പ്രധാന വാർത്തകൾ
മങ്കി പോക്‌സ് സ്ഥിരീകരിച്ചത് പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നെത്തിയ യുവാവിന്; രാജ്യം അതീവ ജാഗ്രതയിൽ
◾രാജ്യത്ത് എം പോക്സ് സ്ഥിരീകരികരിച്ച സാഹചര്യത്തിൽ അതീവജാഗ്രതയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ഇന്ത്യയിൽ എം പോക്സ് സ്ഥിരീകരിച്ചത്. കേന്ദ്ര സർക്കാർ ഉന്നതതല യോഗം ചേർന്ന് സാഹചര്യം വിലയിരുത്തും.
◾ രാജ്യത്ത് എംപോക്‌സ് സ്ഥിരീകരിച്ചു. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നീരീക്ഷണത്തില്‍ കഴിയുന്ന യുവാവിന്റെ പരിശോധനാഫലം പോസിറ്റീവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം ജാഗ്രതനിര്‍ദ്ദേശം നല്‍കി. എംപോക്സിന്റെ പഴയ വകഭേദമാണ് സ്ഥിരീകരിച്ചത്. 2022ല്‍ ഇതേ വകഭേദം രാജ്യത്ത് കണ്ടെത്തിയിരുന്നു.
ക്യാൻസർ മരുന്നിന് വില കുറയും.
◾ 54ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കാന്‍സര്‍ മരുന്നുകളുടെ നികുതി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറക്കാന്‍ തീരുമാനിച്ചെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഹെല്‍ത്ത്- ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജി.എസ്.ടി. കുറയ്ക്കുന്ന കാര്യത്തില്‍ നവംബറില്‍ ചേരുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടാവുമെന്നും കേന്ദ്രധനമന്ത്രി അറിയിച്ചു. ഇത് പരിശോധിക്കാനായി മന്ത്രിതല സമിതിയെ നിയോഗിച്ചുവെന്നും ഇന്നലത്തെ ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിനുശേഷം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1000 രൂപ ലഭിക്കും
◾ ഓണം ഉത്സവബത്തയായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് 1000 രൂപ വീതം ലഭിക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 56.91 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 പ്രവൃത്തിദിനം പൂര്‍ത്തിയാക്കിയ 5.69 ലക്ഷം തൊഴിലാളികള്‍ക്കാണ് ഉത്സവബത്ത അനുവദിച്ചത്. അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കും ഓണത്തോടനുബന്ധിച്ച് 1000 രൂപവീതം ഉത്സവബത്ത അനുവദിച്ചു.
തിരുത്തൽ വേണമെന്ന് സിപിഎം
◾ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരായ എഡിജിപി എം.ആര്‍.അജിത്കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും എതിരെയുള്ള ആരോപണങ്ങള്‍ പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന തിരിച്ചറിവില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നു സര്‍ക്കാരിനോടു സിപിഎം നേതൃത്വം നിര്‍ദേശിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടു വിശ്വസ്തര്‍ക്കും സ്ഥാനചലനമുണ്ടാകുമെന്ന സൂചന ശക്തമായി.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
◾ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി ദര്‍വേശ് സാഹേബും ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമുമായി കൂടിക്കാഴ്ച നടത്തി. എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച. സെക്രട്ടറിയേറ്റിലെ ഓഫീസിലായിരുന്നു യോഗം. പതിവ് കൂടിക്കാഴ്ചയുടെ ഭാഗമായിട്ടാണ് യോഗം ചേര്‍ന്നതെന്നാണ് വിവരം.
അട്ടിമറിക്കില്ല എന്ന് എം വി ഗോവിന്ദൻ
◾ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരായ അന്വേഷണം അട്ടിമറിക്കാനുള്ള കഴിവൊന്നും കേരളത്തില്‍ ഒറ്റയാള്‍ക്കുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എ.ഡി.ജി.പിക്കെതിരായ സര്‍ക്കാരിന്റെ അന്വേഷണം പൂര്‍ത്തിയായാല്‍ അതിനനുസരിച്ചുള്ള നിലപാട് സ്വീകരിക്കുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
കൂടിക്കാഴ്ചയെ ന്യായീകരിച്ച് സ്പീക്കർ എ എൻ ഷംസീർ
◾ എഡിജിപി എംആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയില്‍ എഡിജിപിയെ ന്യായീകരിച്ച് സ്പീക്കര്‍ എ. എന്‍ ഷംസീര്‍. എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നും, ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണന്നും ഷംസീര്‍ ചൂണ്ടിക്കാട്ടി.
◾ എഡിജിപി എംആര്‍ അജിത്കുമാര്‍- ആര്‍എസ്എസ് നേതാവ് കൂടിക്കാഴ്ചയെക്കുറിച്ച് സ്പീക്കര്‍ ഷംസീര്‍ നടത്തിയ പ്രസ്താവന സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട് ആണോ എന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. നിക്ഷ്പക്ഷനായിരിക്കേണ്ട സ്പീക്കര്‍ സിപിഎമ്മിന്റെ സൂപ്പര്‍ സെക്രട്ടറി കളിക്കുകയാണെന്നും സിപിഎം നേതാക്കള്‍ പോലും പറയാന്‍ മടിക്കുന്ന കാര്യമാണ് സ്പീക്കര്‍ പറയുന്നതെന്നും പിഎംഎ സലാം പറഞ്ഞു.
