പ്രധാന വാർത്തകൾ
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു.
പത്തനംതിട്ട : എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം. അപകത്തിൽ അഞ്ച് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു.എരുമേലി കണമല അട്ടിവളവിൽ ഇന്നലെ
രാത്രിയോടെയാണ് അപകടമുണ്ടായത്.എരുമേലിയിൽ നിന്ന് പമ്പയിലേക്ക് പോയ തമിഴ്നാട് നാമക്കൽ സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന അഞ്ച് തീർത്ഥാടകർക്കാണ് പരിക്കേറ്റത്. പരുക്കേറ്റവരെ എരുമേലിയിലെ ആശുപത്രിയിലേക്ക് മാറ്റി. അരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.ഇന്ന് വിദ്യാഭ്യാസ ബന്ദ്
സംസ്ഥാന വ്യാപകമായി കോളജുകളിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ്. നാലുവർഷ ഡിഗ്രി കോഴ്സ് ഫീസ് വർധനയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം
ചെയ്തിരിക്കുന്നത്. കേരള – കാലിക്കറ്റ് സർവകലാശാലകളുടെ നാലുവർഷ ബിരുദ കോഴ്‌സുകളിലേക്കുള്ള പരീക്ഷാഫീസ് ക്രമാനുഗതമായി വർധിപ്പിച്ച നടപടി കേരളത്തിലെ വിദ്യാർഥികൾക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് എഐഎസ്എഫ്. ആരോപിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി നൈജീരിയുടെ ‘ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി നൈജര്‍’ ദേശീയ പുരസ്‌കാരം നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവില്‍ നിന്ന് ഏറ്റുവാങ്ങി. 1969ല്‍ എലിസബത്ത് രാജ്ഞിക്ക് നല്‍കിയ ശേഷം ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്ന വിദേശ നേതാവ് കൂടിയാണ് നരേന്ദ്ര മോദി.
ബിജെപിക്ക് തിരിച്ചടിയായി നാഷണൽ പീപ്പിൾസ് പാർട്ടി എൻഡിഎ സഖ്യം വിട്ടു.
മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനിടെ ബിജെപിക്ക് തിരിച്ചടിയായി നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്‍ഡിഎ സഖ്യം വിട്ടു. സംസ്ഥാന സര്‍ക്കാറിനുള്ള പിന്തുണ എന്‍പിപി പിന്‍വലിച്ചു. ഇക്കാര്യം അറിയിച്ച് എന്‍പിപി ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് കത്ത് നല്‍കി. മണിപ്പുരില്‍ വംശീയ കലാപം നിയന്ത്രിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയമാണെന്ന് എന്‍പിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മ പറഞ്ഞു.
മണിപ്പൂർ കലാപം അമിത് ഷാ യോഗം വിളിച്ചു.
മണിപ്പൂര്‍ കലാപം അതിരൂക്ഷമായി തുടരുന്നതിനിടെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വീണ്ടും യോഗം വിളിച്ചു. ഇന്ന് 12 മണിക്ക് ഡല്‍ഹിയിലാകും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുക. സമാധാനം പുനഃസ്ഥാപിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ അമിത് ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
അമ്മയ്ക്കും കാമുകനും ജീവപര്യന്തം ശിക്ഷ.
തിരുവനന്തപുരം: വർക്കലയിൽ രണ്ടു വയസുകാരനായ ഏകലവ്യനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. വർക്കല ചെറുന്നിയൂർ സ്വദേശി 27കാരി ഉത്തരക്കും കാമുകൻ രജീഷിനുമാണ് കോടതി ശിക്ഷ വിധിച്ചത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജി കെ വിഷ്ണുവാണ് ഇരുവരെയും ശിക്ഷിച്ചത്. 2018 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സന്ദീപ് വാര്യർ പാണക്കാട് എത്തി.
ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ മുസ്ലിം ലീഗ് നേതാക്കളെ കാണാന്‍ പാണക്കാട് വീട്ടിലെത്തി. പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയുമടക്കമുള്ള മുസ്ലിം ലീഗ് നേതാക്കള്‍ സന്ദീപിനെ സ്വീകരിച്ചു. കൊടപ്പനക്കല്‍ തറവാട്ടില്‍ തനിക്ക് വലിയൊരു കസേരയാണ് കിട്ടിയതെന്നും ഇരിക്കുന്ന കസേരയുടെ മാഹാത്മ്യം അറിയാതെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ തനിക്കെതിരെ ആരോപണങ്ങള്‍ തുടരുന്നതെന്നും സന്ദീപ് പറഞ്ഞു.
