ഓരോ 20 കിലോമീറ്ററിലും ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ;വിപ്ലവ നീക്കവുമായി കേന്ദ്രം
ചാർജിംഗ് സ്റ്റേഷനുകൾ കൂടുതൽ പേരെ ഇ.വിയിലേക്ക് ആകർഷിക്കും.
തിരുവനന്തപുരം:ചാർജിംഗ് സ്റ്റേഷനുകൾ സാർവത്രികമാകുന്നതോടെ ഇ.വിയിലേക്കുള്ള കുത്തൊഴുക്ക് വർധിക്കുമെന്ന പ്രതീക്ഷയാണ് സർക്കാരിനുള്ളത്
വൈദ്യുത വാഹനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കാനായി സബ്‌സിഡി നൽകി മുന്നോട്ടു പോകുന്ന കേന്ദ്രത്തിന്റെ അടുത്ത ഊന്നൽ ചാർജിംഗ് സൗകര്യങ്ങൾ വർധിപ്പിക്കുന്ന കാര്യത്തിൽ. 2030ഓടെ രാജ്യത്തെ പ്രധാന റോഡുകളിൽ 20 കിലോമീറ്റർ ഇടവിട്ട് ഇ.വി ചാർജിംഗ് സ്‌റ്റേഷനുകൾ തുറക്കാനാണ് കേന്ദ്രത്തിൻ്റെ നീക്കം.
വൈദ്യുത വാഹനങ്ങൾ വാങ്ങുന്നവരുടെ പ്രധാന പ്രശ്‌നം ആവശ്യത്തിന് ചാർജിംഗ് പോയിന്റുകൾ ഇല്ലെന്നതായിരുന്നു. ഈ പ്രതിസന്ധി മറികടന്നാൽ മാത്രമേ ഇ.വിയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ സാധിക്കൂവെന്ന തിരിച്ചറിവിലാണ് കേന്ദ്രത്തിൻ്റെ പുതിയ നീക്കം. കേന്ദ്ര ഊർജ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗരേഖയിൽ ഇ.വി സ്റ്റേഷനുകൾ സ്ഥാപിക്കാനായി റോഡുകളുടെ പ്രധാന്യമനുസരിച്ച് മേഖലകളെ തിരിച്ചിട്ടുണ്ട്.
സർക്കാർ ഭൂമിയിലും ഇ.വി സ്റ്റേഷനുകൾ.
ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കേന്ദ്ര സർക്കാരിൻ്റെ കൈവശമുള്ള സ്ഥലങ്ങൾ പാട്ടത്തിന് നൽകും. സംരംഭകരുമായി വരുമാനം പങ്കിടുന്ന രീതിയിലാകും ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുക. ലേലം നടത്തി സർക്കാർ സ്ഥാപനങ്ങൾക്ക് അവരുടെ സ്ഥലം വിട്ടുനൽകാം. ഒരു യൂണിറ്റ് വൈദ്യുതിക്ക് ഒരു രൂപ തറവില അടിസ്ഥാനമാക്കിയാകും ലേലം.
സ്വകാര്യ ഏജൻസികളുമായി വരുമാനം പങ്കിടുന്നതിനൊപ്പം സർക്കാർ സ്ഥാപനങ്ങൾക്ക് സ്വന്തം നിലയിൽ ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കാനും കേന്ദ്രം പുറത്തിറക്കിയ മാർഗരേഖ പ്രോത്സാഹിപ്പിക്കുന്നു.
മാളുകളിലും ആശുപത്രികളിലും.
ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങാനെത്തുന്നവർക്ക് യാതൊരു വിധത്തിലുള്ള തടസങ്ങളും ഉണ്ടാകുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തും. മെട്രോ നഗരങ്ങളിൽ 3 ദിവസത്തിനകം വൈദ്യുതി കണക്ഷൻ നൽകണം. മുനിസിപ്പൽ പ്രദേശങ്ങളിൽ ഏഴു ദിവസവും ഗ്രാമീണ മേഖലയിൽ ഇത് 15 ദിവസവുമാണ്. ഓഫീസ് സമുച്ചയങ്ങൾ, തീയറ്റർ, ആശുപത്രികൾ, റസിഡൻഷ്യൽ മേഖലകൾ എന്നിവിടങ്ങളിലെല്ലാം ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങാം. ഇതിനായി സർക്കാർ പിന്തുണ നൽകും.
വലിയ വാഹനങ്ങൾക്ക് ദേശീയപാതകളിൽ 100 കിലോമീറ്റർ ഇടവിട്ട് ചാർജിങ് സ്റ്റേഷനുകൾ.
2030 ഓടെ ദേശീയ പാതകളിൽ വലിയ വാഹനങ്ങൾക്കുള്ള ചാർജിംഗ് പോയിൻ്റുകൾ ഓരോ 100 കിലോമീറ്ററിലും സ്ഥാപിക്കാനാണ് കേന്ദ്രത്തിൻന്റെ നീക്കം.ചാർജിംഗ് സ്റ്റേഷനുകൾ സാർവത്രികമാകുന്നതോടെ ഇ.വിയിലേക്കുള്ള കുത്തൊഴുക്ക് വർധിക്കുമെന്ന പ്രതീക്ഷയാണ് സർക്കാരിനുള്ളത്. രാജ്യത്ത് 25,000 ചാർജിംഗ് പോയിൻ്റുകൾ സ്ഥാപിക്കാനുള്ള പദ്ധതി കഴിഞ്ഞ ദിവസം മാരുതി സുസൂക്കി പ്രഖ്യാപിച്ചിരുന്നു.