◾ കേരളത്തില്‍ സിപിഎം – ബിജെപി അന്തര്‍ധാര സജീവമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.
◾ നിലമ്പൂര്‍ എം എല്‍ എ പിവി അന്‍വര്‍ നടത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയരുന്ന കടുത്ത വിമര്‍ശനങ്ങളെ തള്ളി ഇടത് മുന്‍ എംഎല്‍എ കാരാട്ട് റസാഖ്. നവകേരളത്തെ മുന്നോട്ട് നയിക്കുന്ന പിണറായി വിജയന്‍ ഇതിലും വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് ഈ നിലയില്‍ എത്തിയതെന്നും, ഇതെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നും റസാഖ് സമൂഹ മാധ്യമത്തില്‍ കുറിച്ചു.
അജിത് കുമാറിനെ മാറ്റണമെന്ന് വീണ്ടും പി വി അൻവർ എംഎൽഎ
◾ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് എം എല്‍ എ പി.വി. അന്‍വര്‍ വീണ്ടും ആവശ്യപ്പെട്ടു. അജിത് കുമാര്‍ ചുമതലയില്‍നിന്ന് മാറുന്നതോടെ ഇനിയും ഒരുപാട് ഉദ്യോഗസ്ഥരും ജനങ്ങളും തെളിവുകളുമായി രംഗത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ്. പൊലീസിന്റെ പ്രവര്‍ത്തനം ശരിയല്ലെന്നും, തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ അടക്കം എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നുമാണ് യുവജന സംഘടനയുടെ ആവശ്യം.
◾ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കിയ കന്റോണ്‍മെന്റ് എസ്ഐ ജിജു കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. അബിന്‍ വര്‍ക്കി ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി.
◾ കോടികള്‍ ചെലവിട്ട് സംഘടിപ്പിച്ച നവകേരള സദസ്, എന്റെ കേരളം പദ്ധതികളുടെ നടത്തിപ്പില്‍ വലിയ തട്ടിപ്പ് നടന്നതായും അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി മുഖ്യപങ്കുവഹിച്ചുവെന്നുമുള്ള മാധ്യമ റിപ്പോര്‍ട്ടിന്മേല്‍ അടിയന്തര അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ നടക്കുന്ന അഴിമതികളില്‍ അന്വേഷണം നടത്തി നിജസ്ഥിതി ജനങ്ങളെ അറിയിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
പീഡന പരാതികളില്‍ ചോദ്യം ചെയ്യല്‍ ഉടന്‍ ഉണ്ടാകുമെന്ന് സൂചന.
◾ സിനിമാ മേഖലയിലെ ലൈംഗിക പീഡന പരാതികളില്‍ ചോദ്യം ചെയ്യല്‍ ഉടന്‍ ഉണ്ടാകുമെന്ന് സൂചന. എം.എല്‍.എയും നടനുമായ മുകേഷ് അടക്കമുള്ള പ്രതികള്‍ക്ക് എത്രയും വേഗത്തില്‍ നോട്ടീസ് നല്‍കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതികളായ നടന്മാര്‍ പലരും നേരത്തെ തന്നെ കോടതികളില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ടെങ്കിലും ചോദ്യം ചെയ്യല്‍ അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുന്നതിന് ഇത് ബാധിക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
◾ സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പീഡന പരാതിയില്‍ 30 ദിവസത്തേക്ക് രഞ്ജിത്തിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതി രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
പെരുമാറ്റച്ചട്ടം ആവശ്യപ്പെട്ട് ഡബ്ലുസിസി.
◾ മലയാള സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം ആവശ്യപ്പെട്ട് ഡബ്ലുസിസി. സിനിമയിലെ എല്ലാ തൊഴിലുകള്‍ക്കും കൃത്യമായ കരാര്‍ കൊണ്ടു വരണമെന്ന് വനിതാ കൂട്ടായ്മ ആവശ്യപ്പെട്ടു. ലൈംഗികാതിക്രമങ്ങള്‍ തടയാനുളള വ്യവസ്ഥകളും കരാറിന്റെ ഭാഗമാക്കണമെന്നും സംഘടന ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ആനകളെ കൊണ്ടുവരുന്നത് താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി.
◾ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആനകളെ കൊണ്ടുവരുന്നത് താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. ഡിവിഷന്‍ ബഞ്ചിന്റേതാണ് നടപടി. പിടികൂടിയ ആനകളുടെ കൈമാറ്റം സംബന്ധിച്ച ചട്ടങ്ങള്‍ പ്രകാരമാണ് ഇടക്കാല ഉത്തരവ്.