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം
മാധ്യമങ്ങൾ മഹത്വവൽക്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം മാധ്യമങ്ങള്‍ മഹത്വവത്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്ദീപ് വാര്യര്‍ പാണക്കാട് പോകുന്നു എന്ന് വാര്‍ത്ത കണ്ടപ്പോള്‍ ബാബരി മസ്ജിദ് തകര്‍ത്ത ശേഷമുള്ള തെരഞ്ഞെടുപ്പാണ് ഓര്‍മ വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യുവാവും യുവതിയും ഇന്ന് വെളുപ്പിനെ
പാലത്തിൻെറ കൈവരിയിൽ ബൈക്ക് ഇടിച്ചു മരിച്ചു.
വയനാട് മേപ്പാടി കടൂർ സ്വദേശി നിവേദിത(21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിൻ(21) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് പാലത്തിന്റെ കൈവരിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.
മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
സിപിഎമ്മിൽ കൂട്ട കരച്ചിലെന്ന് കുഞ്ഞാലിക്കുട്ടി.
സന്ദീപ് വാര്യര്‍ ബി ജെ പി വിട്ടപ്പോള്‍ സി പി എമ്മില്‍ കൂട്ടക്കരച്ചിലാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വരെ പ്രയാസത്തിലാണെന്നും കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോൺഗ്രസ് വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്നുവെന്ന് കെ സുരേന്ദ്രൻ.
തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നായപ്പോള്‍ കോണ്‍ഗ്രസ് വര്‍ഗീയ ശക്തികളെ കൂട്ടുപിടിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടതിനെ കുറിച്ച് വിഡി സതീശന് മറുപടിയില്ലെന്നും വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ എന്നും സുരേന്ദ്രന്‍ ചോദിച്ചു. കോണ്‍ഗ്രസ് ഓഫീസ് നിറയെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കാട്ടാക്കടയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു.
തിരുവനന്തപുരം കാട്ടാക്കട പൂഴനാട് യുപി സ്കൂൾ കെട്ടിടം തകർന്നു വീണു. കെട്ടിടം കാലപ്പഴക്കം ചെന്ന് ജീർണാവസ്ഥയിൽ ആയിരുന്നു. സ്കൂൾ സമയമല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സ്‌കൂൾ കെട്ടിടം തകർന്നുവീണത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് പ്രദേശത്ത് പെയ്തത്. മഴ ശക്തമായതോടെ ജീർണാവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു.
പാണക്കാട് തങ്ങളെ വിമർശിച്ചത് ദൗഭാഗ്യകരം എന്ന് സന്ദീപ് വാര്യർ .
തന്റെ സന്ദര്‍ശനത്തിന്റെ പേരില്‍ മുഖ്യമന്ത്രി പാണക്കാട് തങ്ങളെ വിമര്‍ശിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് സന്ദീപ് വാര്യര്‍. പാലക്കാട്ട് സിപിഎം ബിജെപി അഡ്ജസ്റ്റ്മെന്റ് ഉണ്ടെന്ന് പറഞ്ഞ സന്ദീപ് വാര്യര്‍ താന്‍ സിപിഎമ്മിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പറഞ്ഞു. ഇനി ബിജെപിയെ വിമര്‍ശിക്കാനില്ലെന്നും താന്‍ തല്ലിയാല്‍ അത് നന്നാവില്ലെന്നും രമ്യ ചേലക്കരയില്‍ പാട്ടും പാടി ജയിക്കുമെന്നും പാലക്കാട്ടെ നായകന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയാണെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.
പാലക്കാട്ട് ഇന്ന് കൊട്ടിക്കലാശം.
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൻറെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഒരു മാസത്തോളം നീണ്ടുനിന്ന പ്രചാരണം വൈകീട്ട് ആറിന് കൊട്ടിക്കലാശത്തോടെയാണ് സമാപിക്കുക. മൂന്ന് മുന്നണി സ്ഥാനാർത്ഥികളുടെയും റോഡ് ഷോ ഉച്ചയ്ക്ക് ആരംഭിക്കും.
എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്താണ് സമാപിക്കുക. അതിനിടെ ഇന്ന് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇടതുമുന്നണി.യുഡിഎഫ് സ്ഥാനാ൪ത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻറെ റോഡ് ഷോ ഉച്ചയ്ക്ക് രണ്ടിന് ഒലവക്കോട് നിന്ന് തുടങ്ങും. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി.സരിന്റെ റോഡ്ഷോ വൈകീട്ട് നാലിന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിന്റെ റോഡ് ഷോ മേലാമുറി ജങ്ഷനിൽ നിന്നുമാണ് തുടങ്ങുക. പി.സരിൻ കോൺഗ്രസ് വിട്ട് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായത് മുതൽ സന്ദീപ് വാര്യറുടെ കോൺഗ്രസ് പ്രവേശം വരെ ഒട്ടേറെ ട്വിസ്റ്റുകൾക്കാണ് ഈ കാലയളവിൽ പാലക്കാട് സാക്ഷിയായത്.
സീപ്ലെയിൻ പദ്ധതി നിർത്തിവെക്കണമെന്ന് തൊഴിലാളി സംഘടനകൾ.
സീ പ്ലെയിന്‍ പദ്ധതി താത്കാലിമായി നിര്‍ത്തിവയ്ക്കണമെന്ന് മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി. സീ പ്ലെയിന്‍ വിഷയം മത്സ്യ തൊഴിലാളി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണം. ചര്‍ച്ച ചെയ്യുന്നത് വരെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. സിഐടിയു, എഐടിയുസി നേതാക്കള്‍ അടക്കം പങ്കെടുത്ത യോഗത്തിലാണ് മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി നിലപാട് വ്യക്തമാക്കിയത്.
വയനാട് സഹായം ഇനിയും വൈകും.
വയനാട് ദുരന്തത്തില്‍ ധനസഹായം നിശ്ചയിക്കാനുള്ള ഉന്നതാധികാര സമിതി യോഗം ചേരാന്‍ ഇനിയും വൈകുമെന്ന് സൂചന. പുനരധിവാസത്തിനുള്ള സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനം ഇനിയും കൈമാറാത്ത സാഹചര്യത്തിലാണ് നടപടികള്‍ നീളുന്നത്. വയനാട്ടില്‍ സ്ഥലമേറ്റെടുക്കുന്നതിലെ കാലതാമസം കോടതിയിലടക്കം സാങ്കേതിക തടസമായി കേന്ദ്രം ഉന്നയിച്ചേക്കും.
ശബരിമല തീർത്ഥാടകർ പൂങ്കാവനത്തിലെ പരിശുദ്ധി കാത്തുസൂക്ഷിക്കണമെന്ന് തന്ത്രി.
ശബരിമല ദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ അയ്യപ്പന്റെ പൂങ്കാവനത്തിന്റെ പരിശുദ്ധി കൂടി കാത്തു സൂക്ഷിക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവര്. പരിസ്ഥിതിക്കും ആചാരത്തിന് വിരുദ്ധമായ പല ഉല്‍പ്പനങ്ങളും ഇരുമുടികെട്ടില്‍ കരുതുന്നത് ഉപേക്ഷിക്കണമെന്ന് തന്ത്രി പറഞ്ഞു. മാളിക പുറത്തും ചില തെറ്റായ പ്രവണതകള്‍ തുടരുന്നത് ഭക്തര്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപെട്ടു.
കൂടുതൽ മെഡിക്കൽ യൂണിറ്റുകൾ അനുവദിച്ചു എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കോഴിക്കോട്ട് ഹർത്താലിനിടെ സംഘർഷം.
കോണ്‍ഗ്രസ് കോഴിക്കോട്ട് നടത്തിയ ഹര്‍ത്താലിനിടെ സംഘര്‍ഷം. ഹര്‍ത്താല്‍ അനുകൂലികള്‍ സ്വകാര്യ ബസുകള്‍ തടയുകയും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും ചെയ്തു. ബസ് ജീവനക്കാരും കടയുടമകളും സമരാനുകൂലികളും തമ്മില്‍ വാക്കേറ്റമുണ്ടായി.
റവന്യൂ ഭൂമി അനുവദിച്ചു.
ശബരിമല റോപ്വേക്ക് വനഭൂമിക്ക് പകരം റവന്യു ഭൂമി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. 4.5336 ഹെക്ടര്‍ വനഭൂമിക്ക് പകരം കൊല്ലം കുളത്തൂപുഴയില്‍ അത്ര തന്നെ ഭൂമി അനുവദിച്ചു. ആറ് മാസത്തിനകം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് റോപ്പ് വേ ഓപ്പറേഷന്‍സ് മേധാവി ഉമാ നായര്‍ പറഞ്ഞു. .
കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ ഏറ്റു.
വയനാട് മുട്ടില്‍ ഡബ്ല്യുഒ യുപി സ്‌കൂളിലെ 17 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. കുട്ടികളെ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി, ഛര്‍ദി, വയറിളക്കം എന്നിവയെ തുടര്‍ന്നാണ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുറുവ സംഘം തന്നെ എന്ന് പോലീസ്.
ആലപ്പുഴ മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. എറണാകുളം കുണ്ടന്നൂര്‍ പാലത്തിന് താഴെ നിന്നും പിടിയിലായ സന്തോഷ് സെല്‍വന്‍ കുറുവാ സംഘാംഗമാണെന്നും ഇയാളാണ് മണ്ണഞ്ചേരിയിലെത്തിയതെന്നും ആലപ്പുഴ ഡിവൈഎസ്പി മധു ബാബു വ്യക്തമാക്കി.
കുറുവാ സംഘത്തിൽ 14 പേർ.
കുറുവാ സംഘത്തില്‍പ്പെട്ട 14 പേരാണ് കേരളത്തിലെത്തിയതെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എറണാകുളം കുണ്ടന്നൂരില്‍ നിന്നും കസ്റ്റഡിയിലെടുത്ത സന്തോഷ് സെല്‍വത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ നിന്നും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
ആരോഗ്യവകുപ്പ് പരിശോധന നടത്തി.
തലശ്ശേരി സ്വദേശികളായ സഹോദരങ്ങള്‍ കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ബീച്ചില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യാപക പരിശോധന നടത്തി. മരിച്ചവര്‍ക്ക് മഞ്ഞപ്പിത്തം ബാധിക്കാനിടയായത് കോഴിക്കോട് നിന്ന് ഭക്ഷണം കഴിച്ചതിനാലാണെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
വിനോദയാത്ര പോയ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റു.
സ്‌കൂളില്‍ നിന്നും വിനോദയാത്ര പോയ കുട്ടികള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടി. എറണാകുളം പറവൂരിലെ രണ്ട് സ്‌കൂുകളില്‍ നിന്ന് വിനോദയാത്ര പോയ കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പറവൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, നന്ത്യാട്ടുകുന്നം എസ്എന്‍വി സംസ്‌കൃത ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നീ സ്‌കൂളുകളിലെ 33 കുട്ടികളാണ് ചികിത്സ തേടിയത്.
പത്താം ക്ലാസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ.
നേമത്ത് പത്താം ക്ലാസുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അനന്തകൃഷ്ണന്‍( 15) ആണ് മരിച്ചത്. എന്താണ് കുട്ടിയുടെ മരണ കാരണമെന്ന് വ്യക്തമല്ല. നേമം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മോചന ഉത്തരവ് ഉണ്ടായില്ല.
സൗദി അറേബ്യയിലെ റിയാദ് ജയിലില്‍
കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചന കേസില്‍ ഇന്നലേയും മോചന ഉത്തരവ് ഉണ്ടായില്ല. സിറ്റിങ് പൂര്‍ത്തിയായായെങ്കിലും വിധി പറയല്‍ രണ്ടാഴ്ചക്ക് ശേഷമെന്ന് കോടതി അറിയിച്ചു.
ഡിസംബർ എട്ടിന് കേസ് കേൾക്കും.
സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ കേസ് കേള്‍ക്കാന്‍ കോടതി ഡിസംബര്‍ എട്ടിന് ഞായറാഴ്ച രാവിലെ 9:30 ന് സമയം നല്‍കിയതായി റിയാദ് റഹിം സഹായ സമിതി അറിയിച്ചു. കേസ് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതോടെ റഹീമിന്റെ ജയില്‍ മോചനം ഇനിയും വൈകും.
മംഗളൂരുവിൽ യുവതികൾ മുങ്ങിമരിച്ചു.
മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു. മൈസൂര്‍ സ്വദേശികളായ എംഡി നിഷിത (21), എസ് പാര്‍വതി (20), എന്‍ കീര്‍ത്തന (21) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. നീന്തല്‍ കുളത്തിലിറങ്ങിയപ്പോള്‍ യുവതികള്‍ അപകടത്തില്‍ പെടുകയായിരുന്നു.
മന്ത്രി കൈലാഷ് ഗെലോട്ട് ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു.
