ഒരു പവൻ ആഭരണത്തിന് കേരളത്തിൽ എത്ര നൽകണം?
ഇന്ന് 1200 മാണ്ട് മകരം 4 വെള്ളിയാഴ്ച.
By KURIAKOSE NIRANAM
കേരളത്തിൽ ഇന്ന് സ്വർണ വില റെക്കോഡിലേക്ക്.
ഇന്ന് ഗ്രാമിന് 60 രൂപ വർധിച്ച് 7,450 രൂപയും പവന് 480 രൂപ ഉയർന്ന് 59,600 രൂപയുമായി. കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള റെക്കോഡ് വിലയായ ഗ്രാമിന് 7,455 രൂപയിൽ നിന്ന് വെറും അഞ്ച്രൂപ മാത്രം അകലെയാണ് ഇന്നത്തെ വില. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വർണ വിലയിൽ 1,080 രൂപയുടെ ഉയർച്ചയാണ് രേഖപ്പെടുത്തിയത്.എന്നാൽ ഇന്ന് രാജ്യാന്തര വിലയിൽ കുറവ് സംഭവിച്ചിട്ടുണ്ട്.അതിനാൽ കേരളത്തിൽ നാളെ വില കുറയുവാനാണ് സാധ്യത.
18 കാരറ്റ് സ്വർണ വിലയും ഇന്ന് ഗ്രാമിന് 50 രൂപ വർധിച്ച് 6,140 രൂപയായി. വെള്ളി വില ഗ്രാമിന് 99 രൂപയിൽ വിശ്രമിക്കുന്നു.
കേരളത്തിൽ വിവാഹ പർച്ചേസുകാർക്ക് ഉൾപ്പെടെ തിരിച്ചടിയാണ് സ്വർണത്തിൻ്റെ മുന്നേറ്റം.എന്നാൽ സ്വർണ ഇറക്കുമതിക്ക് കഴിഞ്ഞ ബജറ്റിൽ വരുത്തിയ ഇളവ് പുതിയ ബജറ്റിൽ നീക്കിയെക്കുമെന്ന സൂചനകൾ ആഭ്യന്തര വിപണിയിൽ ഡിമാൻഡ് ഉയർത്തുന്നുണ്ട്.
വ്യാപാര കമ്മി കുറക്കാനാണ് ഇറക്കുമതി തീരുവ പുനസ്ഥാപിക്കുന്നതിനെ കുറിച്ച് കേന്ദ്രം ആലോചിക്കുന്നത്. 2023 ഡിസംബറിൽ 18.76 ബില്യൺ ഡോളറായിരുന്ന വ്യാപാരകമ്മി ഡിസംബറിൽ 21.94 ബില്യൺ ആയി ഉയർന്നു.
വില ഇനിയും ഉയരുമോ?
രാജ്യാന്തര വിലക്കനുസരിച്ചാണ് കേരളത്തിലും വില വർദ്ധിക്കുന്നത്. ഇന്നലെ ഒരു ഔൺസ് സ്വർണ വില 2,726 ഡോളറിലെത്തി.നിലവിൽ 2,706 ഡോളറിലാണ് വ്യാപാരം.കഴിഞ്ഞ ഒക്ടോബർ 31ന് കുറിച്ച 2,790 ഡോളറാണ് സ്വർണത്തിൻ്റെ റെക്കോഡ് വില.രാജ്യാന്തര വിലയിൽ ഇന്ന് കുറവ് സംഭവിച്ചിട്ടുണ്ട്.
അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് പ്രതീക്ഷിച്ചതിലും മുൻപ് കുറച്ചേക്കുമെന്ന സൂചനകളാണ് സ്വർണത്തെ ഉയർത്തുന്നത്. യു.എസ് കടപ്പത്രങ്ങളുടെ നേട്ടം 4.26 ശതമാനമായി കുറഞ്ഞതും സ്വർണത്തിന് ഗുണമായി.
അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് എത്തുന്നത് വലിയ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വഴി വയ്ക്കുമെന്നാണ് വിലയിരുത്തുന്നത്. ഇത് സുരക്ഷിത നിക്ഷേപമെന്ന പെരുമയുള്ള സ്വർണത്തിലേക്ക് നിക്ഷേപം നീക്കാൻ വഴിയൊരുക്കുമെന്നും സ്വർണവില വീണ്ടും വർധിക്കുമെന്നുമാണ് നിരീക്ഷകരുടെ വിലയിരുത്തൽ
ഒരു പവൻ ആഭരണത്തിന് നൽകേണ്ടത്?
ഇന്ന് ഒരു പവൻ സ്വർണാഭരണത്തിന് വില 59,600 രൂപയാണ്. എന്നാൽ നിങ്ങൾക്കിഷ്ടപ്പെട്ട ഒരു പവൻ ആഭരണം കടയിൽ നിന്ന് വാങ്ങാൻ കൂടുതൽ തുക മുടക്കണം. ഇന്നത്തെ ഒരു പവൻ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി,സ്വർണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി,45 രൂപ ഹാൾമാർക്ക് ചാർജ്,അതിന് 18 ശതമാനം നികുതി എന്നിവയും ചേർത്ത് കൃത്യമായി പറഞ്ഞാൽ 64,511 രൂപ നൽകേണ്ടി വരും.തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകൾക്കനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം വരും. ഇത് വിലയിലും മാറ്റം വരുത്തും.