതിട്ട ജില്ലാ ശില്‍പശാലയില്‍ മുഖ്യമന്ത്രിക്ക് നേരെ വിമര്‍ശനം. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ആണ് മുഖ്യമന്ത്രിക്ക് നേരെ വിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലിയും ധാഷ്ട്യവും ജനവികാരം എതിരാക്കിയെന്നും മുഖ്യമന്ത്രിയുടെ ‘രക്ഷാപ്രവര്‍ത്തന’ പരാമര്‍ശം സര്‍ക്കാരിന്റെ പ്രതിഛായയെത്തന്നെ ബാധിച്ചുവെന്നും ശില്‍പശാലയില്‍ അഭിപ്രായമുയര്‍ന്നു.
സാമൂഹിക ക്ഷേമപെൻഷൻ വിതരണം 24ന് ആരംഭിക്കും.◾ സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെന്‍ഷന്‍ വിതരണം ജൂലൈ 24 ന് തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ . 1600 രൂപ വീതം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനുവേണ്ടി 900 കോടി രൂപ അനുവദിച്ചു. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തിക്കും
◾ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദനെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍. വള്ളം മുങ്ങാന്‍ നേരം കിളവിയെ വെള്ളത്തിലിടുന്നത് പോലെ എസ് എന്‍ സി പി യെ വെള്ളത്തിലിടാന്‍ നോക്കേണ്ടെന്നും, എസ് എന്‍ ഡി പിയുടെ പാരമ്പര്യം മലബാറിലെ ചില നേതാക്കള്‍ക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോവിന്ദന്‍ മാഷ് ആരൂ പറഞ്ഞാലും തിരുത്തില്ലെന്നും അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ന്യൂനപക്ഷ പ്രീണനമാണ് എല്‍ഡിഎഫിന്റെ വലിയ പരാജയത്തിന് കാരണമെന്നും കാലഘട്ടത്തിന്റെ മാറ്റം എല്‍ഡിഎഫ് തിരിച്ചറിഞ്ഞ് പ്രായോഗികമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഡോ. എം കെ മുനീര്‍ നടത്തിയ സത്യഗ്രഹം പ്രകടനം മാത്രമാണെന്ന പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവന അങ്ങേയറ്റം നിലവാരമില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുസ്ലിം ലീഗിന്റെ സമുന്നത നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീറിനെ അപമാനിക്കുകയാണ് മന്ത്രി ചെയ്തതെന്നും നിരുത്തരവാദപരവും അപഹാസ്യവുമായ പ്രതികരണമാണ് വി ശിവന്‍കുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
വിവരാവകാശം നൽകാൻ താമസിപ്പിച്ച ഉദ്യോഗസ്ഥന് പിഴ◾ വിവരാവകാശപ്രകാരമുള്ള വിവരങ്ങള്‍ നല്‍കാന്‍ 50 ദിവസം വൈകിപ്പിച്ച ഉദ്യോഗസ്ഥന് 12500 രൂപ പിഴ ചുമത്തി വിവരാവകാശ കമ്മിഷന്‍. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പബ്ലിക് ഓഫീസര്‍ ആരിഫ് അഹമ്മദാണ് സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവുണ്ടായിട്ടും വിവരം വൈകിച്ചത്. പുതുപ്പണം മന്തരത്തൂര്‍ ശ്രീമംഗലത്ത് വിനോദ് കുമാറിന് ആവശ്യപ്പെട്ട വിവരങ്ങള്‍ അപേക്ഷയിലും അപ്പീലിലും നിഷേധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം കമ്മിഷനെ സമീപിച്ചത്.
◾ ഉമ്മന്‍ചാണ്ടി അനുസ്മരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചാണ്ടി ഉമ്മന്‍. ചടങ്ങില്‍ പറഞ്ഞത് വ്യക്തിപരമായ കാര്യമാണെന്നും അതൊരു രാഷ്ട്രീയവേദിയായിരുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ മറുപടി നല്‍കി. ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ സഹായങ്ങള്‍ എടുത്തു പറഞ്ഞായിരുന്നു ചാണ്ടി ഉമ്മന്‍ അനുസ്മരണ വേദിയില്‍ പ്രസംഗിച്ചത്.
◾ മരം വീണ് മനുഷ്യ ജീവന്‍ നഷ്ടപ്പെട്ടാല്‍ ഉത്തരവാദി മൂന്നാര്‍ ഡി എഫ് ഒ ആണെന്ന് ഇടുക്കി കളക്ടര്‍ ഷീബ ജോര്‍ജ്. ദേശീയ പാതയോരത്തെ മരങ്ങള്‍ മുറിച്ച് നീക്കാനുള്ള നിര്‍ദ്ദേശം നടപ്പിലാക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് ഇടുക്കി കളക്ടറുടെ ഉത്തരവ്. പ്രദേശത്തെ മരങ്ങള്‍ നീക്കം ചെയ്യുന്നതിന് നിരവധി തവണ നിര്‍ദേശം നല്‍കിയിട്ടും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് കളക്ടര്‍ ഉത്തരവില്‍ പറയുന്നത്.