◾ ലോക ബാങ്ക് വിദഗ്ദ്ധ സമിതി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. കേരളത്തിലേക്ക് വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയില്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലുമായി സഹകരിക്കാന്‍ ലോകബാങ്കിന് താത്പര്യം ഉള്ളതായി അവര്‍ അറിയിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
◾ മെഡിസെപ്പ് പദ്ധതിയില്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 1485 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങള്‍. ഇതില്‍ 1341.12 കോടി രൂപയും സ്വകാര്യ ആശുപത്രികളിലെ ചികിത്സകള്‍ക്കായാണ് നല്‍കിയതെന്നും ധനകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
◾ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഓണത്തിന് അഞ്ച് കിലോ അരി വീതം വിതരണം ചെയ്യുന്നത് കുട്ടികളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് അഞ്ച് കിലോ അരിവിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ജി എച്ച് എസ് എസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
◾ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അഭിഭാഷക പാനലില്‍ കോണ്‍ഗ്രസ് നേതാവും പുതുപ്പള്ളി എം.എല്‍.എയുമായ ചാണ്ടി ഉമ്മന്‍. അഭിഭാഷക പാനലിലേക്ക് രണ്ട് വര്‍ഷം മുമ്പാണ് അപേക്ഷിച്ചതെന്നും ഇത് രാഷ്ട്രീയ നിയമനമല്ലെന്നുമാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.
◾ ചങ്ങനാശ്ശേരി വാഴപ്പള്ളി കല്‍ക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം മഴയില്‍ തകര്‍ന്ന മതില്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ പുനര്‍നിര്‍മിക്കാന്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. നിര്‍മാണ ചെലവ് ചങ്ങനാശേരി മുനിസിപ്പാലിറ്റിയുടെ ഗ്രാന്റില്‍നിന്ന് ഈടാക്കാനും നിര്‍ദേശിച്ചു.
◾ കോഴിക്കോട് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമി തിരോധനക്കേസ് അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് സംഘം വെളളിമാടുകുന്നിലെ മാമിയുടെ വീട്ടിലെത്തി. കേസ് അന്വേഷിച്ച പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോപിച്ച കുടുംബം ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ ഇത് പരാതിയായി നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു.
◾ പാംമ്പ്ള ഡാം പുലര്‍ച്ചെ ഒരു മണി മുതല്‍ തുറക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് ഇടുക്കി കളക്ടര്‍. പെരിയാറിന്റെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
◾ രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എ നാല് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. അയോധ്യയിലെ പ്രതിഷ്ഠാദിനത്തില്‍ ബെംഗളൂരുവിലെ ബി.ജെ.പി ഓഫീസില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നു എന്ന കണ്ടെത്തലും കുറ്റപത്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
◾ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് നിലപാട് മയപ്പെടുത്താത്തതോടെ ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന സൂചനയുമായി ആം ആദ്മി പാര്‍ടി. തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ തയ്യാറാണെന്നും 90 സീറ്റിലേക്കും സ്ഥാനാര്‍ഥികളായെന്നും പാര്‍ടി ദേശീയ വക്താവ് സജ്ഞയ് സിങ് എംപി പറഞ്ഞു. പത്ത് സീറ്റ് ആവശ്യപ്പെട്ട എഎപിക്ക് മുന്നില്‍ നാല് മുതല്‍ ആറ് സീറ്റ് വരേയേ നല്‍കാനാകൂ എന്ന നിലപാടാണ് കോണ്‍ഗ്രസ് വെച്ചത്.
◾ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. 20 പേരുടെ പട്ടികയാണ് എ.എ.പി. പുറത്തുവിട്ടത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് കരുതപ്പെടുന്ന ഭൂപീന്ദര്‍ സിങ് ഹൂഡ മത്സരിക്കുന്ന ഗഢി സംപ്ല- കിലോയിലും ഗുസ്തി താരം വിനേഷ് ഫോഗട്ട് മത്സരിക്കുന്ന ജുലാനയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
◾ സംസ്ഥാനത്തെ സുരക്ഷ ഉപദേഷ്ടാവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മണിപ്പൂര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ നടത്തിയ പ്രതിഷേധത്തില്‍ വ്യാപക സംഘര്‍ഷം. പ്രതിഷേധക്കാര്‍ രാജ്ഭവന്റെ കവാടത്തിന് നേരെ കല്ലേറിഞ്ഞു. തൗബാലില്‍ ജില്ലാ ആസ്ഥാനത്തെ ദേശീയ പതാക അഴിച്ചുമാറ്റി മെയ്തെയ് പതാക കെട്ടി. സംഘര്‍ഷത്തില്‍ അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു.
◾ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായരംഗത്തെ പ്രമുഖര്‍ എന്നിവര്‍ സംബന്ധിച്ചു.
◾ ത്രിരാഷ്ട്ര ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് സ്വന്തമാക്കി സിറിയ. ഇന്ത്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സിറിയ ഫുട്ബോള്‍ കിരീടം സ്വന്തമാക്കിയത്.
WIN-WIN Result