മന്ത്രി കൈലാഷ് ഗെലോട്ട് ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. അരവിന്ദ് കെജ്രിവാളിനാണ് ഗതാഗത മന്ത്രിയായ ഗെലോട്ട് രാജിക്കത്ത് നല്‍കിയത്. എഎപിക്കും കെജ്രിവാളിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് രാജിക്കത്ത്.
മുൻ ബി ജെ പി എം എൽ എ അനിൽ ഝാ ആംആദ്മിയിൽ ചേർന്നു.
മുൻ ബി ജെ പി എം എൽ എ അനിൽ ഝാ ആംആദ്മിയിൽ ചേർന്നു. ആം ആദ്മി വിട്ട കൈലാഷ് ഗെഹ്ലോട്ട് ബി ജെ പിയിൽ ചേർന്നേക്കുമെന്ന വാർത്തകൾക്കിടെയാണ് ആം ആദ്മിയുടെ അപ്രതീക്ഷിത നീക്കം. എ എ പി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തിലാണ് അനിലിന്റെ പാർട്ടി പ്രവേശം. താഴെ തട്ടിലുള്ള ദളിത് വിഭാഗങ്ങൾക്ക് വേണ്ടി കെജ്രിവാൾ നടത്തിയ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് താൻ ആം ആദ്മിയിൽ ചേർന്നതെന്ന് അനിൽ ഝാ പറഞ്ഞു.
കസ്തൂരിയെ റിമാൻഡ് ചെയ്തു.
തെലുങ്കര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ അറസ്റ്റിലായ നടിയും ബിജെപി അനുഭാവിയുമായ കസ്തൂരിയെ ഈ മാസം 29 വരെ റിമാന്‍ഡ് ചെയ്തു. നടിയെ ജയിലിലേക്ക് മാറ്റും. രാഷ്ട്രീ അരാജകത്വം അവസാനിക്കട്ടെയെന്നായിരുന്നു കോടതിയില്‍ എത്തിച്ചപ്പോള്‍ കസ്തൂരി മാധ്യമങ്ങളോട് പ്രതികരിച്ചത്.
തടവുകാരെ മോചിപ്പിച്ചു.
ഒമാന്‍ ദേശീയ ദിനം പ്രമാണിച്ച് 174 തടവുകാര്‍ക്ക് മോചനം നല്‍കിയതായി പ്രഖ്യാപിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. ഇന്നലെയാണ് റോയല്‍ ഒമാന്‍ പൊലീസ് ഇക്കാര്യം എക്സ് പ്ലാറ്റ്ഫോം വഴി അറിയിച്ചത്. മോചനം ലഭിക്കുന്നവരില്‍ ഒമാന്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്നു. വിവിധ കേസുകളില്‍ തടവുശിക്ഷ അനുഭവിക്കുന്നവരാണ് ഇവര്‍.
ആശുപത്രിക്ക് ഗുരുതര വീഴ്ച.
യു പിയിലെ ത്സാന്‍സി മെഡിക്കല്‍ കോളേജില്‍ 10 നവജാത ശിശുക്കള്‍ വെന്തുമരിച്ച സംഭവത്തില്‍ ആശുപത്രിക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. പത്ത് കുട്ടികളെ കിടത്താവുന്ന ഐ സി യുവില്‍ കിടത്തിയത് അമ്പതിലധികം കുട്ടികളെയായിരുന്നു. യു പി സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം.
അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ട്.
ഉത്തര്‍പ്രദേശ് ഝാന്‍സിയിലെ മഹാറാണി ലക്ഷ്മി ഭായി മെഡിക്കല്‍ കോളേജില്‍ 10 നവജാത ശിശുക്കള്‍ വെന്തുമരിച്ച സംഭവത്തിന് കാരണമായ തീപ്പിടിത്തത്തിന് വഴിവെച്ചത് സ്വിച്ച്ബോര്‍ഡിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതിയുടെ കണ്ടെത്തല്‍.
ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടു.
ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. മധ്യ ബയ്‌റുത്തില്‍ ഇന്നലെയുണ്ടായ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. സിറിയന്‍ ബാത്ത് പാര്‍ട്ടിയുടെ ലെബനനിലെ റാസ് അല്‍ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
രോഹിത് ശർമ കളിക്കില്ല.
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ ട്രോഫിക്കുവേണ്ടിയുള്ള ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കില്ല. രോഹിതിന്റെ ഭാര്യ റിതിക വെള്ളിയാഴ്ചയാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കയിത്. ഇതിനെ തുടര്‍ന്നാണ് രോഹിത് നാട്ടില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചത്.