◾ മുക്കം നഗരസഭയിലെ കാതിയോട് മുണ്ടുപാറയില്‍ തോട്ടില്‍ രാസമാലിന്യം തള്ളിയതിന് സ്ഥാപന ഉടമക്ക് 50,000 രൂപ പിഴയും ചുമത്തി. കാതിയോട് പ്രവര്‍ത്തിക്കുന്ന വണ്ടര്‍സ്റ്റോണ്‍ മാര്‍ക്കറ്റിങ് എന്ന സ്ഥാപനത്തിന്റെ പെയിന്റ് ഗോഡൗണില്‍ നിന്നാണ് രാസമാലിന്യം തോട്ടിലേക്ക് ഒഴുക്കിയത്. തുടര്‍ന്ന് വെള്ളം കാണാത്ത തരത്തില്‍ കിലോമീറ്ററുകളോളം ഭാഗത്ത് പത ഉയര്‍ന്നുവരികയായിരുന്നു. രൂക്ഷമായ ഗന്ധവും അനുഭവപ്പെട്ടു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം അധികൃതര്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്ഥാപനം അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി.
പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം രാഹുൽ ഗാന്ധിക്ക്.◾ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മയ്ക്കായി ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഉമ്മന്‍ചാണ്ടി പൊതുപ്രവര്‍ത്തക പുരസ്‌കാരം രാഹുല്‍ഗാന്ധിക്ക്. ഒരുലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. ഡോ. ശശി തരൂര്‍ എംപി ചെയര്‍മാനായ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
◾ വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയ ലൈന്ഡമാനെതിരെ പരാതി നല്‍കിയ കുടുംബത്തെ ഇരുട്ടിലാക്കി വീണ്ടും കെഎസ്ഇബിയുടെ പ്രതികാര നടപടി. തിരുവനന്തപുരം അയിരൂര്‍ സ്വദേശി രാജീവാണ് പരാതിക്കാരന്‍. അതിനിടെ, വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി കണക്ഷന്‍ പുനഃസ്ഥാപിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കെ.എസ്.ഇ.ബി. രാജീവിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.
തൃശ്ശൂരിൽ ടൊർണാഡോ◾ തൃശ്ശൂരില്‍ വരന്തരപ്പള്ളി പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡ് ഉള്‍പ്പെടുന്ന തെക്കേ നന്തിപുരത്ത് ചുഴലി കൊടുങ്കാറ്റ്. ചുഴലിയില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായി. എറിയക്കാട് ഗിരീഷിന്റെ മുന്നൂറിലധികം കുലച്ച ഏത്ത വാഴകള്‍ ഒടിഞ്ഞുവീണു. നിരവധി വീടുകളില്‍ ജാതി മരങ്ങള്‍ കടപുഴകി. വന്‍മരങ്ങളും കടപുഴകി വീണു. തോട്ടത്തില്‍ മോഹനന്‍ എന്നയാളുടെ വീടിന്റെ ഷീറ്റിട്ട ടെറസ് പറന്നു പോയി. വൈദ്യുതി ലൈനുകളും വ്യാപകമായി നശിച്ചു.
◾ ആമയിഴഞ്ചാന്‍ തോട്ടിലേക്ക് മാലിന്യം ഒഴുക്കി വിട്ടതിനെ തുടര്‍ന്ന് തമ്പാനൂരില്‍ പ്രവര്‍ത്തിക്കുന്ന പോത്തീസ് സ്വര്‍ണ്ണ മഹല്‍ പൂട്ടിച്ചു. ലൈസന്‍സില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചതെന്നും കണ്ടത്തി. പൊലീസും നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥാപനത്തിലെത്തിയാണ് പൂട്ടിച്ചത്. പോത്തീസ് സ്വര്‍ണ്ണമഹലില്‍ നിന്നും മാലിനും ഓടയിലേക്ക് ഒഴുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നഗരസഭയ്ക്ക് ലഭിച്ചിരുന്നു.
◾ കുത്തിവെയ്പിനു പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം. യുവതിയുടെ മൃതദേഹവുമായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയുടെ മുന്നില്‍ ബന്ധുക്കളും പൊതുപ്രവര്‍ത്തകരും പ്രതിഷേധിച്ചു. ആശുപത്രിയുടെ അനാസ്ഥമൂലമാണ് യുവതി മരിച്ചതെന്നാണ് ആരോപണം. പ്രതിഷേധക്കാര്‍ നെയ്യാറ്റിന്‍കര റോഡ് ഉപരോധിച്ചു. യുവതിയെ ചികിത്സിച്ച ഡോക്ടറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യണം, കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണം, കുട്ടിയുടെ പഠന ചിലവ് ഉള്‍പ്പടെ ഉറപ്പ് വരുത്തണം എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതിനു ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഡോക്ടർ നിരപരാധി എന്ന കെ ജി എം ഓ◾ കുത്തിവയ്പ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി നെയ്യാറ്റിന്‍കരയില്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെജിഎംഒഎ. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ യുടെ വിശദീകരണം. ഉദര സംബന്ധമായ അസുഖങ്ങള്‍ക്ക് സാധാരണഗതിയില്‍ നല്‍കുന്ന പാന്റോപ്രസോള്‍ എന്ന മരുന്ന് മാത്രമാണ് രോഗിക്ക് നല്‍കിയിട്ടുള്ളത്. ഏതൊരു മരുന്നിനും സംഭവിക്കാവുന്ന ദ്രുതഗതിയില്‍ ഉണ്ടാകുന്ന മാരകമായ അലര്‍ജി പ്രക്രിയ അഥവാ അനാഫൈലാക്സിസ് ആകാം രോഗിക്ക് സംഭവിച്ചിട്ടുള്ളതെന്നാണ് കെജിഎംഒയുടെ വിശദീകരണം.
◾ പെരിന്തല്‍മണ്ണയില്‍ ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം. പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അശ്റഫ്, മകന്‍ മുഹമ്മദ് അമീന്‍ എന്നിവരാണ് മരിച്ചത്. കൃഷിക്ക് വെള്ളം പമ്പു ചെയ്യുന്ന മോട്ടോര്‍ പുരയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടത്. അച്ഛന് ഷോക്കേറ്റപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകനും മരിച്ചതെന്നാണ് വിവരം.
◾ മലപ്പുറത്ത് തോണി മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി കിഴക്കേതില്‍ റഫീക്കിന്റെ മകന്‍ ആഷിക്ക് (23), ചിയ്യാനൂര്‍ സ്വദേശി മേച്ചിനാത്ത് കരുണാകരന്റെ മകന്‍ സച്ചിന്‍ (23) എന്നിവരാണ് മരിച്ചത്.
മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി.◾ ലാത്വിയയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ മലയാളി വിദ്യാര്‍ത്ഥി ആല്‍ബിന്‍ ഷിന്റോയുടെ മൃതദേഹം കണ്ടെത്തി. ആല്‍ബിന്‍ അകപ്പെട്ട സ്ഥലത്ത് നിന്ന് 150 മീറ്റര്‍ അകലെയായിരുന്നു മൃതദേഹം. ആല്‍ബിന്‍ ഷിന്റോയ്ക്കായി കൂട്ടുകാര്‍ തെരച്ചിലിനു തയ്യാറെടുത്ത് തടാകക്കരയില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ലാത്വിയന്‍ പൊലീസ് ശരീരം കരയ്ക്കെത്തിച്ച് തുടര്‍ നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
◾ ദുബൈ മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 എന്ന ആഡംബര നൗകയ്ക്ക് നടന്‍ ആസിഫ് അലിയുടെ പേര് നല്‍കി. രജിസ്ട്രേഷന്‍ ലൈസന്‍സിലും പേര് മാറ്റും. സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫ് അലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരവും പിന്തുണയും അറിയിച്ചാണ് ഈ പേരുമാറ്റമെന്ന് ഡി3 ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഷെഫീഖ് മുഹമ്മദ് അലി പറഞ്ഞു. പല നിലയില്‍ വഷളാകുമായിരുന്ന വിഷയം പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവര്‍ക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ഗുജറാത്തില്‍ ചാന്ദിപുര വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചാന്ദിപുര വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 65 ആയി. 12 ജില്ലകളിലെ വിവിധ ഗ്രാമങ്ങളിലും അഹമ്മദാബാദ്, വഡോദര, രാജ്കോട്ട് തുടങ്ങിയ നഗരങ്ങളിലുമാണ് രോഗബാധിതരുള്ളത്. ചാന്ദിപുര വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി സര്‍ക്കാര്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു.
◾ ഹൈന്ദവ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും കല്‍ക്കി ധാം പീതാധീശ്വര്‍ ആചാര്യനുമായ പ്രമോദ് കൃഷ്ണം കല്‍ക്കി എഡി 2898 എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചു. ഹിന്ദു മതഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്ന ദൈവങ്ങളെ തെറ്റായി ചിത്രീകരിക്കുകയാണ് നിര്‍മ്മാതാക്കള്‍ ചെയ്തതെന്നാണ് ആരോപണം.
◾ കന്‍വര്‍ തീര്‍ത്ഥാടകര്‍ യാത്ര ചെയ്യുന്ന മുസഫര്‍ ജില്ലയിലെ വഴികളിലെ ഭക്ഷണ ശാലകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന യുപി സര്‍ക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായതോടെ ഉത്തര്‍ പ്രദേശില്‍ ജാഗ്രത കര്‍ശനമാക്കി. കന്‍വര്‍ യാത്ര വിവാദം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിക്കും.
◾ മദ്യനയക്കേസില്‍ ജയിലില്‍ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കാന്‍ ഗൂഡാലോചനയെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ജയിലിലിട്ട് പീഡിപ്പിച്ച് കെജ്രിവാളിന്റെ ആരോഗ്യം തകര്‍ക്കുകയാണ് ബിജെപി ലക്ഷ്യമെന്നും എഎപി എംപി സജ്ഞയ് സിംഗ് ആരോപിച്ചു. കെജ്രിവാള്‍ കൃത്യമായി മരുന്നും ഭക്ഷണവും കഴിക്കുന്നില്ലെന്നും ഇതിന്റെ കാരണം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ദില്ലി ലെഫ്. ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതിന് പിന്നാലെയാണ് എഎപിയുടെ പുതിയ ആരോപണം.
◾ യു.പി.യില്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച ബി.ജെ.പി. മുന്‍ എം.എല്‍.എ. ഉദയ്ഭന്‍ കര്‍വാരിയയെ നാലുവര്‍ഷത്തിന് ശേഷം ജയില്‍ മോചിതനാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശം. 1996-ല്‍ സമാജ്വാദി പാര്‍ട്ടി എം.എല്‍.എ.യായിരുന്ന ജവഹര്‍ യാദവിനെ കൊലപ്പെടുത്തിയ കേസില്‍ 2019 മുതല്‍ ശിക്ഷയനുഭവിച്ചുവരികയായിരുന്നു ഉദയ്ഭന്‍ കര്‍വാരിയ. അതേസമയം. സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് ജവഹര്‍ യാദവിന്റെ ഭാര്യയും നാലുതവണ എം.എല്‍.എ.യുമായ വിജയ്മ യാദവ് അറിയിച്ചു.
◾ ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഔറംഗസേബ് ഫാന്‍സ് ക്ലബിന്റെ നേതാവാണെന്നും കസബിന് ബിരിയാണി കൊടുത്തവര്‍ക്കൊപ്പമാണ് നിങ്ങള്‍ ഇരിക്കുന്നതെന്ന് ഓര്‍മ വേണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തെയാണ് അമിത് ഷാ ഔറംഗസേബ് ഫാന്‍സ് ക്ലബ് എന്ന് വിളിച്ച് ആക്ഷേപിച്ചത്.
◾ നൂഹ് ജില്ലയില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി ഹരിയാണ സര്‍ക്കാര്‍. ബള്‍ക്ക് എസ്.എം.എസ്. സര്‍വീസുകള്‍ക്കും നിരോധനമുണ്ട്. ഇന്നലെ വൈകീട്ട് ആറുമുതല്‍ ഇന്ന് വൈകീട്ട് ആറുവരെയാണ് നിരോധനം. ബ്രജ് മണ്ഡല്‍ ജലാഭിഷേക് യാത്രയുടെ പശ്ചാത്തലത്തിലാണ് നടപടി.
◾ ഭക്ഷണ ചലഞ്ച് നടത്തുന്നതിനിടെ ചൈനയിലെ 24-കാരിയായ ഇന്‍ഫ്ലുവന്‍സര്‍ക്ക് ദാരുണാന്ത്യം. തുടര്‍ച്ചയായി 10 മണിക്കൂറിലധികം ഭക്ഷണം കഴിക്കാനുള്ള വെല്ലുവിളികള്‍ ഏറ്റെടുത്തതായിരുന്നു 24കാരിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. പാന്‍ സിയാവോട്ടിംഗ് എന്ന യുവതിയാണ് മരണത്തിന് കീഴടങ്ങിയത്. ഇവര്‍ 10 കിലോ ഭക്ഷണം കഴിക്കാറുണ്ടായിരുന്നുവെന്ന് അവകാശപ്പെട്ടു.
◾ പാരീസ് ഒളിംപിക്‌സ് ആരംഭിക്കാനിരിക്കെ വന്‍ പ്രഖ്യാപനവുമായി ക്രിക്കറ്റ് സംഘടനയായ ബി.സി.സി.ഐ. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് എട്ടരക്കോടി രൂപ സംഭാവന നല്‍കുമെന്ന് ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷാ വ്യക്തമാക്കി. സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.